ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
ദീപം: ഒരു സചിത്രമാസികയായി എറണാകുളത്തു വി. വി. പബ്ലീഷിംഗ് ഹൗസിൽനിന്നു 1105 ചിങ്ങമാസം (1930) മുതൽ ആരംഭിച്ചതാണു ദീപം. പ്രസാധകപ്രമുഖനായ തോമസ് പോളായിരുന്നു അതിൻ്റെ ഉടമസ്ഥൻ. അദ്ദേഹം മരിക്കുന്നതുവരെ — 1108 വരെ — പ്രസ്തുത മാസിക ഏററവും നല്ല നിലയിൽത്തന്നെ നടന്നിരുന്നു. അന്നു മൂർക്കോത്തു കുമാരനായിരുന്നു പ്രധാന പത്രാധിപർ. ഇന്നു പ്രസ്തുത മാസിക ഒരു ദിനപ്പത്രമായി എറണാകുളത്തുനിന്നുതന്നെ പുറപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്”.
മലബാർമെയിൽ: എറണാകുളം മാർ ലുയീസ് മെമ്മോറിയൽ പ്രസ്സിൽനിന്നു 1936 ജനുവരി മുതൽ ആരംഭിച്ച ഒരു പ്രതിദിനപ്പത്രമാണു മലബാർമെയിൽ. 1961-ൽ അതിൻ്റെ രജതജൂബിലിസ്മാരകമായി ഒരു ‘ജൂബിലി സുവനീർ’ തൽപ്രവർത്തകന്മാർ പുറപ്പെടുവിച്ചിട്ടുണ്ടു്.
കേരളത്തിലെ പത്രങ്ങൾ: ഇനിയും അനേകം വൃത്താന്തപത്രങ്ങളെപ്പറ്റി പ്രസ്താവിക്കുവാനുണ്ട്. ലേഖനദൈർഘ്യം അതിനൊരു തടസ്സമായിത്തീരുന്നു. ലോകത്തിൽ ഒട്ടാകെ ഇന്നു് 8000 ദിനപ്പത്രങ്ങളാണുള്ളതു്. ഇന്ത്യയിൽനിന്നു് ഏതാണ്ടു് 320 എണ്ണം പുറപ്പെടുന്നുണ്ടത്രേ. അവയിൽ നാല്പതോളം ദിനപ്പത്രങ്ങൾ നമ്മുടെ കേരളത്തിൽനിന്നുമാണു പുറപ്പെടുന്നതെന്നുള്ളതിൽ നമുക്ക് അഭിമാനിക്കാം. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിൽനിന്നുമാണ് പ്രസ്തുത പത്രങ്ങളിൽ ബഹുഭൂരിഭാഗവും പുറപ്പെട്ടുകൊണ്ടിരിക്കുന്നതു്.
കേരളത്തിൽനിന്നു പുറപ്പെട്ടുകൊണ്ടിരിക്കുന്ന വൃത്താന്തപത്രങ്ങൾ മിക്കവയും (പ്രതിദിനപ്പത്രങ്ങൾ മാത്രമല്ല, എല്ലാവിധ വൃത്താന്തപത്രങ്ങളും) ഏതെങ്കിലും മതവിഭാഗങ്ങളുടെയോ സമുദായവിഭാഗങ്ങളുടെയോ മാത്രമാണു്. അതുകൊണ്ടു തരക്കേടില്ല, വർഗ്ഗീയമനോഭാവം വളർത്താതിരുന്നാൽ. ജനങ്ങളുടെ ആവശ്യവും അഭിരുചിയുമറിഞ്ഞു വാർത്താ വിതരണം നിർവ്വഹിക്കുകയാണല്ലോ പത്രധർമ്മം. നാട്ടിൽ നടക്കുന്ന സാമ്പത്തികവും സാമൂഹ്യവും, സാംസ്‌കാരികവും, രാഷ്ട്രീയവുമായ സംഭവ വികാസങ്ങളുടെ പ്രതിഫലനം അവയിൽക്കൂടി എപ്പോഴും പ്രകാശിപ്പിച്ചുകൊണ്ടിരിക്കണം. അതു സത്യസന്ധവും വസ്തുനിഷ്ഠവുമായിരിക്കയും വേണം. വർഗ്ഗീയവും പ്രാദേശികവുമായ സങ്കുചിതമനോഭാവം ഒരുവിധത്തിലും വളർത്താതെ ജനസമുദായങ്ങളെ ഒരു ചരടിലിണക്കിക്കോർത്തു രാഷ്ട്രത്തിനുവേണ്ടിത്തന്നെ — സുഖസമാധാനങ്ങൾക്കുവേണ്ടിത്തന്നെ — പണിയെടുക്കുവാൻ പ്രേരണചെലുത്തുന്നവയായിത്തീരണം അവ ഓരോന്നും. ജനസമുദായങ്ങളുടെ വൈകാരികവും ദേശീയവുമായ ഉൽഗ്രഥനം അതുവഴിക്കേ നടക്കുകയുള്ളൂ. രാജ്യത്തിലെ സകല ചലനങ്ങളുടേയും ശക്തികേന്ദ്രമായ വൃത്താന്തപത്രങ്ങൾ അങ്ങനെയുള്ള ഒരു ഉന്നതാന്തരീക്ഷത്തിൽ നിന്നുകൊണ്ടു സ്വധർമ്മം എപ്പോഴും നിർവ്വഹിക്കപ്പെടുന്നപക്ഷം ജനതയുടെ ചിന്താഗതിയിൽ വമ്പിച്ച മാറ്റം സത്വരം സംഭവിക്കുകയും, അതു നമ്മെ നമ്മുടെ ലക്ഷ്യസ്ഥാനത്ത് അതിവേഗത്തിൽ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുമെന്നുള്ളതിൽ സംശയമില്ല.
