ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

മാതൃഭൂമി: കേരളത്തിലെ ഏററവും പ്രചാരമേറിയ ദിനപ്പത്രങ്ങളിൽ ഒന്നായ മാതൃഭൂമി കോഴിക്കോടുനിന്ന് ആരംഭിച്ചു. 1922 ഫെബ്രു വരി 15-ാം തീയതി ഒരു ലക്ഷം ഉറുപ്പിക മൂലധനത്തിൽ ‘മാതൃഭൂമിക്കമ്പനി’ രജിസ്റ്റർ ചെയ്യുകയും. 1923 മാർച്ച് 17-ാംതീയതി മുതൽ മാതൃഭൂമി ത്രൈവാരികയായി പുറപ്പെടുവിക്കുകയും ചെയ്തു. 1930 ഏപ്രിൽ 6-ാം തീയതി മുതൽ അതു ദിനപ്പത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങി. കെ. പി. കേശവമനോനായിരുന്നു പത്രാധിപർ. 1925-ൽ അദ്ദേഹം ആ സ്ഥാനം ഒഴിഞ്ഞതിനെത്തുടന്നു്, പി. രാമുണ്ണിമേനോൻ, കെ. കേളപ്പൻ, സി എച്ച് . കുഞ്ഞപ്പ, കുഞ്ഞിരാമപ്പൊതുവാൾ, പി. നാരാണയൻനായർ, കെ. ദാമോദരാമനോൻ, എം കെ. രാജാ, വി. എം. നായർ എന്നിവർ ഓരോ കാലത്തു പത്രാധിപത്യം വഹിക്കയുണ്ടായി. ഇപ്പോൾ കേശവ മേനോൻതന്നെയാണു് മാതൃഭൂമിയുടെ പ്രധാന പത്രാധിപരായിരിക്കുന്നതു്. കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടു്, വി. എം. നായർ തുടങ്ങിയവർക്കു മാതൃഭൂമിയുമായുള്ള ബന്ധം അതിൻ്റെ ആരംഭം മുതൽക്കേ ഉള്ളതാണു്. കേരളത്തിൽ ടെലിപ്രിന്റർ സവ്വീസും, റോട്ടറിപ്രസ്സും, മോണോടൈപ്പ് കമ്പോസിംഗ് ‌മെഷീനും ആദ്യമായേർപ്പെടുത്തിയ മലയാളപത്രം മാതൃഭൂമിയാണു്. 1962 മുതൽ എറണാകുളത്തും പ്രസ്തുത പത്രത്തിനു് ഒരു ശാഖ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടു്. രണ്ടു സ്ഥലങ്ങളിൽനിന്നു് ഒരേസമയം പ്രസിദ്ധീകരണം നിർവ്വഹിക്കുന്ന മലയാളദിനപ്പത്രം മാതൃഭൂമി ഒന്നുമാത്രമാണു്. 1923-ൽ ആയിരം കോപ്പി മാത്രം അച്ചടിച്ചുവന്ന ആ പത്രത്തിനു് ഇപ്പോൾ ഒരുലക്ഷത്തിലധികം പ്രതികൾ പ്രതിദിനം അടിക്കേണ്ടി വരുന്നു എന്നുള്ളത് അതിൻ്റെയും മലയാളപത്രപ്രവർത്തനത്തിന്റെയും പുരോഗതിയേയും പ്രചാരത്തേയും വ്യക്തമാക്കുകയാണല്ലോ ചെയ്യുന്നതു്.

മലയാളരാജ്യം: പ്രയത്നശാലിയായിരുന്ന കെ. ജി. പരമേശ്വരൻപിള്ള കൊല്ലത്തു ‘ശ്രീരാമവിലാസം’ എന്ന പേരിൽ ഒരു അച്ചുക്കൂടം സ്ഥാപിച്ചതിനെപ്പറ്റി ഇതിനുമുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. പരമേശ്വരൻപിള്ളയുടെ ഉടമസ്ഥതയിൽ പ്രസ്തുത പ്രസ്സിൽനിന്നുതന്നെ 1109 (1928) മുതൽ പ്രസിദ്ധീകരിച്ചുതുടങ്ങിയ ഒരു വൃത്താന്തപത്രമാണു് മലയാളരാജ്യം. വാരികയായി ആരംഭിച്ച ആ പ്രസിദ്ധീകരണം അതിവേഗത്തിൽ അഭിവൃദ്ധിയെ പ്രാപിക്കുകയായി. 1105-ൽ അതു് ഒരു ദിനപ്പത്രമായുയർന്നു. സി. വി. കുഞ്ഞുരാമൻ തുടങ്ങിയ പലരും ഓരോകാലത്തു് അതിൻ്റെ പത്രാധിപന്മാരായിരുന്നിട്ടുണ്ടു്. കേരളത്തിൽ ഇന്നു വളരെ പ്രസിദ്ധിയും പ്രചാരവുമേറിയ ദിനപ്പത്രങ്ങളിൽ ഒന്നാണു് മലയാള രാജ്യം.