ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
ആദ്യത്തെ മലയാളമച്ചടിഗ്രന്ഥം അഥവാ കേരളാരാമം: മുദ്രണാലയ പ്രസ്ഥാനത്തിൻ്റെ ആവിർഭാവത്തോടുകൂടി കേരളത്തിൽ അനേകം പുസ്തകങ്ങൾ മുദ്രണം ചെയ്വാൻ തുടങ്ങി. എന്നാൽ അവയൊന്നും മലയാള അക്ഷരങ്ങൾകൊണ്ടായിരുന്നില്ല. മലയാള അക്ഷരങ്ങൾ ചേർത്തു് ഒരു കൃതി ആദ്യമായി മുദ്രാപിതമായതു് 1678-ലായിരുന്നു. ഹോർത്തുസ് ഇൻഡിക്കുസ് മലബാറിക്കൂസ് (Hortus Indicus Malabaricus) എന്നത്രെ ആ ഗ്രന്ഥത്തിന്റെ പേർ. അതിനു മലയാളത്തിൽ നല്കിയ നാമധേയമാണു “കേരളാരാമം’ എന്നതു്.
കൊച്ചിയിൽവെച്ചായിരുന്നു ഗ്രന്ഥത്തിൻ്റെ നിർമ്മാണം. ലത്തിൻ ഭാഷയിൽ എഴുതിയിട്ടുള്ള പ്രസ്തുത ഗ്രന്ഥത്തിൽ കേരളത്തിലെ സസ്യങ്ങളുടേയും ഓഷധികളുടേയും പേരുകൾ മലയാളം, സംസ്കൃതം, അറബി, പോട്ടുഗീസ് എന്നീ ഭാഷകളിൽക്കൂടി അതാതു ലിപികളിൽ കൊടുത്തിട്ടുള്ളതായി പ്രസ്താവിക്കപ്പെടുന്നു. പ്രസ്തുത ഗ്രന്ഥം 1678-നും 1703-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ, ഹോളണ്ടിൻ്റെ തലസ്ഥാനമായ ആംസ്റ്റർ ഡാമിൽനിന്നു 12 വാള്യങ്ങളായിട്ടാണു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു്. ഹോർത്തൂസ് മലബാറിക്കസ് ലത്തീനിൽ പ്രസിദ്ധം ചെയ്തതിനോടൊപ്പം അതു പരിഭാഷപ്പെടുത്തി ഡച്ചുഭാഷയിലും ആംസ്റ്റർഡാമിൽനിന്നു തന്നെ പ്രസിദ്ധപ്പെടുത്തുകയുണ്ടായി.
