ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
സഹോദരൻ: കേരളത്തിലെ സ്വതന്ത്രചിന്തകന്മാരിൽ വളരെ പക്വതവന്ന ഒരു വ്യക്തിയാണു് കെ. അയ്യപ്പൻ അഥവാ സഹോദരൻ അയ്യപ്പൻ. ഒരു നിരൂപകൻ, കവി, സമുദായപരിഷ്കർത്താവു്, സാമൂഹ്യ വിപ്ലവകാരി, രാഷ്ട്രീയപ്രവത്തകൻ എന്നിങ്ങനെ പല നിലകളിൽ അദ്ദേഹം കേരളത്തിൽ സുപ്രസിദ്ധനാണ്. അദ്ദേഹത്തിൻ്റെ ആശയാദശർങ്ങളുടെ രൂപം പൂണ്ടിറങ്ങിയിരുന്ന കേരളത്തിലെ ഒരു നല്ല വാരികയാ യിരുന്നു സഹോദരൻ. 1920 മുതൽ ഏതാണ്ടു മൂന്നു വ്യാഴവട്ടത്തോളം പ്രസ്തുത വാരിക നല്ലനിലയിൽത്തന്നെ പ്രചരിച്ചിരുന്നു. സഹോദരൻ്റെ പുറപ്പാടുകാലത്തു ജാതിവ്യവസ്ഥയുടെ മേലേക്കിടയിൽ നില്ക്കുന്നവർ വിദേശ മേധാവിത്വത്തിൽനിന്നു അധികാരം ഏററുവാങ്ങുവാൻ ഇവിടെ വെമ്പുകയായിരുന്നു. താഴെക്കിടയിലുള്ളവർ സാമൂഹ്യമായ അവശതകൾ അകററുവാൻ — അഥവാ ജാതിവ്യത്യാസമാകുന്ന നുകത്തെ എടുത്തുമാറ്റുവാൻ — പണിപ്പെടുകയുമായിരുന്നു. ഈ ഒടുവിൽ പറഞ്ഞതരത്തിലുള്ള ഒരു സാമൂഹ്യവിപ്ലവത്തിനാണു് അയ്യപ്പൻ പുറപ്പെട്ടത്. അതിനുള്ള കരുത്തേറിയ ഉപകരണമായിരുന്നു സഹോദരൻ. ആദ്യം അല്പ കാലം കൊച്ചിയിൽനിന്നും പിന്നീടു് ഏറെക്കാലം എറണാകുളത്തുനിന്നുമാണ് പ്രസ്തുത പത്രം പുറപ്പെട്ടുകൊണ്ടിരുന്നതു്. ടി. സി. ഗോപാലനും പ്രസ്തുത പത്രത്തിൻ്റെ പ്രസിദ്ധീകരണത്തിൽ നല്ലൊരു പങ്കുണ്ടായിരുന്നു.
ഗോമതി: കൊച്ചിയിലെ ഒന്നാമത്തെ ദിനപ്പത്രമായിരുന്നു ഗോമതി. തൃശൂർ വിദ്യാവിനോദിനി പ്രസ്സിൽനിന്നു ടി. എസ്. വിശ്വനാഥയ്യർ വാരികയായി ആരംഭിച്ചതാണ് പ്രസ്തുത പത്രം. കെ.വി. രാഘവൻനായർ വളരെക്കാലം അതിന്റെ പത്രാധിപരായിരുന്നു.
