ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

സമദർശി: 1093 മകരത്തിൽ (1918) കുളകുന്നത്ത് രാമൻമേനോൻ തിരുവനന്തപുരത്തു സ്ഥാപിച്ച കമലാലയം അച്ചുക്കൂടത്തിൽനിന്നു പുറപ്പെടുവിച്ച ഒരു വാരികയാണ്’ ‘സമദർശി’. ഏ. ബാലകൃഷ്ണപിള്ള, കനത്തു ജനാർദ്ദനമേനോൻ തുടങ്ങിയവർ ഓരോകാലത്തു് അതിൻ്റെ പത്രാധിപന്മാരായിരുന്നിട്ടുണ്ട്.

കേസരി : ഏ. ബാലകൃഷ്ണപിള്ളയുടെ ആധിപത്യത്തിൽ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടുകൊണ്ടിരുന്ന ഒരു വാരികയാണു ‘കേസരി’. സമദർശിയിൽനിന്നു പിൻവാങ്ങിയശേഷം സ്വതന്ത്രമായി ഒരു പത്രം തുടങ്ങണമെന്നുള്ള ലക്ഷ്യത്തോടുകൂടിയാണു് ബാലകൃഷ്ണപിള്ള കേസരി ആരംഭിച്ചതു്. രാഷ്ട്രീയവും, സാമൂഹ്യവും, സാഹിത്യപരവുമായ സ്വതന്ത്രചിന്തകൾ അതിൽ പതിവായി പ്രകാശിപ്പിച്ചുകൊണ്ടിരുന്നു. ചെറുകഥ, നിരൂപണം തുടങ്ങിയ ആധുനിക സാഹിത്യപ്രസ്ഥാനങ്ങളെ വളർത്തുകയും, അനേകം എഴുത്തുകാരെ ഉയർത്തുകയും ചെയ്ത ഒരു സാഹിത്യവാരികയായിരുന്നു പ്രസ്തുത പത്രം. രാഷ്ട്രീയ കാര്യങ്ങൾ നിർദ്ദാക്ഷിണ്യം നിരൂപണം ചെയ്തുപോന്നതിനാൽ കേസരിയുടെ പ്രവർത്തനം തിരുവിതാംകൂർ ഗവണ്മെൻറ് നിരോധിച്ചതോടെ പത്രം നിന്നുപോകുകയും ചെയ്തു. ഈ പത്രവുമായുള്ള ബന്ധത്താലാണ് ഏ. ബാലകൃഷ്ണപിള്ളയെ ‘കേസരി’ എന്ന പദംകൊണ്ടു് ഇന്നു ബഹുമാനിച്ചുപോരുന്നതു്.

ഉത്തരതാരക: മൂന്നുനാലു വ്യാഴവട്ടങ്ങൾക്കു മുമ്പ് വടക്കൻപറവൂരിൽനിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു വാരികയാണു് ഉത്തരതാരക. കുളങ്ങര ഇട്ടിയച്ചൻ എന്ന ആളുടെ നേതൃത്വത്തിലും ഉടമസ്ഥതയിലും ആരംഭിച്ച ബി. ബി. പ്രസ്സിൽ(ഭാഷാഭൂഷണം പ്രസ്സ്)നിന്നുമാണു് വാരിക പുറപ്പെട്ടുകൊണ്ടിരുന്നതു്. മൂന്നു കൊല്ലത്തിലധികം അതു ജീവിച്ചിരുന്നു എന്നു തോന്നുന്നില്ല. സി. എം. നാരായണപ്പണിക്കർ എന്നൊരാളായിരുന്നു പത്രാധിപർ. മിക്കവാറും മലയാളമനോരമയെയാണു് ഉള്ളടക്കത്തിൽ ഉത്തര താരക മാതൃകയായി കൈകൊണ്ടിരുന്നതു്.