ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

മിതവാദി: തലശ്ശേരിയിൽ നിന്ന് 60 വർഷങ്ങൾക്കു മുമ്പു് സമുദായപരിഷ്ക്കർത്താവായിരുന്ന സി. കൃഷ്ണൻ ആരംഭിച്ച ഒരു വൃത്താന്തപത്രമാണു ‘മിതവാദി’ കേരളസഞ്ചാരി, മിതവാദിയിൽ ലയിപ്പിച്ചതിനെപ്പറ്റി ഇതിനുമുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. കൃഷ്ണാൻ്റെ അസാന്നിദ്ധ്യത്തിൽ കുറച്ചുകാലം മൂർക്കോത്തുകുമാരനും ഇതിൻ്റെ അധിപരായിരുന്നിട്ടുണ്ടു്. കുമാരനാശാൻ വീണപൂവു് ആദ്യമായി പ്രസിദ്ധപ്പെട്ടത്തിയതു മിതവാദിയിലാണെന്നുള്ള വസ്തുത പ്രസിദ്ധമാണല്ലൊ.

കേരളകൗമുദി: 1086 മകരം 19-ാം തീയതി (1911) മുതൽ മയ്യനാട്ടു സുവർണ്ണപ്രകാശം പ്രസ്സിൽനിന്നു വാരികയായി സി. വി. കുഞ്ഞുരാമൻ തുടങ്ങിയ ഒരു പ്രസിദ്ധീകരണമാണു് കേരളകൗമുദി. ഇന്നു പ്രസ്തുത പ്രസിദ്ധീകരണം, തിരുവനന്തപുരത്തു നിന്നു ദിനപ്പത്രമായി പുറപ്പെട്ടുകൊണ്ടിരിക്കുന്നു. മനോരമ, മാതൃഭൂമി എന്നിവ ഒഴിച്ചാൽ, കേരളത്തിലെ ഏററവും പ്രചാരമേറിയ ദിനപ്പത്രം കൗമുദിയാണു്. 1939 വരെ സി. വി. കുഞ്ഞുരാമൻ തന്നെയായിരുന്നു അതിൻ്റെ പ്രധാന പത്രാധിപർ. 1940 നവംബർ 1-ാം തീയതി മുതൽക്കാണു് അതു ദിനപ്പത്രമായിത്തീർന്നതു്. ഇന്നു സി. വി.യുടെ പുത്രൻ കെ. സുകുമാരൻ്റെ ആധിപത്യത്തിൽ പ്രസ്തുത പത്രം പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.