ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
കേരളചിന്താമണി: പള്ളത്തുകൃഷ്ണൻ്റെ ഉടമസ്ഥതയിലും കുന്നത്തു ജനാർദ്ദനമേനോൻ്റെ ആധിപത്യത്തിലും 1081 ചിങ്ങം മുതൽ തൃശ്ശിവപേരൂർ നിന്നു ആരംഭിച്ച ഒരു പത്രമാണു് കേരളചിന്താമണി. അല്പകാലം കഴിഞ്ഞു പ്രശസ്തകവി വി. സി. ബാലകൃഷ്ണപ്പണിക്കരാണ് ചിന്താമണിയുടെ പത്രാധിപത്യം വഹിച്ചുപോന്നതു്. സ്വദേശാഭിമാനിയെപ്പോലെതന്നെയുള്ള ഒരു രാഷ്ട്രീയപത്രമായിരുന്നു ചിന്താമണിയും. രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയിൽ അന്നത്തെ തിരുവിതാംകൂറിനെയും ദിവാൻജിയേയും പററിയാണു് അധികവും എഴുതിക്കൊണ്ടിരുന്നതു്. പണിക്കരുടെ വിമർശനങ്ങൾ അത്രത്തോളം വ്യക്തിപരങ്ങളല്ലായിരുന്നു. ഇരുവരുടെയും സാഹിത്യവിമർശനങ്ങളിലും ഈ വ്യത്യാസം പ്രകടമായിരുന്നു. വി സി ‘മലബാറി’പ്പത്രത്തിൻ്റെ പ്രസാധകനായിപ്പോയപ്പോൾ മൂർക്കോത്തു കുമാരനാണു പിന്നീട്ട് ചിന്താമണിയുടെ പത്രാധിപത്യം വഹിച്ചതു്.
കേരളസഞ്ചാരി : കോഴിക്കോട്ടുനിന്നു പൂവാടൻ രാമൻ വക്കിൽ, Malabar Spectator എന്നൊരു ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരിച്ചുതുടങ്ങി. അതിൻ്റെ ഒരു അനുബന്ധമെന്നപോലെ ‘കേരളസഞ്ചാരി’ എന്നൊരു മലയാളപത്രവും ആരംഭിച്ചു. വേങ്ങയിൽ കുഞ്ഞിരാമനായനാരായിരുന്നു ആദ്യത്തെ അതിൻ്റെ പത്രാധിപർ. പിന്നീടു സി. കൃഷ്ണൻ സഞ്ചാരിയടെ പത്രാധിപരായി. 1898 മുതൽ മൂർക്കോത്തുകുമാരനാണു് സഞ്ചാരിയുടെ ചുമതല വഹിച്ചതു്. സി. പി. ഗോവിന്ദൻനായരും കുറച്ചുകാലം അതിൻ്റെ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. ഒടുവിൽ, കേരളസഞ്ചാരി, 1913-ലോ മറേറാ മിതവാദിയിൽ ലയിപ്പിച്ചതോടുകൂടി അതു നാമാവശേഷമായിത്തീർന്നു. സാമൂഹ്യവും സാംസ്ക്കാരികവുമായ വിഷയങ്ങളെക്കുറിച്ചു ധാരാളം വിമർശനങ്ങൾ ചെയ്തുകൊണ്ടിരുന്ന ഒരു നല്ല വൃത്താന്ത പത്രമായിരുന്നു കേരളസഞ്ചാരി.
