ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

സുജനാനന്ദിനി: മലയാളമനോരമയുടെ ആവിർഭാവത്തിനുശേഷം മലയാളത്തിൽ പല പത്രങ്ങളും ആരംഭിച്ചുതുടങ്ങി. കൊല്ലം പരവൂർ സ്വദേശിയായ കേശവനാശാൻ 1083-ൽ ‘കേരളഭൂഷണക്കമ്പനി ക്ലിപ്തം’ എന്ന പേരിൽ ഒരു കമ്പനി രജിസ്റ്റർചെയ്തു. 1087 മുതൽ അതിൽനിന്നു സുജനാനന്ദിനി എന്നൊരു വൃത്താന്തപത്രവും ആരംഭിച്ചു. ഈഴവസമുദായത്തിൻ്റെ അവശതകൾ പരിഹരിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അതോടൊപ്പം മലയാളമനോരമയെ അനുകരിച്ചു കവിതാ പംക്തി മുതലായ ഭാഷാപോഷണവിഷയങ്ങളും ചേർത്തുവന്നു. നല്ലൊരു കവിയും ഗദ്യകാരനും വിമർശകനുമായിരുന്ന ആശാൻ സുജനാനന്ദിനിയിൽ വാദപ്രതിവാദങ്ങൾക്കും വിമർശനങ്ങൾക്കും നല്ലൊരു സ്ഥാനംതന്നെ നല്കുകയുണ്ടായി. മൂലൂരും, സി. എസ്സ്. പോറ്റിയുമായി ആരംഭിച്ച ‘പണിക്കർ’ വാദത്തിൻ്റെ രംഗഭൂവായിരുന്നു കുറച്ചുകാലം സുജനാ നന്ദിനി.

സ്വദേശാഭിമാനി : ചിറയിൻകീഴ് താലൂക്കിൽ വക്കം അബ്‌ദുൽ ഖാദർ മൗലവി സ്ഥാപിച്ച ഒരു പ്രസ്സാണു് സ്വദേശാഭിമാനി. 1905-ൽ സ്ഥാപിച്ച പ്രസ്തുത പ്രസ്സിൽനിന്നു് അതേ പേരിൽത്തന്നെ (സ്വദേശാഭിമാനി) ഒരു പത്രവും അദ്ദേഹം പുറപ്പെടുവിച്ചു. 1906 മുതൽ (1081 കുംഭം) ആ പത്രത്തിൻ്റെ ആധിപത്യം മൗലവി, പില്ക്കാലത്തു വളരെ പ്രസിദ്ധനായിത്തീന്ന കെ. രാമകൃഷ്ണപിള്ളയിൽ നിക്ഷേപിച്ചു. 1082 മിഥുനത്തിൽ (1907 ജൂലൈ) രാമകൃഷ്ണപിള്ള പത്രത്തിൻ്റേയും പ്രസ്സിൻ്റേയും കൂട്ടുടമസ്ഥനായിത്തീർന്നു. അതോടുകൂടി അച്ചുകൂടവും പത്രവും വക്കത്തുനിന്നു തിരുവനന്തപുരത്തേക്കു മാറ്റുകയും ചെയ്തു. പിന്നീടു തിരുവനന്തപുരത്തുനിന്നാണു് സ്വദേശാഭിമാനി പുറപ്പെട്ടുകൊണ്ടിരുന്നതു്. രാഷ്ടീയ കര്യങ്ങളിൽ രാമകൃഷ്ണപിള്ള വളരെ ശ്രദ്ധചെലുത്തിക്കൊണ്ടിരുന്നു. 1910 ആരംഭംമുതൽക്കുതന്നെ തിരുവിതാംകൂർ ഗവണ്മെൻ്റെിൻ്റെ ദൃഷ്ടി ‘സ്വദേശാഭിമാനി’യുടെ നേർക്കു തിരിഞ്ഞു. 1910 സെപ്തംബർ 26-ാം തീയതി (1086 കന്നി 10) അന്നു തിരുവിതാംകൂർ ദിവാനായിരുന്ന പി. രാജഗോപാലാചാരി രാമകൃഷ്ണപിള്ളയെ അപ്രതിക്ഷിതമായി നാടുകടത്തുകയും ചെയ്തു. രാമകൃഷ്ണപിള്ളയെ നാടുകടത്താനിടയായ ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്ന ആ പത്രത്തിനു പില്ക്കാലത്തു വളരെ പ്രസിദ്ധി സിദ്ധിച്ചു. രാമകൃഷ്ണപിള്ള ‘സ്വദേശാഭിമാനി’ എന്ന അപര പര്യായത്താൽ ഏററവും പ്രഥിതനായിത്തീരുകയും ചെയ്തു.

സ്വദേശാഭിമാനിയുടെ ആധിപത്യം ഏൽക്കുന്നതിനുമുമ്പു രാമകൃഷ്ണ പിള്ള തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടിരുന്ന കേരളദർപ്പണം, വഞ്ചി ഭൂപഞ്ചിക, ഇവരണ്ടും ചേർന്നു പിന്നീടു പുറപ്പെട്ട കേരളപഞ്ചിക എന്നിവയുടെയും, 1079-ൽ ഒരു കൊല്ലം മലയാളിയുടേയും പത്രാധിപത്യം വഹിച്ചിട്ടുണ്ടു്’. ‘മലബാറി’ എന്നൊരു പത്രത്തിൻ്റെ ആധിപത്യവും കുറെക്കാലം അദ്ദേഹം ഏറെറടുക്കാതിരുന്നിട്ടില്ല.