ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
മനോരമ: 1891 മെയ്മാസം മുതൽ കോഴിക്കോട്ട് വിക്ടോറിയാ പ്രസ്സിൽനിന്നു പ്രതിപക്ഷപത്രമായി ആരംഭിച്ച ഒരു പ്രസിദ്ധീകരണമാണു് കോഴിക്കോടൻ‘മനോരമ.’ മാസത്തിൻ്റെ 2-ാമത്തെയും 4-ാമത്തേയും തിങ്കളാഴ്ചതോറുമായിരുന്നു അതു പ്രസിദ്ധപ്പെടുത്തിവന്നതു്. കേരളത്തിലെ രാഷ്ട്രീയവും സാമുദായികവുമായ കാര്യങ്ങളെപ്പറ്റി ചിന്തിക്കുവാനും അഭിപ്രായങ്ങൾ രൂപവല്ക്കരിക്കാനുമായി ‘കേരളമഹാജനസഭ’ എന്നൊരു സംഘം അക്കാലത്തു് കോഴിക്കോട്ടുണ്ടായിരുന്നു. കുട്ടിയേട്ടൻ തമ്പുരാൻ എന്നു പ്രസിദ്ധനായ സാമൂതിരിപ്പാടായിരുന്നു അതിൻ്റെ കാര്യദർശി. പ്രസ്തുത മഹാജനസഭയുടെ ഒരു ജിഹ്വയായിട്ടാണു് കുട്ടിയേട്ടൻ തമ്പുരാൻ്റെ നേതൃത്വത്തിൽ മനോരമ ആരംഭിച്ചതു്. പ്രഖ്യാത പണ്ഡിതയായ മനോരമത്തമ്പുരാട്ടിയുടെ സ്മാരകമായിട്ടുകൂടി പ്രസ്തുതപത്രത്തെ അതിൻ്റെ പ്രവർത്തകന്മാർ കണക്കാക്കാതെയുമിരുന്നില്ല. മനോരമ എന്ന പേരിനുതന്നെ പ്രധാനകാരണവും അതാണു്. മഹാജനസഭയിലെ അംഗങ്ങൾ അധികവും അക്കാലത്തു് കോൺഗ്രസ്സിലെന്നപോലെ ജന്മികളും പണക്കാരുമായിരുന്നു. അതിനാൽ മനോരമ കാലക്രമത്തിൽ ജന്മിപക്ഷമായിത്തീർന്നു എന്നുതന്നെ പറയാം. പൊതുജനങ്ങളുടെ നാവായി ആരംഭംമുതൽക്കെ പുറപ്പെട്ടിരുന്ന കേരളപത്രിക, ഇതോടുകൂടി കുടിയാൻപക്ഷത്തെക്കും ചാഞ്ഞുതുടങ്ങി. അങ്ങനെ ഈ രണ്ടു പത്രങ്ങളും ആശയാദർശങ്ങളിൽ വിഭിന്നനിലകളാണു് അക്കാലങ്ങളിൽ പുലർത്തിക്കൊണ്ടിരുന്നതു്. പുളിയമ്പാറ കുഞ്ഞികൃഷ്ണ മനോൻ, കണ്ണമ്പ്ര രാമുണ്ണി നായർ മുതലായവർ മനോരമയുടെ നടത്തിപ്പിൽ തമ്പുരാനെ സഹായിച്ചുകൊണ്ടിരുന്നു. രണ്ടു വ്യഴവട്ടത്തോളം ഈ നിലയിൽ തുടർന്നശേഷം പ്രസ്തുത പത്രത്തിൻ്റെ ഉടമസ്ഥതയും ചുമതലയും തമ്പുരാൻ കുഞ്ഞി കൃഷ്ണമേനോനു വിട്ടുകൊടുത്തു. പിന്നീട് കുഞ്ഞികൃഷ്ണമേനോൻ്റെ നേതൃത്വത്തിലാണു് മനോരമ ഏറെക്കാലം നടന്നുകൊണ്ടിരുന്നത് .
