ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
നസ്രാണിദീപിക: മലയാളി ആരംഭിച്ചതിൻ്റെ പിറെറ വർഷം, അതായതു് 1887-ൽ മാന്നാനത്തുനിന്നു പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയ ഒരു വൃത്താന്തപത്രമാണു് ‘നസ്രാണിദീപിക.’ തികഞ്ഞ ഒരു സമുദായ ചിന്തകനും ഒന്നാന്തരം സാഹിത്യപ്രണയിയുമായിരുന്ന നിധിയിരിക്കൽ മാണിക്കത്തനാർ തുടങ്ങിയവരുടെ ഉത്സാഹശക്തിയാണു പ്രസ്തുത പത്രത്തിൻ്റെ പിറവിക്കു കാരണം. സത്യനാദം, കേരളമിത്രം മുതലായവയിൽ പ്രവർത്തിച്ചിരുന്ന ടി. ജെ. പൈലിയായിരുന്നു നസ്രാണിദീപികയുടെ ആദ്യത്തെ പത്രാധിപർ. സി. ടി. ബർണ്ണാദ്. കുമ്മനം ഗോവിന്ദപ്പിള്ള, തെങ്ങും മുട്ടിൽ വറുഗീസ് മാപ്പിള, വി. എ. പാസ്‌കൾ മുതലായവരും ദീപികയുടെ പത്രാധിപന്മാരായിരുന്നിട്ടുണ്ട്. കെ. രാമകൃഷ്ണപിള്ള, ഉള്ളൂർ പരമേശ്വരയ്യർ, മള്ളൂർ ഗോവിന്ദപ്പിള്ള തുടങ്ങിയ കലാ നായകന്മാർ ദീപികയുടെ ആദ്യഘട്ടങ്ങളിൽ അതിൻ്റെ ലേഖകന്മാരായിരുന്നു. ഇന്നു നസ്രാണി ശബ്ദരഹിതമായ ‘ദീപിക’യായി പ്രസ്തുത പത്രം കോട്ടയത്തുനിന്നു പുറപ്പെട്ടുകൊണ്ടിരിക്കയാണു്. കേരളക്കരയിൽ നിന്ന് ഇക്കാലത്തു പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്ന ദിനപ്പത്രങ്ങളിൽ മലയാളി കഴിഞ്ഞാൽ ഏറ്റവും പ്രാചീനമായതു ദീപികയാണെന്നു പറയാം. 1962-ൽ പ്രസ്തുത പത്രത്തിനു് 75 വർഷം തികയുന്ന ഡയമണ്ടു ജൂബിലിയോടനുബന്ധിച്ച് ഒരു ‘സ്മാരകഗ്രന്ഥം’ അതിൻ്റെ ഭാരവാഹികൾ പുറപ്പെടുവിക്കുകയുണ്ടായി. അതു ഭാഷാസാഹിത്യത്തിനു ഗണ്യമായ ഒരു മുതൽക്കൂട്ടതന്നെ; സംശയമില്ല.
മലയാളമനോരമ: കൊച്ചിയിലെ ‘കേരളമിത്ര’ത്തിൽനിന്നു തിരിച്ചശേഷം, സ്വതന്ത്രമായ ഒരു പത്രപ്രവർത്തനം ആരംഭിക്കണമെന്ന് വറുഗീസ് മാപ്പിളയ്ക്കു വളരെ ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടി ചെയ്ത മഹാശ്രമത്തിൻ്റെ ഫലമായി 1888-ൽ ‘മലയാളമനോരമക്കമ്പനി ക്ലിപ്തം’ എന്ന പേരിൽ തിരുവിതാംകൂറിൽ ആദ്യമായി ഒരു ജോ യിൻറുസ്റ്റോക്കുകമ്പനി രജിസ്റ്റർ ചെയ്തു. പ്രസ്തുത കമ്പനിയുടെ ആഭിമുഖ്യത്തിൽ 1590 മാർച്ച് 22-ാം തീയതി കൊല്ലം 1065 മീനം 10-ാം തീയതി കോട്ടയത്തുനിന്നു ‘മലയാളമനോരമ’ ആരംഭിക്കയും ചെയ്തു. മലയാള മനോരമ എന്ന സംജ്ഞ കേരളവർമ്മ വലിയകോയിത്തമ്പുരാൻ നിർദ്ദേശിച്ചതാണത്രെ. ആദ്യം വാരിക, പിന്നീട്ട് ദ്വൈവാരികം, തൈവാരികം എന്നിങ്ങനെ ക്രമപ്രവൃദ്ധമായ നിലയിലാണു് ഇതിൻ്റെ പ്രസിദ്ധീകരണം ആരംഭിച്ചതു്. 1928 ജനുവരി മുതൽ മനോരമ ദിനപ്പത്രമായി ഉയർന്നു. ഭാഷാഭിമാനിയായ വറുഗീസുമാപ്പിളയുടെ ആധിപത്യത്തിൽ ആരംഭിച്ച പ്രസ്തുത വൃത്താന്തപത്രം മലയാളഭാഷയുടേയും സാഹിത്യത്തിൻ്റെയും അഭിവൃദ്ധിക്കായി എത്രമാത്രം പ്രവർത്തിച്ചുവെന്നു് ഇന്നാരെയും പറഞ്ഞറിയിക്കേണ്ടതില്ല. വറുഗീസുമാപ്പിളയും മനോരമയും ഇല്ലായിരുന്നുവെങ്കിൽ തങ്ങൾ ഒരിക്കലും ഇന്നത്തെ നിലയിൽ എത്തിച്ചേരുമായിരുന്നില്ലെന്നും മൂർക്കോത്തു കുമാരൻ തുടങ്ങിയ സാഹിത്യനായകന്മാർപോലും പല ഘട്ടങ്ങളിലും തുറന്നു പ്രസ്താവിച്ചിട്ടുള്ളതാണു്. “കേരളത്തിലെ വിശിഷ്ട സാഹിത്യകാരന്മാരെ അഭിനന്ദിച്ചു പ്രോത്സാഹിപ്പിക്കുന്നതിനും, തദിതരരെ സംസ്ക്‌കരിച്ചു ഗുണകോടിയിൽ എത്തിക്കുന്നതിനും മനോരമയും അതിൻ്റെ പത്രാധിപരും ചെയ്തിട്ടുള്ള അവ്യാജപരിശ്രമങ്ങൾ ഭാഷാപ്രണയികളിൽ ഒരാളും ഒരു കാലത്തും വിസ്മരിക്കുന്നതല്ല. മനോമയുടെ ലക്ഷ്യം രാജ്യോന്നമനമോ ഭാഷാപോഷണമോ എന്നു തീർച്ചപ്പെടുത്തുന്നതു് അസാദ്ധ്യംതന്നെ. മനോരമയിലെ കവിതാപംക്തി, ആ പത്രികയുടെ പുത്രിയായ ഭാഷാപോഷിണിസഭ, ഇവമൂലം വറുഗീസുമാപ്പിള സാധിച്ച ഭാഷാപോഷണോൽക്കർഷം വാചാമഗോചരമാണു്.. എന്നിങ്ങനെയാണു് മനോരമയെപ്പറ്റി ഉള്ളൂർ മഹാകവി പ്രസ്താവിച്ചിട്ടുള്ളത്.
വറുഗീസുമാപ്പിളയുടെ ചരമാനന്തരം 1904 മുതൽ 1953 വരെ, ഏകദേശം അരനൂറ്റാണ്ടോളം കെ.സി. മാമ്മൻ മാപ്പിള മനോരമയുടെ പത്രാധിപത്യം വഹിച്ചുപോന്നു. 1950 മാർച്ച് 22-ാംതീയതി പ്രസ്തുത പത്രത്തിനു 60 വർഷം പൂർത്തിയായ സുദിനമായിരുന്നു. ഒരു വൃത്താന്ത പത്രത്തിൻ്റെ വജ്രജൂബിലി കൊണ്ടാടുക എന്നതു മലയാളപത്രചരിത്രത്തിൽ അഭൂതപൂർവ്വമായ ഒരു സംഭവംതന്നെയാണു്. ജൂബിലി സ്മാരകമായി വിലയേറിയ ഒരു ഉപഹാരഗ്രന്ഥം തൽപ്രവർത്തകന്മാർ പുറപ്പെടുവിച്ചിട്ടുമുണ്ട്. മാമ്മൻ മാപ്പിളയുടെ നിര്യാണത്തെത്തുടർന്നു മനോരമയുടെ പത്രാധിപത്യം കെ. എം. ചെറിയാൻ വഹിച്ചുപോരുന്നു. കേരളത്തിലെ ഏററവും പ്രചാരമുള്ള ഒരു ഉത്തമദിനപ്പത്രമാണു് മലയാളമനോരമ എന്നുകൂടി ഇവിടെ പറഞ്ഞുകൊള്ളട്ടെ.
