ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
കേരളപത്രിക: മലബാറിൽനിന്നു് (കോഴിക്കോടു്) ഒന്നാമതായിപുറപ്പെട്ട ഒരു വൃത്താന്തപത്രമാണു കേരളപത്രിക, 1884-ൽ, കാളഹസ്തിയപ്പമുതലിയാരുടെ വക വിദ്യാവിലാസം അച്ചുക്കൂടത്തിൽനിന്നുമാണു് അതിൻ്റെ പുറപ്പാട്ട്. ചെങ്കുളത്തു വലിയകുഞ്ഞിരാമമേനോൻ — എം. ആർ. കെ. സി. യുടെ അമ്മാവൻ — സുദീർഘകാലം –ഏകദേശം 50 വഷത്തോളം — കേരളപത്രികയുടെ പത്രാധിപരായിരുന്നു. സാമൂഹ്യവും രാഷ്ട്രീയവുമായ കാര്യങ്ങളെപ്പറ്റി അക്കാലത്തു കേരളത്തിൽ ഏറ്റവും രൂക്ഷവും സ്വതന്ത്രവുമായ വിമർശങ്ങൾ ചെയ്തിരുന്ന പത്രം, പത്രികയായിരുന്നു. കുഞ്ഞിരാമൻനായർ, അപ്പു നെടുങ്ങാടി, ചന്തുമേനോൻ തുടങ്ങിയവർ പത്രികയുടെ ആദ്യകാലത്തെ ലേഖകന്മാരിൽ ചിലരത്രെ.
അല്പകാലം പത്രിക മുടങ്ങിക്കിടക്കുകയുണ്ടായി. പുതിയ ഉടമസ്ഥതയിൽ പിന്നീടതു് 1938 മാർച്ച് മുതൽ പുതിയറ(മലബാർ)നിന്നു വാരികയായി കുറച്ചുകാലം പ്രസിദ്ധപ്പെടുത്തിയിരുന്നു. വീണ്ടും മുടങ്ങുകയായി. ഒടുവിൽ അത് തോമസ് ചെറിയാൻ ഏറെറടുക്കുകയും, വളരെ ചുരുങ്ങിയകാലം എറണാകുളത്തുനിന്നു പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി.
മലയാളി: തിരുവനന്തപുരത്തുനിന്നു 1886-ൽ (1061 തുലാം 1-ാംതീയതി) ആരംഭിച്ച ഒരു വൃത്താന്തപത്രമാണു് ‘മലയാളി’. സുപ്രസിദ്ധ സമുദായപ്രവത്തകനായിരുന്ന സി. കൃഷ്ണപിള്ള മുതലായവരുടെ ഉത്സാഹത്താൽ ‘മലയാളി സോഷ്യൽ റിഫോം ലീഗ്” എന്നൊരു സംഘടന തിരുവനന്തപുരത്തു് ഏർപ്പെടുത്തിയിരുന്നു. അതിൻ്റെ ആഭിമുഖ്യത്തിലാണു പ്രസ്തുതപത്രം ആരംഭിച്ചതു്. ആദ്യം പേട്ടയിൽ രാമൻപിള്ള ആശാ നും, പിന്നീട് സി. വി. രാമൻപിള്ളയുമായിരുന്നു അതിൻ്റെ പത്രാധിപത്യം വഹിച്ചുപോന്നതു്. കേരളത്തിലെ സമുദായവിക്ഷോഭങ്ങളിൽ വളരെയധികം ഒച്ചപ്പാടുണ്ടാക്കിയ 1891-ലെ ‘മലയാളി മെമ്മോറിയൽ അന്നത്തെ ബ്രാഹ്മണമേധാവിത്വത്തിൽനിന്നു മുക്തിനേടുവാൻ ബ്രാഹ്മണേതരസമുദായങ്ങൾ യോജിച്ചു തിരുവിതാംകൂർ മഹാരാജാവിനു് സമർപ്പിച്ച ഭീമഹർജി വളരെ പ്രസിദ്ധമാണല്ലോ. അതിൻ്റെ പ്രാദുർഭാവത്തിനു പ്രേരകമായിരുന്നതു പ്രസ്തുതപത്രംതന്നെ ആയിരുന്നു. 1886-ൽ മാസികയായിട്ടാണ് മലയാളി തിരുവനന്തപുരത്തുനിന്നു് ആരംഭിച്ചതു്. ഏതാനും വർഷങ്ങൾക്കുശേഷം കൊല്ലം തങ്കശ്ശേരിയിൽനിന്ന് അതു പ്രതിവാരമായി പ്രസിദ്ധീകരിച്ചുതുടങ്ങി. ഈ ഘട്ടത്തിൽ കുറച്ചുകാലം കെ. രാമകൃഷ്ണപിള്ള അതിൻ്റെ പത്രാധിപരായിരുന്നിട്ടുണ്ടു്. അചിരേണ മലയാളി തങ്കശ്ശേരിയിൽനിന്നു തിരുവനന്തപുരത്തേക്കുതന്നെ തിരിക്കുകയും, ദിനപ്പത്രമായി ഇന്നും പ്രചരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
