ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

കേരളദീപകം: 1878 ഏപ്രിൽമാസം മുതൽ ‘കേരളദീപകം’ എന്നൊരു പത്രം കൊച്ചിൻ ആർഗ്ഗസ് ആപ്പീസിൽനിന്നും പ്രസിദ്ധപ്പെടുത്തിയിരുന്നതായി അക്കാലത്തെ സത്യനാദകാഹളം റിപ്പോർട്ടുകളിൽനിന്നും പത്രാധിപക്കുറിപ്പുകളിൽനിന്നും മനസ്സിലാക്കാൻ കഴിയുന്നുണ്ട്. കാതൃുസാഹാജിബാപ്പു എന്നൊരു മുസ്ലീമാണു് അതു് അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്നതു്. ഒരുപക്ഷേ, കേരളദീപകം കേരളത്തിലെ മുസ്ലീം സമുദായത്തിലെ ആദ്യത്തെ മലയാള പത്രമായിരിക്കാമെന്നും തോന്നുന്നു.

കേരളമിത്രം: ദേവജിഭീമജി കൊച്ചിയിൽ കേരളമിത്രം അച്ചുക്കൂടം സ്ഥാപിച്ചതിനെപ്പററി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. 1881 ജനുവരി ഒന്നാം തീയതി മുതൽ പ്രസ്തുത പ്രസ്സിൽനിന്നു് ആരംഭിച്ച ഒരു പ്രതിവാര പത്രമാണ് കേരളമിത്രം. കണ്ടത്തിൽ വറുഗീസുമാപ്പിളയായിരുന്നു അതിന്റെ പ്രധാനപത്രാധിപർ. സത്യനാദകാഹളത്തിലെ പത്രാധിപ സമിതിയിൽപ്പെട്ട ടി. ജെ. പൈലി ഉപപത്രാധിപരുമായിരുന്നു.

വറുഗീസമാപ്പിളയുടെ വിദഗ്ദ്ധമായ പത്രാധിപത്യത്തിൽ കേരളമിത്രം കേരളത്തിലെ ഒരു സുപ്രധാനപത്രമായിത്തീർന്നു. ഭാഷാഭിമാനിയായ പത്രാധിപരുടെ സഭ്യമായ ഭാഷാപ്രയോഗമാണ് അതിനു പ്രധാനകാ ണമായും തീർന്നതു്. തോട്ടയ്ക്കാട്ടു ശങ്കുണ്ണിമേനോൻ മുതലായവർ അക്കാലത്തു പ്രസ്തുത പത്രത്തിനു ലേഖനസഹായം ചെയ്തിരുന്നതായി സാഹിത്യ കുശലൻ ടി. കെ. കൃഷ്ണമേനോൻ തുടങ്ങിയ പണ്ഡിതവൃദ്ധന്മാരിൽനിന്ന് ഈ ലേഖകനു നേരട്ടറിയുവാൻ സാധിച്ചിട്ടുണ്ടു്. രാഷ്ട്രീയവിമർശനങ്ങൾക്കൊപ്പം സാഹിത്യനിരൂപണങ്ങളും പത്രത്തിൽ ചേർത്തുവന്നു. കേരളത്തിൽ, കൊച്ചിയിൽ നിന്നായിരുന്നല്ലോ ആദ്യകാലത്തെ വർത്തമാനപ്പത്രങ്ങളിൽ അധികമെണ്ണവും പുറപ്പെട്ടിരുന്നതു്. അവയിൽ ഏതു കൊണ്ടും മുന്നണിയിൽ നിന്നിരുന്നതു് കേരളമിത്രംതന്നെയായിരുന്നു. വറുഗീസുമാപ്പിള രണ്ടോ മൂന്നോ വർഷമേ അതിൻ്റെ പത്രാധിപത്യം വഹിച്ചിരുന്നുള്ളു. എങ്കിലും ദേവജിഭീമജിയുടെ മരണംവരെ അഥവാ 1891 വരെ, കേരളമിത്രം കൊച്ചിയിൽനിന്നു പുറപ്പെട്ടുകൊണ്ടിരുന്നു.