ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
1878-നിടയ്ക്ക് പശ്ചിമതാരക കുറച്ചുകാലം മുടങ്ങിയതായി അക്കാലത്തെ സത്യനാദകാഹളത്തിൽനിന്നു മനസ്സിലാക്കാവുന്നതാണു്. അതു വീണ്ടും പുറപ്പെട്ടപ്പോൾ, കേരളപതാകയുമായി യോജിച്ചു്, ‘പശ്ചിമ താരക-കേരളപതാക’ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. കുറച്ചുകാലമേ അങ്ങനെ നടന്നുള്ളു. പിന്നീടു കേരളപതാക നിന്നുപോകയും പശ്ചിമതാരകമാത്രമായിത്തീരുകയും ചെയ്തു. 1881-ൽ (1056- മിഥുനം 18) സർവ്വാധികാര്യക്കാരുടെ മലയാളഭാഷാചരിത്രം പ്രസിദ്ധപ്പെടത്തുന്ന കാലത്തു്, പശ്ചിമതാരകയേ അവശേഷിച്ചിരുന്നുള്ളു. എന്നാൽ പിന്നീടും (1886 വരെ) പ്രസ്തുത പത്രങ്ങൾ രണ്ടും ഒന്നായി യോജിച്ചു പ്രസിദ്ധീകരിച്ചിരുന്നതായി ഒരു ലേഖകൻ പറയുന്നുണ്ടു്. * (മാതൃഭൂമി ആഴ്ചപ്പതിപ്പു്, 30-8-1959, പേജ് 17) പക്ഷേ, നിത്യമായസ്തമിച്ചതു് എന്നെന്നറിയുവാൻ കഴിഞ്ഞിട്ടില്ല.
സത്യനാദകാഹളം : 1876 ഒക്ടോബർ 12-ാം തീയതി (1052 കന്നി 28) “കൂനമ്മാവുങ്കൽ മെത്രാപ്പോലീത്തായ്ക്കടുത്ത അച്ചുക്കൂടത്തിൽ” നിന്നു പ്രതിപക്ഷപത്രമെന്ന നിലയിൽ ആരംഭിച്ച ഒരു വൃത്താന്തപത്രമാണു് ‘സത്യനാദകാഹളം’. മൂന്നുവർഷമേ കൂനമ്മാവിൽനിന്നു പുറപ്പെട്ടിരുന്നുള്ളു. പിന്നീടു വരാപ്പുഴനിന്നും പ്രസിദ്ധീകരിക്കുകയായി. കാൽ നൂററാണ്ടിനുശേഷം എറണാകുളത്തുനിന്നുമാണു് പ്രസിദ്ധീകരിച്ചുവരുന്നതു്. എറണാകുളത്തുനിന്നു് ആരംഭിച്ചതു മുതൽ അതു കാഹളശൂന്യമായ ‘സത്യനാദ’മായിത്തീർന്നു. പ്രതിപക്ഷപത്രം വാരികയായും മാറി. ഇന്നും അതു് എറണാകുളത്തുള്ള ഐ. എസ്സ്. പ്രസ്സിൽനിന്നു് വാരികയായിത്തന്നെ പുറപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്രയും ദീർഘകാലം തുടർച്ചയായി നിലനിന്നുപോന്നിട്ടുള്ള മറെറാരു മലയാള പത്രം കേരളത്തിൽ ഇല്ലെന്നുതന്നെ പറയാം. ഒന്നാംലക്കത്തിലെ ഉള്ളടക്കം താഴെ കുറിക്കുന്നു: 1. പത്രികവില, 2. പ്രിയവായനക്കാർക്കു്, 3. ദിനവിവരം, 4. പത്രാധിപൻ, 5. സത്യനാദകാഹളം, 6 റൊമ്മ. 7. യുഗവിസ്മയം, 8. പുറനാടുവർത്തമാനം. 9. തന്നാട്ടുചെയ്തി. 10. കടംകഥ – ഇതിൽനിന്നു് അതിൻ്റെ പുറപ്പാടുകാലത്തെ ഏകദേശരൂപം ഊഹിക്കാവുന്നതാണല്ലോ. കാന്തിദൂസ് എന്ന പേരിൽ വരാപ്പുഴ ഉണ്ടായിരുന്ന ഒരു പാശ്ചാത്യ മിഷ്യനറിയുടെ പേരാണ്ട് പത്രാധിപർ (നടത്തുകാരൻ) എന്ന നിലയിൽ കാഹളത്തിൽ ചേർത്തിരുന്നതു്. എന്നുവരികിലും പത്രാധിപകൃത്യം നിർവ്വഹിച്ചിരുന്നതു്, മഞ്ഞുമേൽ ആശ്രമത്തിലെ ളൂവീസ് എന്ന വൈദികനും, കൊച്ചി അമരാവതിക്കാരൻ തൈപ്പറമ്പിൽ ടി. ജെ. പൈലിയുമായിരുന്നു. ഈ വസ്തുത പത്തുനാല്പതു വഷർങ്ങൾക്കുമുമ്പു് അന്നു വയോവൃദ്ധനായിരുന്ന ഫാദർ ളൂവീസിൽനിന്നുതന്നെ ഈ ലേഖകൻ നേരിട്ടറിയുവാൻ കഴിഞ്ഞിട്ടുള്ളതുമാണു്. പിന്നീടു സുദീർഘകാലം — അരനൂററാണ്ടോളം — പി സി. വർക്കിയാണു് സത്യനാദത്തിൻ്റെ പത്രാധിപരായിരുന്നതു്. അപൂർണ്ണഗാനം എന്ന നോവലിൻ്റെ കർത്താവായ കെ. പി.പീറ്റർ, തോണ്ടൻകുളങ്ങര കൃഷ്ണവാര്യർ, കെ. എ. പോൾ എന്നിവരും സത്യനാദത്തിൻ്റെ പത്രാധിപന്മാരായിരുന്നിട്ടുണ്ട്.
