ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

കൊല്ലത്തും മേല്പറഞ്ഞ കാലഘട്ടത്തിൽത്തന്നെ ജസ്വിറ്റുകാർ ഒരു മുദ്രണാലയം സ്ഥാപിച്ചുവെന്നും 1578-ൽ അവിടെനിന്നു് ആദ്യമായി ഒരു പുസ്തകം മുദ്രണം ചെയ്തുവെന്നും അടുത്തകാലത്തു് ‘സത്യനാദ’ത്തിൽ ഒരു ലേഖകൻ എഴുതിക്കാണുകയുണ്ടായി. അന്നച്ചടിച്ച ആ അമൂല്യ ഗ്രന്ഥത്തിൻ്റെ ഒരു പ്രതി ഇന്നും Harvard College Library-യിൽ സൂക്ഷിച്ചിട്ടുണ്ടെന്നുകൂടി അദ്ദേഹം പറയുന്നു. ഗവേഷകന്മാരുടെ ശ്രദ്ധയിൽപ്പെടേണ്ട ഒരു കാര്യമാണതു്.

കേരളത്തിലെ ആദ്യത്തെ അച്ചടിശാലയെപ്പറ്റി മുമ്പു പ്രസ്താവിച്ചുവല്ലോ. കൊച്ചിക്കോട്ടയിലെ അച്ചടിശാല സ്ഥാപിച്ച് ഒരു പതിറ്റാണ്ടിനുള്ളിൽ ചേന്നമംഗലത്തിനടുത്തുള്ള വൈപ്പിൻകോട്ടയിലും അവർ മറ്റൊന്നു സ്ഥാപിച്ചു. 1602-ൽ ബിഷപ്പ് ഫ്രാൻസിസ് റോസിൻ്റെ താല്പര്യത്താൽ സുറിയാനി ഗ്രന്ഥങ്ങൾ അച്ചടിക്കുവാൻ മാത്രമായി ഒരു മുദ്രണാലയം കൂടി അവിടെ ഏർപ്പെടുത്തുകയുണ്ടായി. എന്നാൽ ആ മുദ്രണാലയം പിന്നീട് അദ്ദേഹം തന്നെ 1605-ൽ കൊടുങ്ങല്ലൂർക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. 1663-ാമാണ്ടോടടുത്തു ഇറ്റലിക്കാരനായ ഇഗ്നേഷ്യസ് എന്ന ജസ്വീറ്റു മിഷ്യനറിയുടെ ഉത്സാഹത്താൽ അമ്പഴക്കാട്ടും ഒരു അച്ചുക്കൂടം സ്ഥാപിക്കുകയുണ്ടായി. ഇങ്ങനെ കൊച്ചിയിലും കൊടുങ്ങല്ലൂരും മറ്റുമായി ഏതാനും മുദ്രണാലയങ്ങൾ സ്ഥാപിക്കപ്പെട്ടു. ഇവയത്രെ കേരളത്തിലെ ആദിമമുദ്രണാലയങ്ങൾ.