ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
ചില പ്രധാന വൃത്താന്തപത്രങ്ങൾ
പശ്ചിമതാരക : രാജ്യസമാചാരം, പശ്ചിമോദയം, ജ്ഞാന നിക്ഷേപം എന്നീ പ്രസിദ്ധീകരണങ്ങൾക്കുശേഷം, മലയാളഭാഷയിൽ പ്രസിദ്ധീകൃതമായ വൃത്താന്തപത്രമേതെന്നു കൃത്യമായിപ്പറയുവാൻ നിവൃത്തിയില്ല. പശ്ചിമതാരകയായിരിക്കണം അതെന്നു മിക്കവാറും സങ്കല്പിച്ചുപോരുന്നു. വാക്കർസായ്പ് ബ്രിട്ടീഷ് കൊച്ചിയിൽ ഏർപ്പെടുത്തിയിരുന്ന വെസ്റ്റേൺ സ്റ്റാർ പ്രസ്സിൽനിന്നു അതേപേരിൽ ഒരു ഇംഗ്ലീഷ് പ്രതിപക്ഷപത്രം പ്രസിദ്ധപ്പെടുത്തിവന്ന വസ്തുത ഇതിനുപരി പ്രസ്താവിച്ചിട്ടുണ്ടല്ലൊ. കോട്ടയത്തുകാരൻ സി. കുര്യൻ എന്നൊരാളും പ്രസ്തുത പത്രത്തിൻ്റെ കൂട്ടടമസ്ഥനായിരുന്നു. 1964 ആഗസ്‌ററു മുതൽ അതിനു ഒരു മലയാള പതിപ്പു് അഥവാ അനുബന്ധവും ആരംഭിച്ചു. അനാണു ‘പശ്ചിമതാരക’ മലയാളഭാഷയിലെ ഒന്നാമത്തെ വരുമാനപ്പത്രവും അതുതന്നെയാണെന്നു തോന്നുന്നു. പുകടിയിൽ ഇട്ടുപ്പുറൈട്ടർ, ടി ജെ. പൈലി എന്നിവരായിരുന്നു ഈ മലയാളപതിപ്പിൻ്റെ പത്രാധിപന്മാർ. കലൂർ ഉമ്മൻ പീലിപ്പോസാശാൻ ഇട്ടൂപ്പുറൈട്ടക്കുശേഷം പശ്ചിമ താരകയുടെ പത്രാധിപരായിരുന്നിട്ടുണ്ട്. അദ്ദേഹമാണു് ‘ആൾമാറാട്ടം’ എന്ന കൃതിയുടെ കർത്താവു്.
പശ്ചിമതാരക – കേരളപതാക: പശ്ചിമതാരകയ്ക്കുശേഷം 1870-ൽ കൊച്ചിയിൽനിന്നു പുറപ്പെട്ട ഒരു പത്രമാണ്, ‘കേരളപതാക.’ കൊച്ചി അമരാവതിയിലുള്ള മംഗലത്തു കുഞ്ഞുണ്ണിആശാനായിരുന്നു അതിൻ്റെ പത്രാധിപർ. മഹാകവി ഉള്ളൂർ പറയുന്നതിങ്ങനെയാണു്: “ആ അച്ചുക്കൂടത്തിൽനിന്നു (വെസ്റ്റേൺസ്റ്റാർ) ‘പശ്ചിമതാരക-കേരള പതാക’ എന്ന പേരിൽ 1048-ാമാണ്ടിടയ്ക്ക് ഒരു മലയാളപത്രവും പ്രചരിച്ചുതുടങ്ങി ആൾമാറാട്ടം എന്ന കഥയുടെ പ്രണേതാവായ പീലിപ്പോസാശാനും ടി. ജെ. പൈലിയുമാണു് പ്രാരംഭദശയിൽ അതിൻ്റെ ആധിപത്യം വഹിച്ചിരുന്നതു്. വെസ്റ്റേൺസ്റ്റാറിൻ്റെ ഒരു ഭാഷാനുവാദമായിരുന്നു പ്രായേണ ആ പത്രം” * (കേരളസാഹിത്യചരിത്രം, Part IV, പേജ് 263-264) മഹാകവിയുടെ ഈ അഭിപ്രായത്തിൽ അല്പം ചില പിശകുകൾ ഉള്ളതുപോലെ തോന്നുന്നു. 1878 മാച്ച് 16-ാം തീയതിയിലെ ‘സത്യനാദകാഹള’ത്തിൽ പശ്ചിമതാരകയെപ്പററി സന്ദർഭവശാൽ പ്രസ്താവിക്കുന്നതിങ്ങനെയാണു്: “താരകപത്രം 14-ാം പുസ്തകം 8-ാം നമ്പ്രിൽ ശുദ്ധ: മാർപ്പാപ്പ കാലം ചെയ്തു എന്നുള്ള വർത്തമാനം പ്രസ്താവിച്ചശേഷം” എന്നിങ്ങനെ കുറിച്ചിരിക്കുന്നു. പ്രസ്തുത രേഖയെ ആസ്പദമാക്കി കണക്കുകൂട്ടുമ്പോൾ താരകപത്രത്തിൻ്റെ (പശ്ചിമതാരക) ഉത്ഭവം 1861 ആഗസ്ററു മാസത്തിലാണെന്നും, പശ്ചിമതാരക-കേരളപതാക എന്ന പേർ അതിനു് ആരംഭത്തിൽ ഇല്ലായിരുന്നുവെന്നും കാണാവുന്നതാണു്. വെസ്റ്റേൺസ്റ്റാറിൻ്റെ ഭാഷാനുവാദമാണല്ലൊ പശ്ചിമതാരക. സത്യനാദകാഹളത്തിൻ്റെ ഒന്നാം വാള്യം 14-ാംലക്കത്തിൽ, (1877 മീനം 15) കേരളപതാകയിൽനിന്നു രണ്ടു റിപ്പോർട്ടുകൾ ഉദ്ധരിച്ചുകാണുന്നുണ്ടു്. അവയിൽനിന്നു് അക്കാലംവരെ പശ്ചിമതാരകയും കേരള പതാകയും വെവ്വേറെ പത്രങ്ങളായിത്തന്നെയാണു പ്രസിദ്ധീകരിച്ചിരുന്നതെന്നു സ്പഷ്ടമാകുന്നു. “Western Star and Malabar Standard” എന്ന പേരാണു് അതിനു് ഇംഗ്ലീഷിൽ കൊടുത്തിരുന്നതു്. ഇട്ടൂപ്പുറൈട്ടരും ടി. ജെ. പൈലിയുമായിരുന്നു പ്രാരംഭഘട്ടത്തിൽ പശ്ചിമതാരകയുടെ പത്രാധിപന്മാർ. പിലിപ്പോസാശാൻ പിന്നീടാണു പത്രാധിപരായിത്തീർന്നതു്.
