ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

ജ്ഞാനനിക്ഷേപം: കോട്ടയത്തു സി. എം. എസ്സിൽ നിന്നാരംഭിച്ച ‘ജ്ഞാനനിക്ഷേപ’മാണു് മലയാളത്തിലെ ഒന്നാമത്തെ വൃത്താന്ത പത്രമെന്നു പൊതുവേ ചരിത്രകാരന്മാർ സമ്മതിച്ചുപോന്നിട്ടുള്ളതാണു്. നമ്മുടെ സാഹിത്യചരിത്രഗ്രന്ഥങ്ങളിൽ പലതുകൊണ്ടും പ്രാമാണിക സ്ഥാനത്തു നിലകൊള്ളുന്ന ‘കേരളസാഹിത്യ ചരിത്രത്തിലും അതേ അഭിപ്രായംതന്നെയാണു് പ്രകാശിപ്പിച്ചിട്ടുള്ളത്. 1840-ൽ ആരംഭിച്ചതെന്നു വിശ്വസിച്ചുപോരുന്ന പ്രസ്തുത മാസികയുടെ ആദ്യലക്കങ്ങൾ ഒന്നും തന്നെ നമ്മുടെ ചരിത്രകാരന്മാരിൽ ഒരാൾക്കും കാണുവാൻ കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. അന്വേഷണത്തിൻ്റെ കുറവൊന്നുമല്ല, അലബ്ധമായിത്തീർന്നതുമൂലമുള്ള അപ്രാപ്യതയായിരിക്കണം കാരണം. പി. ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രം 1881-ലാണു് പ്രസിദ്ധീകരിച്ചതു്. അതിൽ പ്രസ്തുത പ്രസിദ്ധീകരണത്തെപ്പാറ്റിയോ, അതിന്റെ ഉത്ഭവകാ ലത്തെപ്പററിയോ എന്തെങ്കിലും കുറിച്ചിരുന്നെങ്കിൽ അതു് ആധികാരികമായ ഒരഭിപ്രായമായി സ്വീകരിക്കാമായിരുന്നു. അദ്ദേഹം അങ്ങന ചെയ്തിട്ടുമില്ല.

‘മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്രം’ 1869-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിലും ഈ പ്രസിദ്ധീകരണത്തെപ്പറ്റി എന്തെങ്കിലും സൂചിപ്പിക്കാമായിരുന്നു. അതിലും അതുണ്ടായിട്ടില്ല. ഇന്നു ‘ദക്ഷിണേന്ത്യാസഭ’യുടെ (മദ്ധ്യതിരുവിതാംകൂർ ഡയോസിഷൻ്റെ) മുഖപത്രമായി ജ്ഞാനനിക്ഷേപം പ്രചരിക്കുന്നുണ്ടെങ്കിലും അതിലെ ഇപ്പോഴുള്ള നമ്പരുകളെ അടിസ്ഥാനമാക്കി പ്രസ്തുത പ്രസിദ്ധീകരണത്തിൻ്റെ ഉൽപത്തികാലം നിർണ്ണയിക്കുവാൻ ഒരുവിധത്തിലും സാദ്ധ്യമല്ല. 1904-ൽ കോട്ടയം സി. എം. എസ്സ്. പ്രസ്സിൽനിന്ന് ഇ. വി. ജോൺപാദ്രി, ആർച്ചുഡീക്കൻ ഡോക്ടർ കോശിയുടെ ഒരു ജീവചരിത്രം എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിൽ ജ്ഞാനനിക്ഷേപത്തെപ്പാറ്റി ഇങ്ങനെ പ്രസ്താവിച്ചുകാണുന്നു: “നമ്മുടെ ഭാഷയിൽ ആദ്യമായി ജനിച്ച വർത്തമാനപ്പത്രം ജ്ഞാനനിക്ഷേപംതന്നെ ആകുന്നു. അതു് 1840 മുതൽ കോട്ടയം ചർച്ചുമിഷ്യൻ അച്ചുക്കൂടത്തിൽനിന്നും മാസംതോറും പ്രസിദ്ധം ചെയ്തുവന്നു… ഇതിൽ ആ കാലത്തു ലോകവർത്തമാനത്തിൻ്റെ ഒരു ചുരുക്കവും, മതസംബന്ധമായും സാമൂഹികമായും ഉള്ള മറ്റു അനേകം കാര്യങ്ങളും അടങ്ങിയിരിക്കുന്നു. റോമാ മതോപദേശങ്ങളോടുള്ള എതിര്ഞപ്പും സുറിയാനിസഭയിലെ പല അനാചാരങ്ങളെച്ചൊല്ലി വാദപ്രതിവാദങ്ങളും മുറക്കു ഈ പത്രം മുഖാന്തരം ചെയ്തുകൊണ്ടിരുന്നു.”* ( ജീവചിരരത്രം, പേജ് 156) ജീവചരിത്രത്തിലെ ഈ പ്രസ്താവം ആധികാരികമായ ഒന്നായി തോന്നിയതിനാൽ, 1961-ൽ പ്രസിദ്ധപ്പെടുത്തിയ ‘മലബാർ മെയിൽ ജൂബിലി സുവനീറിൽ’ അദ്യത്തെ പത്രമാസികകൾ എന്ന ലേഖനത്തിൽ ജ്ഞാനനിക്ഷേപംതന്നെയായിരിക്കാം ആദ്യത്തെ പ്രസിദ്ധീകരണം എന്നൊരഭ്യൂഹം ഈ ലേഖകൻ പുറപ്പെടുവിക്കയും ചെയ്തു *(ജൂബിലി സുവനീർ, പേജ് 60) , എന്നാൽ എൻ്റെ അഭ്യൂഹം തെറ്റാണെന്നും, ജ്ഞാനനിക്ഷേപം 1848 നവംബർ മുതൽക്കാണു് പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയതെന്നും, ഗവേഷണകുശലനായ ഏ. ഡി. ഹരിശർമ്മ, 1963 ഒക്ടോബറിലെ സാഹിത്യപരിഷത്തു വിശേഷാൽപ്പതിയിൽ എഴുതിക്കാണുന്നു. * (സാഹിത്യപരിഷത്തു് വിശേഷാൽപ്രതി, പേജ് 605-608) അദ്ദേഹം പ്രദർശിപ്പിക്കുന്ന രണ്ടു തെളിവുകൾ ഇവയാണു്. സി. എം. എസ്സ്.കാരുടെ പ്രവത്തനങ്ങളെ രേഖപ്പെടുത്തിയിട്ടുള്ളതും, 1930-ൽ പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ ‘തിരു വിതാംകൂർ കൊച്ചി ആം​ഗ്ലേയസഭാചരിത്ര’ത്തിൽ, “1850-നു സമീപിച്ചു് ജ്ഞാനനിക്ഷേപം പ്രസിദ്ധീകരിച്ചുതുടങ്ങി” എന്നു പ്രസ്താവിച്ചിട്ടുണ്ടെ ന്നുള്ളതാണു് ഒന്നു്. മറ്റൊന്നു്, 1854 മാർച്ചു മാസത്തിലെ 65-ാം നമ്പർ ജ്ഞാനനിക്ഷേപത്തിൻ്റെ ഒരു കോപ്പി ഇടമറുകു ടി. സി. ജോസഫ് കണ്ടതായി പ്രസ്താവിച്ചിട്ടുള്ളതാണു്. മേല്പറഞ്ഞ നമ്പർ തൊട്ടു പിന്നോക്കം കണക്കാക്കിയാൽ 1848 നവംബറിൽ ചെന്നെത്തുമെന്ന് അതിൽ നിന്നു കണക്കാക്കുകയും ചെയ്യുന്നു. മേൽക്കാണിച്ച രണ്ടു തെളിവുകളും അചഞ്ചലവും വൈകല്യരഹിതവും ആയിട്ടുള്ളവതന്നെ എന്നുവരികിൽ ജ്ഞാനനിക്ഷേപത്തിൻ്റെ ഉത്ഭവകാലത്തെപ്പറ്റി ഇനി ശങ്കിച്ചിട്ടാവശ്യമില്ല.

ജ്ഞാനനിക്ഷേപം എത്രകാലം തുടർച്ചയായി പ്രസിദ്ധീകരിച്ചുവെന്നു നിശ്ചയമില്ല. ഏതാനും കൊല്ലങ്ങൾ മുടങ്ങിക്കിടന്നതായും, ഒടുവിൽ 1897 മുതൽ ആരംഭിച്ചതായും അറിയുന്നുണ്ടു്. ഗീവറുഗീസുകത്തനാർ, ആർച്ചുഡീക്കൻ കോശി എന്നിവർ ആദ്യകാലങ്ങളിൽ ഈ മാസികയുടെ പ്രധാന പ്രവർത്തകരായിരുന്നു. കത്തനാരുടെ പല ഗദ്യകൃതികളും ജ്ഞാനനിക്ഷേപത്തിലൂടെയാണു് ആദ്യം പുറത്തുവന്നതു്. ആർച്ചുഡീക്കൻ്റെ ‘പുല്ലേലിക്കുഞ്ചു’ തുടങ്ങിയ പ്രധാന കൃതികൾ വെളിപ്പെട്ടതും ഈ മാസികവഴിക്കുതന്നെയായിരുന്നു.