ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
ആദ്യത്തെ പ്രസിദ്ധീകരണങ്ങൾ: കേരളത്തിൽ, ഇന്നേവരെയായി ഏകദേശം മുന്നൂറോളം പത്രങ്ങളും, അഞ്ഞൂറിലേറെ മാസികകളും ആവിർഭവിച്ചിട്ടുണ്ട്. എന്നാൽ അവയെപ്പററി നമുക്കുള്ള അറിവു് എത്രയോ തുച്ഛം! പലതിനെപ്പാറ്റിയും അറിയേണ്ട ആവശ്യമില്ലെന്നും വിചാരിക്കുക, എന്നുവരികിലും സുപ്രധാനങ്ങളെന്നു കരുതപ്പെടുന്നവയെപ്പറ്റിയെങ്കിലും നാമല്പമൊക്കെ അറിഞ്ഞിരിക്കണമല്ലോ. എങ്ങാണ്ട് ഒരു നൂറ്റാണ്ടത്തെ പത്രപ്രവത്തന ചരിത്രമേ നമുക്കു പറയാനുള്ളൂ. പക്ഷേ, അതിനെപ്പറ്റി പ്രതിപാദിച്ചുതുടങ്ങുമ്പോഴാണ് വൈഷമ്യം മനസ്സിലാകുക.
മലയാളത്തിലെ ഒന്നാമത്തെ വൃത്താന്തപത്രമേത്? അതു് എന്നു മുതൽ ആരംഭിച്ചു? തുടങ്ങിയതാരു്? എന്ന തുടങ്ങിയ പ്രശ്നങ്ങള സംബന്ധിച്ച് ഗവേഷകന്മാരുടെയിടയിൽ ഇന്നും അഭിപ്രായവ്യത്യാസങ്ങൾ നിലകൊള്ളുകയാണ്. ഒരു കാര്യം എല്ലാവരും സമ്മതിക്കുന്നതുതന്നെ. മററു പല രംഗങ്ങളിലുമെന്നപോലെ കേരളത്തിൽ ഭാഷാപത്ര ങ്ങൾക്കു അടിത്തറപാകിയതു പാശ്ചാത്യമിഷ്യനറിമാരാണെന്നുള്ളതിൽ രണ്ടുപക്ഷമില്ല. കേരളത്തിൽ മാത്രമല്ല, ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളിലും ഭാഷാപത്രങ്ങൾക്ക് അടിസ്ഥാനമിട്ടതു് അവർതന്നെയാണു്. ബങ്കാളിലെ സെറാമ്പൂരിൽ 1818-ൽ ഈ മിഷ്യനറിമാർ സ്ഥാപിച്ച ‘സമാചാർ ദർപ്പൺ’ എന്ന പ്രസിദ്ധീകരണമായിരുന്നു ബങ്കാളിലെ –ഇൻഡ്യയിലെതന്നെ — ആദ്യത്തെ ഭാഷാപത്രം. ബങ്കാളിൽ രാജാറാം മോഹൻറോയി തുടങ്ങിയവരുടെ രംഗപ്രവേശം അതിൽ പിന്നീടു മാത്രമാണുണ്ടായിട്ടുള്ളത്. പഞ്ചാബി, തെലുങ്ക് മുതലായ ഭാഷകളിലും ക്രിസ്ത്യൻ മിഷ്യനറിമാർതന്നെയാണു് ആദ്യം പത്രപ്രവത്തനമാരംഭിച്ചതു്. മലയാളത്തിലെ കഥ പറയേണ്ടതില്ലല്ലോ. എന്നാൽ ആദ്യത്തെ പ്രസിദ്ധീകരണമേതെന്നുള്ളതാണു് ഇവിടെ ഇനിയും വിവാദവിഷയമായിട്ടുള്ളത്.
