ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

പത്രമാസികകൾ

പ്രാരംഭം: ജനങ്ങളുടെ ജ്ഞാനവിജ്ഞാനവളർച്ചയ്ക്ക് ഏററവും സഹായകമായിത്തീർന്നിട്ടുള്ളതു്, പില്ക്കാലത്തു കേരളത്തിലെ മുദ്രണാലയങ്ങളിൽനിന്നു പുറപ്പെട്ട പ്രസിദ്ധീകരണങ്ങളാണെന്നുള്ള വസ്തുത ഒരിക്കലും വിസ്മരിക്കാവുന്നതല്ല. കാസർഗോഡു മുതൽ കന്യാകുമാരിപര്യന്തമുള്ള കേരളഭൂമിയിൽ അങ്ങുമിങ്ങുമായി അറിയപ്പെടാതെ കഴിഞ്ഞുകൂടിയിരുന്ന കേരളീയ ജനതയെ പരസ്പരം പരിചയപ്പെടുത്തുകയും, അവരുടെ ആശയാദർശങ്ങൾക്കു സാരൂപ്യവും, വേഷഭാഷകൾക്ക് ഐകരൂപ്യവും ഇത്രത്തോളം വരുത്തുകയും ചെയ്തിട്ടുള്ളതു മേല്പറഞ്ഞ പ്രസിദ്ധീകരണ ങ്ങളാണെന്നു നിസ്സംശയം പറയാം. തെക്കൻ ഭാഷ, വടക്കൻ ഭാഷ, നാട്ടു ഭാഷ, നഗര ഭാഷ, നമ്പൂരി ഭാഷ, ചാന്നാൻ ഭാഷ, പറങ്ങോടി ഭാഷ എന്നിങ്ങനെയുള്ള വിഭാഗോപാധികളെല്ലാം ശുദ്ധിപ്പെടുത്തി, ജനതയെ ഒരു ചരടിലിണക്കിക്കോർക്കാൻ സഹായിച്ചിട്ടുള്ളതും ആവക പ്രസിദ്ധീകരണങ്ങളല്ലാതെ മറ്റൊന്നുമല്ല. ഇന്നത്തെ ദേശീയവും വൈകാരികവുമായ എല്ലാ ഉൽഗ്രഥനങ്ങൾക്കും പശ്ചാത്തലമായിത്തീർന്നിട്ടുള്ളതു പ്രസ്തുത പ്രസിദ്ധീകരണങ്ങളാണെന്നു തീർത്തും പറയാവുന്നതു തന്നെ. ഈയവസരത്തിൽ, വൃത്താന്തപത്രങ്ങൾ തുടങ്ങിയ അത്തരം പ്രസിദ്ധീകരണങ്ങളിൽ ശ്രദ്ധേയങ്ങളായ ചിലതിനെപ്പറ്റി അല്പം ചിലതു കുറിക്കുന്നതു യുക്തമായിരിക്കുമെന്നു വിശ്വസിക്കുന്നു.