ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

വി. വി. പബ്ലിഷിംഗ് ഹൗസ് : 1090-ൽ തോമസ് പോൾ തിരുവനന്തപുരത്തു സ്ഥാപിച്ച ഒരു പ്രസിദ്ധീകരണശാലയാണു് വി. വി. (വിദ്യാവിലാസം) പബ്ലിഷിംഗ് ഹൗസ്. പിന്നീട് അതിൻ്റെ ഓരോ ശാഖ എറണാകുളത്തും കോഴിക്കോടും അദ്ദേഹം സ്ഥാപ ക്കയുണ്ടായി. കേരളഭാഷാപ്രണയികൾ, സാഹിത്യപ്രണയികൾ എന്നീ ജീവചരിത്രപരമ്പര തോമസ് പോൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വയാണു്. ‘ദീപം’ എന്ന സചിത്രമാസികയും അദ്ദേഹം എറണാകുളത്തു നിന്നു പ്രസിദ്ധപ്പെടുത്തിയിരുന്നു.

ശ്രീരാമവിലാസംപ്രസ്സ്: കെ. ജി. പരമേശ്വരൻപിള്ള 1101-ൽ കൊല്ലത്തു സ്ഥാപിച്ച ഒരു പ്രസ്സാണ് ശ്രീരാമവിലാസം. 1103-ൽ അതിൽനിന്നും ‘മലയാളരാജ്യം’ എന്ന പത്രവും പുറപ്പെട്ടു. പി. കെ. നാരായണപിള്ള വ്യാഖ്യാനിച്ച ദശോപനിഷത്തുകൾ ശ്രീരാമവിലാ സത്തിൽനിന്നുമാണ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു്. റെഡ്യാരെ അനുകരിച്ച് 111 ദിവസത്തെ ആട്ടക്കഥകൾ, 60 ദിവസത്തെ തുള്ളലുകൾ എന്നിങ്ങനയുള്ള കൃതികളും അവിടെനിന്നു് അച്ചടിച്ചുതുടങ്ങി. പരമേശ്വരൻപിള്ള നല്ലൊരു ജനസേവകനും രാജ്യസേവകനുമായിരുന്നു. തന്നിമിത്തം അദ്ദേഹത്തിനു രാജ്യസേവാനിരതൻ എന്ന ബഹുമതി തിരുവിതാംകൂർ മഹാരാജാവു് നല്കുകയുമുണ്ടായി.

ഇത്തരം അച്ചടിശാലകളെപ്പറ്റി ഇനിയും പ്രസ്താവിക്കുവാനുണ്ട്. വിസ്തരഭയത്താൽ ഈ ഭാഗം ചുരുക്കുന്നു. ചിലതിനെപ്പറ്റി സന്ദർഭവശാൽ മേലിലും കുറിക്കുന്നതാണ്. ഇന്ന് അച്ചുക്കൂടങ്ങൾ വ്യവസായ സ്ഥാപനങ്ങളായി വർളന്നുകഴിഞ്ഞിരിക്കുന്നു. വലിയതോതിലുള്ള ടെലി പ്രിൻറർ സർവ്വീസ്, റോട്ടറി പ്രസ്സ്, മോണോടൈപ്പ് കമ്പോസിംഗ് മെഷീൻ എന്നിങ്ങനെയുള്ളവയെല്ലാം നമ്മുടെ നാട്ടിൽ ഉടലെടുത്തുകഴിഞ്ഞിരിക്കയാണു്. വലുതും ചെറുതുമായി ഏതാണ്ടു് എഴുന്നൂറോളം പ്രസ്സുകൾ കേരളത്തിൽ ഇന്നുള്ളതായറിയുന്നു. അച്ചടിവ്യവസായം വളരെ പുരോഗമിച്ചിട്ടുമുണ്ടു്. അതോടൊപ്പം ഭാഷയ്ക്കും സാഹിത്യത്തിനും വന്നുകൊണ്ടിരിക്കുന്ന അഭിവൃദ്ധിക്കും അഭിമാനാവഹമെന്നേ പറയേണ്ടൂ.