ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
മംഗളോദയം പ്രസ്സ്: കേരളകല്പദ്രുമം അച്ചുക്കൂടം മാളിയമ്മാവു കുഞ്ഞുവറിയതിൻ്റെ മേൽനോട്ടത്തിൽ നടന്നുവന്ന വസ്തുത ഇതിനുമുമ്പു വ്യക്തമാക്കിയിട്ടുണ്ടല്ലൊ. കൊല്ലം 1076-ൽ മാളിയമ്മാവു് അവിടെ നിന്നു പിരിഞ്ഞതോടുകൂടി കല്പദ്രുമത്തിൻ്റെ പുരോഗതിയും നിലച്ചു എന്നുതന്നെ പറയാം. അധികകാലം കഴിയുന്നതിനുമുമ്പ് പ്രസ്തുത പ്രസ്സ് ‘യോഗക്ഷേമം’ കമ്പനിക്കുവേണ്ടി ദേശമങ്ഗലത്തു മനയ്ക്കൽനിന്നു വാങ്ങുകയുണ്ടായി. അങ്ങനെ യോഗക്ഷേമത്തിൽ ചെന്നുചേർന്ന കേരളകല്പദ്രൂമമാണു്, പിന്നീടു മംഗളോദയം കമ്പനിയായി രൂപാന്തരപ്പെട്ടതു്. ഈ മംഗളോദയം കമ്പനിയുടേയും അച്ചുക്കൂടത്തിൻ്റെയും സ്ഥാപനത്തിൽ ചെങ്കുളത്തു ചെറിയ കുഞ്ഞിരാമമേനോനു വലിയൊരു പങ്കുണ്ട്. മംഗളോദയം എന്ന പേരിൽ ഒരു മാസിക പ്രസ്തുത പ്രസ്സിൽനിന്നു പുറപ്പെട്ടിരുന്നതു പ്രസിദ്ധമാണല്ലൊ ഇന്നു പ്രസ്തുത പ്രസ്സിൻ്റെ ഉടമസ്ഥൻ പ്രസിദ്ധമായ ദേശമംഗലത്തു മനയ്ക്കലെ ശങ്കരൻനമ്പൂതിരിപ്പാടത്രെ. കേരളത്തിലെ അന്തസ്സുറ്റ അച്ചുക്കൂടങ്ങളിൽ അതിപ്രധാനമായ ഒന്നാണു് മംഗളോദയം എന്നു പറയുന്നതിൽ തെററില്ല.
ബി. വി. ബുക്കുഡിപ്പോ, കമലാലയം പ്രിൻ്റെിംഗ് വർക്ക്സ്: തിരുവില്വാമലസ്വദേശിയായ കുളക്കുന്നത്തു രാമൻമേനോൻ 1078-ൽ തിരുവനന്തപുരത്തു സ്ഥാപിച്ച ബി. വി (ഭാഷാഭിവർദ്ധിനി) ബുക്കു ഡിപ്പോ വളരെ പ്രസിദ്ധമാണു്. കേരളവർമ്മയുടെ കൃതികൾ. ഏ. ആർ. ൻ്റെ ആഗമിക പ്രസ്ഥാനത്തിലുള്ള കേരളപാണിനീയം, സാഹിത്യസാഹ്യം തുടങ്ങിയവയുടെ വില്പന ആരംഭിച്ചതാണ് മുഖ്യമായും ഈ ഡിപ്പോവിൻ്റെ പ്രസിദ്ധിക്കു കാരണം. അചിരേണ ‘കമലാലയം’ എന്നൊരു അച്ചുക്കൂടവും രാമൻമേനോൻ സ്ഥാപിച്ചു അതിൽനിന്നാണു് പിന്നീട് ‘സമദർശി’ എന്ന പത്രം പുറപ്പെട്ടതു്. മലബാറിൽ ഒറ്റപ്പാലത്തും ബി. വി. ബുക്കുഡിപ്പോവിൻ്റെയും കമലാലയ അച്ചുക്കൂടത്തിന്റെയും ഓരോ ശാഖകൾ പിന്നീടു സ്ഥാപിക്കുകയുണ്ടായി. വള്ളത്തോൾ വിവർത്തനം ചെയ്ത പാത്മം, വാമനം, മാത്സ്യം; കെ. വാസുദേവൻമുസ്സതു വിവർത്തനം ചെയ്തു ആഗ്നേയം: സ്വാമി ആഗമാനന്ദൻ പരിഭാഷപ്പെടുത്തിയ വൈഷ്ണവം എന്നീ പുരാണങ്ങൾ രാമൻമേനോൻ കമലാലയം അച്ചുക്കൂടത്തിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളവയാണു്. കമലാലയത്തിൽനിന്നു പിന്നീടു ഭാഗം പിരിഞ്ഞുപോയ ഒരു സ്ഥാപനമാണു് ബി. വി. പ്രിന്റ്റിംഗ് വർക്ക്സ്’. ‘ശ്രീചിത്രയുഗം’ ദിനപ്പത്രം അതിൽനിന്നുമാണു് പുറപ്പെട്ടിരുന്നതു്.
