ഗദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)

ഭാരതവിലാസം: കേരളത്തിൽ പല പ്രസ്സുകളും ഉടലെടുത്തുവെങ്കിലും തൃശൂർ ഭാരതവിലാസം പോലെ പേരും പെരുമയും ആർജ്ജിച്ച പ്രസ്സുകൾ അധികമുണ്ടെന്നു തോന്നുന്നില്ല. ആ അച്ചുക്കൂടത്തിൻ്റെ സ്ഥാപകനായ മാളിയമ്മാവു കുഞ്ഞുവറിയതിൻ്റെ വ്യക്തിപ്രഭാവമാണു് അതിനു കാരണം. 1040-നോടടുത്തു കൊച്ചി സെൻ്റു തോമസു പ്രസ്സിൽ ഒരു കംപോസിറ്ററായി ജോലി ആരംഭിച്ച കുഞ്ഞുവറിയതു്, കുന്നങ്കളം വിദ്യാരത്നപ്രഭ, തൃശൂർ കേരളകല്പദ്രുമം എന്നീ അച്ചുക്കൂടങ്ങളുടെ നടത്തിപ്പിൽ പ്രധാന പ്രവർത്തകനായിത്തീർന്നു്, ഒടുവിൽ 1076-ൽ കേരളകല്പദ്രുമത്തിൽനിന്നും പിരിയുകയാണുണ്ടായതു്. അതിനുശേഷം ഒരു പ്രസ്സു സ്ഥാപിക്കുവാൻ തന്നെ തീർച്ചയാക്കി. അങ്ങനെയാണു് 1080 ചിങ്ങം 28-ാംതീയതി കുഞ്ഞിക്കുട്ടൻതമ്പുരാൻ തുടങ്ങിയ പണ്ഡിത സാർവ്വഭൗമന്മാരുടെ സാന്നിദ്ധ്യത്തിൽ ‘ഭാരതവിലാസം’ അച്ചുക്കൂടം ഉൽഘാടനം ചെയ്യപ്പെട്ടതു്. പ്രസിദ്ധ പണ്ഡിതനായ അഭിനവ വാചസ്പതി ടി. സി. പരമേശ്വരൻമൂസ്സതിനെ മലയാളത്തിലും സംസ്കൃതത്തിലുമുള്ള പുസ്തകങ്ങളുടെ പരിശോധനയ്ക്കായി ‘ഭാരതവിലാസ പ്രസാധകൻ’ എന്ന പേരിൽ പ്രത്യേകം നിയമിക്കയും ചെയ്തു. ഇങ്ങനെ ഒരു പരിഷ്ക്കാരം അതിനുമുമ്പു് കേരളത്തിൽ മറെറാരു പ്രസ്സിലും ചെയ്തിട്ടില്ലായിരുന്നു. പ്രാചീനങ്ങളായ പല കൃതികളുടെയും ശുദ്ധപാഠം അച്ചടിപ്പിക്കുവാൻ ഈ പരിഷ്കാരം വളരെ പ്രയോജനപ്പെട്ടു. ‘കേരളവർമ്മ രാമായണം കിളിപ്പാട്ട്’ അങ്ങനെ പ്രസിദ്ധപ്പെടുത്തിയവയിൽ മുഖ്യമായ ഒന്നാണു്. ഏ. ആർ. രാജരാജവർമ്മയുടെ ‘കാന്താരതാരകം’ എന്ന നള ചരിതവ്യാഖ്യാനം (1081-ൽ), അതുപോലെ പ്രശസ്തങ്ങളായ മറ്റനേകം കൃതികൾ എന്നിവയെല്ലാം പ്രസ്തുത മുദ്രാലയത്തിലാണു് അക്കാലത്തു അച്ചടിച്ചിരുന്നതു്. ശാങ്കരസ്മൃതി ഒരു നല്ല വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും അതിൽനിന്നുതന്നെയാണു്. ഭാരതവിലാസത്തിൻ്റെ വാർഷികോത്സവം എന്ന നിലയിൽ തൃശൂർ പൂരത്തോടനുബന്ധിച്ച്, 1081 മുതൽ ‘ഭാരതവിലാസസഭ’ എന്ന പേരിൽ ഒരു വിദ്വൽസദസ്സും ആരംഭിച്ചു. അതു് ഈ പ്രസ്സിൻ്റെ ഖ്യാതിയെ ഏറെ വർദ്ധിപ്പിക്കുവാനും ഇടവരുത്തിയെന്നു പറയേണ്ടതില്ലല്ലൊ. കുഞ്ഞുവറിയതു ‘വാണീകളേബരം’ എന്നൊരു പ്രസ്സും പിന്നീടു സ്ഥാപിക്കാതിരുന്നില്ല. പി. ശങ്കരൻനമ്പ്യാരുടെ ‘സാഹിത്യചരിത്ര സംഗ്രഹം’ ആദ്യമായി പ്രസിദ്ധപ്പെടുത്തിയതു പ്രസ്തുത പ്രസ്സിൽനിന്നുമായിരുന്നു.