ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
സാഹിത്യ പ്രവർത്തക സഹകരണ സംഘം: കേരള സാഹിത്യത്തേയും സാഹിത്യകാരന്മാരേയും സംബന്ധിച്ചിടത്തോളം ഇന്നു് അഭിമാനിക്കത്തക്ക ഒരു സംഘടനയാണു് സാഹിത്യ പ്രവത്തക സഹകരണ സംഘം. അതിൻ്റെ ഉത്ഭവചരിത്രം ഇങ്ങനെ സംഗ്രഹിക്കാം: 1945-ൽ കോട്ടയം കേന്ദ്രമാക്കി എം. പി. പോൾ, സീതാരാമൻ, കാരൂർ, ഡി. സി. തുടങ്ങിയ 12 സാഹിത്യ പ്രേമികൾ പത്തു രൂപാവീതം ഓഹരിത്തുക മുടക്കി ‘തിരുവിതാംകൂർ സാഹിത്യപ്രവത്തക സഹകരണസംഘം’ എന്ന പേരിൽ ഒരു സഹകരണസംഘം ആരംഭിച്ചു രജിസ്റ്റർ ചെയ്തു. അന്നു കേരളം രാഷ്ട്രീയമായി മൂന്നു വിഭിന്ന ഭരണങ്ങളിൽ അമർന്നിരുന്നതുകൊണ്ട് പ്രസ്തുത സംഘത്തിനു തിരുവിതാംകൂർ സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്ന നാമധേയമാണു നല്കിയിരുന്നതു്. പിന്നീടു തിരുവിതാംകൂറും കൊച്ചിയും സംയോജിച്ചപ്പോൾ, സംഘത്തിൻ്റെ പ്രവർത്തനം തിരുക്കൊച്ചിയിൽ മുഴുവൻ വ്യാപിപ്പിച്ചു. 1956 നംവമ്പറിൽ അഖണ്ഡ കേരളം രൂപംകൊണ്ടതോടുകൂടി സംഘത്തിൻ്റെ പ്രവർത്തനം സമസ്ത കേരളാടിസ്ഥാനത്തിലായിത്തിരുകയും ചെയ്തു.
കേരളത്തിലെ എഴുത്തുകാരിൽ ബഹുഭൂരിഭാഗവും ഇന്ന് ഈ സഹകരണ സംഘത്തിലെ അംഗങ്ങളാണെന്നു പറയാം. സംഘാംഗങ്ങളുടെ കൃതികൾ പ്രസിദ്ധപ്പെടുത്തുക, വില്ക്കുക എന്നീ പ്രവർത്തനങ്ങളാണു് മുഖ്യമായും സംഘം ചെയ്തുകൊണ്ടിരിക്കുന്നത്. കൂടാതെ സംഘാംഗങ്ങളോ അല്ലാത്തവരോ ആയ സാഹിത്യകാരന്മാർ സ്വന്തം ചെലവിൽ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുന്ന കൃതികളും വിതരണത്തിനായി സംഘം ഏറ്റെടുത്തുവരുന്നുണ്ടു്. ഇവയ്ക്കുപുറമെ, ഭാഷയുടേയും സാഹിത്യത്തിൻ്റെയും വളർച്ചയ്ക്കും ഉയർച്ചയ്ക്കും സഹായകമായ ചില ബൃഹത്ഗ്രന്ഥങ്ങളും സംഘം അച്ചടിച്ചു പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. അമരം പാരമേശ്വരി, ഗുണ്ടർട്ടനിഘണ്ടു, യുദ്ധവും സമാധാനവും, ശബ്ദതാരാവലി എന്നിങ്ങനെയുള്ള കൃതികൾ ഇവിടെ ചൂണ്ടിക്കാണിക്കത്തക്കവയാണു്. ശൈശവാവസ്ഥയിലിരിക്കുന്ന നമ്മുടെ ബാലസാഹിത്യ കൃതികളുടെ വളർച്ചയ്ക്കുവേണ്ടിയും ഈ സംഘം കാര്യമായി യത്നിച്ചുകൊണ്ടിരിക്കുന്നുണ്ടു്. പുസ്തക പ്രചാരത്തെ ശീഘ്രതരമാക്കുന്നതിനും വായിക്കുവാനുള്ള ഒരു ശീലം സാമാന്യ ജനങ്ങളിൽ വളർത്തുന്നതിനും പ്രേരകമായ പല പദ്ധതികളും അതിൻ്റെ ഭാരവാഹികൾ ഇന്നു നടപ്പാക്കിക്കൊണ്ടിരിക്കയുമാണു. ഇത്തരം പ്രവർത്തനങ്ങളോടുകൂടിയ ഒരു സംഘം കേരളത്തിലോ ഭാരതത്തിൽത്തന്നെയോ ഇതിനുമുമ്പു് എവിടെയെങ്കിലും ആരംഭിച്ചിരുന്നതായി അറിവില്ല. അതിനാൽ ഈ സംഘത്തിൻ്റെ പ്രാരംഭപ്രവർകന്മാർ പ്രദർശിപ്പിച്ച ധീരതയും ദീർഘദൃഷ്ടിയും സാഹിത്യ പ്രേമികളുടെ മുക്തകണ്ഠമായ അഭിനന്ദനം എന്നും അർഹിക്കുന്നതുതന്നെയാണു്.
1945 മുതൽ ’50 വരെയുള്ള കാലഘട്ടത്തിൽ സംഘത്തിൻ്റെ പ്രവർത്തനം വളരെ മന്ദഗതിയിലായിരുന്നു. ആ കാലഘട്ടത്തിനിടയ്ക്ക് ഒരു പുസ്തകം മാത്രമെ സംഘം പ്രസിദ്ധീകരിച്ചതായി കാണുന്നുള്ളു. അംഗികൃത മൂലധനത്തിൻ്റേയും പിരിഞ്ഞുകിട്ടിയ മൂലധനത്തിൻ്റേയും സ്ഥിതിയും ആശാവഹമായിരുന്നില്ല. എന്നാൽ 1950-നു ശേഷം സംഘത്തിനുണ്ടായ അഭിവൃദ്ധിയും പുരോഗതിയും വിസ്മയജനകമെന്നേ പറയേണ്ടൂ.
