ഗദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)

“എറണാകുളത്തുവച്ച് ആദ്യം കൂടിയ പരിഷത്സമ്മേളനം (ആറാമതു സമ്മേളനം) രണ്ടു കാര്യങ്ങൾ നിർവ്വഹിക്കുവാൻ ഉപകരിച്ചു — പരിഷത്തു രജിസ്റ്റർചെയ്കയും, ത്രൈമാസികം തുടങ്ങി നടത്തുകയും. രണ്ടാമതായി ഇവിടെവച്ചു കൂടുന്ന പരിഷത്സമ്മേളനത്തിൻ്റെ (16-ാ മതു സമ്മേളനത്തിൻ്റെ) ഫലമായി അതുപോലെ രണ്ടോ മൂന്നോ മുഖ്യകാര്യങ്ങൾ നിർവ്വഹിക്കുവാൻ സാധിച്ചാൽ ചാരിതാർത്ഥ്യത്തിന്നവകാശമുണ്ടായിരിക്കും.” * (ത്രൈമാസികം 12-ാംവാള്യം, പേജ് 167). ഷോഡശസമ്മേളനം, പരീഷന്നിർവ്വാഹക സമിതി നടത്തുവാൻ തീരുമാനിച്ച ഘട്ടത്തിൽ, അതിൻ്റെ അദ്ധ്യക്ഷനായിരുന്ന പ്രിൻസിപ്പാൽ പി. ശങ്കരൻനമ്പ്യാർ പുറപ്പെടുവിച്ച അഭിപ്രായമാണിതു്. അദ്ദേഹത്തിൻ്റെ ആ ഭാവന ഫലരൂപത്തിൽ എത്തിച്ചേരുകയും ചെയ്തു എന്നു പറയേണ്ടതില്ലല്ലോ.

നിവ്വാഹകസമിതി മൂന്നു ദിവസമായി നടത്തിയ ഈ ഷോഡശസമ്മേളനം, നവയോഗങ്ങളോടുകൂടിയതായിരുന്നു. മഹാകവി വള്ളത്തോളായിരുന്നു പൊതു അദ്ധ്യക്ഷൻ. ഒ. ടി. ശാരദാകൃഷ്ണൻ, ചേലനാട്ട് അച്യുതമേനോൻ, കുററിപ്പുറം, ഉള്ളൂർ എന്നിവരായിരുന്നു യഥാക്രമം ഇതരയോഗങ്ങളിലെ അദ്ധ്യക്ഷന്മാർ. പൊതുഅദ്ധ്യക്ഷനായിരുന്ന വള്ളത്തോളിൻ്റെ അസാന്നിദ്ധ്യത്തിൽ, പരിഷത്തിൻ്റെ സ്ഥിരാദ്ധ്യക്ഷനായ മഹാകവി ഉള്ളൂർ, സമാപന സമ്മേളനത്തിൽ ആദ്ധ്യക്ഷ്യം വഹിച്ചു. കൊച്ചി രാമവർമ്മ പരീക്ഷിത്തു കുഞ്ഞുണ്ണിത്തമ്പുരാൻ തിരുമനസ്സുകൊണ്ടാണു് സ്വാഗതസംഘാദ്ധ്യക്ഷനായിരുന്നതു്. പ്രസ്തുത സമ്മേളനത്തിൻ്റെ റിപ്പോർട്ട് ‘സാഹിത്യാവലോകം’ എന്ന പേരിൽ പരിഷത്തിൽ നിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. ഷോഡശ സമ്മേളനത്തിൻ്റെ ഉൽപത്തിക്കും വിജയത്തിനും സൂത്രധാരത്വം വഹിച്ചുകൊണ്ടു നിശ്ശബ്ദസേവന മനുഷ്ഠിച്ചിരുന്ന പി. ശങ്കരൻനമ്പ്യരെ സാദരം അനുസ്മരിച്ചുകൊണ്ട് ഈ ഭാഗം അവസാനിപ്പിക്കുന്നു.

പരിഷത്തിൻറെ 17-ാം സമ്മേളനം 1946 മെയ് 16, 17 എന്നീ തീയതികളിൽ ചങ്ങനാശ്ശേരി എസ്സ്. ബി. കോളേജിൽവച്ചു നിർവ്വഹിക്കപ്പെട്ടു. പ്രഫ‌സർ പി. വി. ഉലഹന്നാൻ മാപ്പിളയായിരുന്നു അതിൻ്റെ നിർവ്വഹണത്തിൽ നേതൃത്വം വഹിച്ചിരുന്നതു്. സാധാരണനിലയിലുള്ള ഏതാനും യോഗങ്ങളും പ്രസംഗങ്ങളും പ്രമേയാവതരണങ്ങളുമൊക്കെ അക്കൊല്ലവും നടന്നു. മഹാകവി ഉള്ളൂർ, ഫാദർ എബ്രഹാം വടക്കേൽ, ഡി. പത്മനാഭനുണ്ണി മുതലായവരായിരുന്നു യോഗങ്ങളിലെ അദ്ധ്യക്ഷന്മാർ.

ഉള്ളൂരിൻ്റെ രാജി: പരിഷത്സംബന്ധമായ ചുമതലകളിൽനിന്നു തന്നെ ഒഴിവാക്കണമെന്നു കാണിച്ചുകൊണ്ടു് മഹാകവി, 1946 അവസാനത്തോടുകൂടി പരിഷന്നിർവ്വാഹകസമിതിക്കു് ഒരു കത്തയയ്ക്കുകയും, 1121 തുലാം 5-ാംതീയതി എറണാകുളം മഹാരാജകലാലയത്തിൽവച്ചു കൂടിയ പരിഷത്തിൻ്റെ 12-ാം വാർഷികയോഗം പ്രസ്തുത രാജി അംഗ കരിക്കുകയും, അങ്ങനെ അന്നേവരെ പരിഷൽസംഘടനയുടെ സ്ഥിരാദ്ധ്യക്ഷനായിരുന്ന മഹാകവി തൽസ്ഥാനം വിട്ടൊഴിയുകയും ചെയ്തു. ഇതിനുമുമ്പുതന്നെ (1944-ൽ) മാസികയുടെ പത്രാധിപസ്ഥാനത്തുനിന്നു അദ്ദേഹം പിന്മാറിയിരുന്നു. പത്തുപന്ത്രണ്ടു സംവത്സരങ്ങൾ തുടർച്ചയായി രജിസ്റ്റർ ചെയ്ത പരിഷത്തിൻ്റേയും ത്രൈമാസികത്തിൻ്റേയും ജീവനിൽ ജിവനായിരുന്ന മഹാകവിയുടെ ത്യാഗമോഹനമായ സേവനം സാഹിത്യപ്രണയികൾ ഒരുകാലത്തും വിസ്മരിക്കുന്നതല്ല. ചുമതലകളിൽ നിന്ന് ഒഴിഞ്ഞതിനു ശേഷവും പരിഷത്തിൻ്റെ നടപടികളെപ്പറ്റി അപ്പഴപ്പോൾ അറിഞ്ഞു കൊണ്ടിരിക്കുവാൻ, ചരമഗതി പ്രാപിക്കുന്നതു വരെയു, അദ്ദേഹം ആഗ്രഹിച്ചുകൊണ്ടിരുന്നു. തൽസംബന്ധമായി അക്കാലങ്ങളിൽ മഹാകവി ഈ ലേഖകനയച്ചിട്ടുള്ള ഒട്ടനേകം കത്തുകൾ ഇപ്പോൾ ഓർമ്മയിൽ വന്നുപോകുകയാണു്. അവയെപ്പറ്റിയൊന്നും ഇവിടെ അനുസ്മരിക്കേണ്ട ആവശ്യമില്ല. എങ്കിലും അദ്ദേഹത്തിൻ്റെ പരി ഷൽപ്രേമത്തെ കാണിക്കുവാൻ മാത്രമായി ഒരു ഭാഗം ഉദ്ധരിക്കുന്നു: “…തുലാം 16-ാം തീയതിയാണു് വാഷികയോഗമെന്നു കാണിച്ചു് എഴുത്തുവന്നു. അതിൽ നിങ്ങൾ സന്നിഹിതനായിരിക്കുകയും മുഴുവൻ വിവരങ്ങളും എന്നെ യഥാകാലം അറിയിക്കുകയും വേണം. ഞാൻ വളർത്തിക്കൊണ്ടുവന്ന ശിശുവായതുകൊണ്ടാണു എനിക്കു് അതിനോട്ട് ഈ മമത എന്നു പറയേണ്ടതില്ലല്ലോ. ഏതായാലും ഇന്നത്തെ സ്ഥിതിക്കു മാറ്റുവിധത്തിൽ തത്സംബന്ധമായി ഞാൻ കാലേകൂട്ടി സ്ഥാനം പരിത്യാഗം ചെയ്തതു് എനിക്കു മനശ്ശാന്തിക്കു കാരണമായിത്തീർന്നു….”

“ആരുമാരും തൂണും തുണയുമായി വരാത്ത ഒരു ദീർഘകാലത്തേക്കു ഞാൻ അതിനെ പിതൃനിർവ്വിശേഷം ലാളിച്ചു വളർത്തിയിരുന്നു. ആ അവസരത്തിൽപ്പോലും എൻ്റെ ആദ്ധ്യക്ഷ്യം ഞാൻ സ്വാർത്ഥത്തിനു വിനിയോഗിച്ചിട്ടില്ലെന്നുള്ളതു നിങ്ങൾക്കെല്ലാം പരക്കെ അറിവുള്ള ഒരു പരമാർത്ഥമാണല്ലൊ…” പരിഷത്തിനെപ്പറ്റി ആ നിസ്വാർത്ഥ സേവകൻ അവസാന നിമിഷംവരെയും അന്വേഷിക്കയും അനുസ്മരിക്കയും ചെയ്തു കൊണ്ടിരുന്നു.