പ്രാചീനഗദ്യകൃതികൾ
“വരവരായി മാരുതേ വാരായി ഹനുമൻ. ഇന്ത എഴുപതു വെള്ളം വാനരങ്കളിൽവെച്ചു നീ ഒരുവൻ തപ്പിപ്പിഴച്ചു എൻ സമീപത്തിൽ വന്തുനാൻ. ഉന്നൈക്കണ്ടതിൽ എനക്കെമ്മട്ടു സന്തോഷമുണ്ടെൻറു വന്താൽ, ദരിദ്രനായ ഒരുവനുടയ അടുക്കളക്കിണറ്റിൽ അമൃതു പിറന്ത തെൻറു വന്താൽ എമ്മട്ടു സന്തോഷമുണ്ടും അമ്മട്ടും സന്തോഷമുണ്ടും. ഇന്ത ആപൽക്കാലത്തിൽ ഉന്നെക്കണ്ടതിനാലെനക്കുണ്ടാന സന്തോഷം കേട്ടായോ മാരുതേ. പാര് പാര് നമ്മുടയ പടനിലത്തിൽ പാപിയാന രാവണിയിനുടയ ബ്രഹ്മസായകമേറ്റു ശ്രീരാമസ്വാമിയിനുടയ സഹായികളാന (ഏഴ്) എഴുപതു വെള്ളം വാനരങ്കളാകിലും. അതിൽ ഒരു വെള്ളത്തിനുടയ കണക്കെപ്പടി എൻ്ററിയ വേണുമാനാൽ.” (തുടർന്ന് ‘വെള്ള’മെന്ന വാനര സൈന്യത്തിന്റെ കണക്കു വിവരിക്കുന്നു. ‘അക്ഷൗഹിണി’യേക്കാളും വലിയൊരു സംഖ്യയാണതു്.) “ഇപ്പടിയുണ്ടാന എഴുപതു വെള്ളം വാനരപ്പടയും എൻറുതാനല്ല സർവ്വേശ്വരനാന ശ്രീരാസ്വാമിയിനുടയ തമ്പിയാന എളയസ്വാമിയും എൻറുതാനല്ല ഈരേഴു പതിന്നാലു ലോകം ഉൾപ്പെട്ടുണ്ടാന അന്തരമദ്ധ്യപാതാളമാന മൂൻറു ലോകവും അതിലെ വസിക്കപ്പെട്ട… മുപ്പത്തിരണ്ടുവകയാനളും ദാനധർമ്മങ്കളും എൻറുതാനല്ല വഴുവലെന്നും യാതാമൊരു കുറ്റമില്ലാമൽ കാലത്രയത്തിലും നാശമില്ലാമലിരിക്കുറ ഋക്ക്, യജൂർ, സാമം, അധർവ്വണമെങ്കുറ ചതുവേദങ്കളും ഉന്നുടെയ ചെറുപ്പത്തിലുണ്ടാന മരണസമയത്തിൽ മുഞ്ചൊന്ന സർവ്വമും നശിച്ചതുണ്ടും. അനന്തരം നീ ജീവിച്ച സമയത്തിൽ എല്ലാം ജീവിച്ചതുണ്ടും.കേട്ടായോ മാരുതേ, അതുപോലെ ബ്രഹ്മാസ്ത്രമേറ്റു പടെനിലത്തിൽ കിടക്കുറ ഇന്ത സർവ്വമാനപേർകളും പിഴക്കവേണ മെൻറു നീ ഒരുവൻ വിചാരിക്കുറതായിരുന്താൽ ഇവർകൾ ഇന്ത ബ്രഹ്മാസ്ത്രപീഡയിലിരുന്തു തപ്പിപ്പിഴക്കും കേട്ടായോ മാരുതേ. ശരണം ജാംബ രാജാ… നിന്തിരുവടിയിനുടെയ വാർത്തെ ഏതുപോലെ എൻറു ആലോചിക്കും സമയത്തിൽ ഒരു വൈദ്യനാനവൻ തീരാമലിരിക്കുറ വ്യാധിക്കു കിടൈയാമലിരിക്കുറ ഒരു ഔഷധം കല്പിച്ചപോലെയാകിലും. ആകയിനാൽ അസാദ്ധ്യമാന കാര്യത്തിൽ ഹനുമാൻ പ്രേയ്നം ചെയ്യവില്ലെ എന്റു ബാലനാന അടിയെനിടത്തിൽ നിൻതിരുവടി പരിഭവിക്കലാകാതു, കേട്ടിരോ ജാംബവരേ, അതു കേട്ടു.”
ചമ്പുക്കളിലെ ഗദ്യം: രാമായണഭാരതനൈഷധാദി ചമ്പുക്കളിലെ ഗദ്യ, ഗദ്യമെന്ന പേരിനെത്തന്നെ അർഹിക്കുന്നതല്ലെന്നു പ്രസിദ്ധമാണല്ലോ. “ഹിമകരമഹസാം പിണ്ഡംപോലെ — കർപ്പൂരത്തിൻ കൂട്ടം പോലെ — ശുഭകരശോഭാനിലയംപോലെ –“(* ഉത്തരരാമായണം, പേജ്-1) എന്നീ മട്ടിൽ ‘വൃത്തഗന്ധി’യായ ഗദ്യമാണു് അവയിലുള്ളതു്. എന്നാൽ ചങ്ങനാശേരി ലക്ഷ്മീപുരത്തു രവിവർമ്മകോയിത്തന്യരാൻെറ ഉഷാ കല്യാണം ഭാഷാചമ്പുവിൽ ചേർത്തിട്ടുള്ള ഗദ്യം, നാം സംസാരിച്ചുവരുന്ന രൂപത്തിലുള്ളതാണെന്ന് ഇവിടെ പ്രത്യേകം പ്രസ്താവിക്കേണ്ടതായിട്ടുണ്ട്. ഉഷാകല്യാ ണത്തെ അനുകരിച്ചു് മഹാകവി ഉള്ളൂർ, ചുനക്കരെ ഉണ്ണിക്കൃഷ്ണവാര്യർ, സർദാർ പണിക്കർ എന്നിവർ എഴുതിയിട്ടുള്ള ഭാഷാചമ്പുക്കളിലും സംഭാഷണരൂപത്തിലുള്ള ഗദ്യംതന്നെയാണു പ്രയോഗിച്ചുകാണുന്നതു്. എന്നാൽ ആവക കൃതികൾ ആധുനികങ്ങളാകയാൽ തൽ സംബന്ധമായി ഇവിടെ യാതൊന്നും പ്രസ്താവിക്കുവാൻ മുതിരുന്നില്ല.
ബ്രഹ്മാണ്ഡപുരാണം: മദ്ധ്യഘട്ടത്തിൽ ഉണ്ടായിട്ടുള്ള പ്രാചിന ഗദ്യകൃതികളിൽ ഏതുകൊണ്ടും പ്രാധാന്യമർഹിക്കുന്ന ഒന്നാണു് ബ്രഹ്മാണ്ഡപുരാണം. കൊല്ലവർഷം 648 ധനു 20-ാം തിയതിയാണ് പ്രസ്തുത കൃതി എഴുതിത്തീർന്നതെന്നു കാണുന്നു. ആ സ്ഥിതിക്കു് ഏകദേശം 500 വർഷത്തെ പഴക്കം അതിനുണ്ടെന്നു ഊഹിക്കാമല്ലോ. സംസ്കൃതത്തിലെ ബ്രഹ്മാണ്ഡപുരാണത്തിലുള്ള ചില കഥാഭാഗങ്ങളാണു് ഈ വിവർത്തിൽ അടങ്ങിയിട്ടുള്ളതു്.
പ്രസ്തുത കൃതിയുടെ കത്താവു്, കണ്ണശ്ശപ്പണിക്കർ എന്ന പേരിൽ പ്രസിദ്ധനയിത്തീർന്നിട്ടുള്ള നിരണത്തു രാമപ്പണിക്കരത്രെ. പുരാണകഥകളെ അവലംബിച്ചുള്ള സംസ്കൃതപ്രബന്ധങ്ങൾ ഒട്ടധികം പദ്യരൂപത്തിൽ പരിഭാഷപ്പെടുത്തി ഭാഷ കവികൾ കൈരളിയെ അലങ്കരിച്ചുകൊണ്ടിരുന്ന ഒരു ഘട്ടത്തിലായിരുന്നു പണിക്കർജിവിച്ചിരുന്നതു്. രാമായണം, ഭാരതം, ശിവരാത്രിമാഹാത്മ്യം മുതലായ കൃതികൾ അക്കാലത്തു ഭാഷാപദ്യങ്ങളായി പണിക്കർതന്നെ വിവർത്തനം ചെയ്തിട്ടുള്ളതു പ്രസിദ്ധമാണല്ലോ. എന്നാൽ ഛന്ദോബന്ധത്തിലും ഗീതികാശൃങ്ഖലകളിലും കുടുങ്ങി കുഴങ്ങിയിരുന്ന സാഹിതീദേവിയെ, ആ ബന്ധങ്ങളിൽനിന്നും വമുക്തയാക്കി, ഹൃദയഹാരിയായ ഒരു കാവ്യം രചിക്കാൻ കവിയെ പ്രേരിപ്പിച്ച പരിതഃസ്ഥിതി അജ്ഞാതവും ദുരൂഹവുമായിത്തന്നെയിരിക്കുന്നു. മേല്പറഞ്ഞ കൃതിയെപ്പറ്റി കേട്ടുകേൾവിയല്ലാതെ ചരിത്രകാരന്മാർക്കുപോലും അല്പകാലം മുമ്പുവരെ യാതൊരറിവും സിദ്ധിച്ചിരുന്നില്ല. ‘അന്തർജ്ജനം പോലറയിൽ കിടന്നി’രുന്ന ആ വിശിഷ്ടഗ്രന്ഥത്തെ വെളിയിൽ പ്രദർശിപ്പിച്ച തിരുവിതാംകൂർ ഗവർമ്മേണ്ടിന്റെ നേരെ ഭാഷാപ്രണയികൾ കൃതജ്ഞരായിരിക്കേണ്ടതാണു്. 470 വർഷങ്ങൾക്കു മുമ്പുള്ള മലയാളഗദ്യസാഹിത്യത്തിന്റെ ഗതിവിഗതികൾ പലതും ഈ ഗ്രന്ഥതല്ലജം നമ്മെ മനസ്സിലാക്കുന്നു. ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കാം:
