ഗദ്യസാഹിത്യചരിത്രം. പതിനഞ്ചാമദ്ധ്യായം

പ്രബന്ധപ്രസ്ഥാനം

കൈനിക്കരയുടെ വിചാരവീചികൾ: പ്രതിപാദ്യത്തെ അപഗ്രഥിച്ചപഗ്രഥിച്ചു അതിൻ്റെ മർമ്മങ്ങളിൽ അനുവാചകൻ്റെ ശ്രദ്ധ അനായാസമായി പതിയത്തക്കവണ്ണം തൂലികാചലനം ചെയ്യുന്ന പണ്ഡിതശ്രേഷ്ഠനാണു് കൈനിക്കര കുമാരപിള്ള. വായനക്കാരെ വിഭ്രമിപ്പിക്കുന്ന പ്രതിപാദനരീതിയൊന്നും അദ്ദേഹത്തിനില്ല. നേരേമറിച്ച് അവരുടെ യുക്തിവിചാരത്തെ തൃപ്തിപ്പെടുത്തി മുന്നേറുന്ന ഒരു രീതിയാണു അദ്ദേഹത്തിനുള്ളതു്. ‘വിചാരവീചികളി’ലെ സ്നേഹവും സ്വാത്ഥവും. നമ്മുടെ വിദ്യാഭ്യാസത്തിൽ കലകൾക്കുള്ള സ്ഥാനം എന്നു തുടങ്ങിയ വിഷയങ്ങൾ ഇതിലേക്കുപോൽബലകങ്ങളാണു്. പ്രതിപാദ്യവിഷയങ്ങൾ പ്രൗഢങ്ങളാണെങ്കിലും വിദഗ്ദ്ധമായ അപഗ്രഥനസമ്പ്രദായവും അയത്നലളിതമായ ആവിഷ്ക്കരണ രീതിയുംകൊണ്ടു് അവ അനുവാചകരെ കൂടുതൽ സു​ഗമവും സുഗ്രഹവുമായിത്തീർന്നിരിക്കുന്നു. കൈനികരയുടെ മറ്റൊരു സമാഹാരമാണു് വിചാരമാധുരി. ഇംഗ്ലീഷ് സാഹിത്യത്തിലെ നർമോപന്യാസ (Personal Essay) ശാഖയെ മാതൃകയാക്കി എഴുതിയിട്ടുള്ള 14 ഉപന്യാസങ്ങളാണ് അതിലുള്ളതു്.

മൊണ്ടയിൻ്റെ ഉപന്യാസങ്ങൾ : ഉപന്യാസ സാഹിത്യത്തിൻ്റെ ഉപജ്ഞാതാവാണ് ഫ്രഞ്ചുകാരനായ മൊണ്ടയിൻ. അദ്ദേഹത്തിൻ്റെ ഉപന്യാസങ്ങൾ ഏതു ഭാഷയ്ക്കും അമൂല്യനിക്ഷേപങ്ങളായിരിക്കുമെന്നുള്ളതിൽ സംശയമില്ല. എന്നും പുത്തനായ ആശയങ്ങളാണു് അവയിൽ ഉൾക്കൊള്ളുന്നതു്. മലയാളത്തിൽ അദ്ദേഹത്തിൻ്റെ ഉപന്യാസങ്ങൾ പി. ശേഷാദ്രി അയ്യർ ബി. എ.. എം. എൽ. വിവർത്തനം ചെയ്യുകയും തിരുവിതാംകൂർ സർവ്വകലാശാല പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടു്.

മിശ്രകാന്തി: സുപ്രസിദ്ധ ലേഖകനായ എ. ഡി ഹരിശർമ്മയുടെ 9 ഉപന്യാസങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ചാരവൃത്തി, ഛായാവാദം (മിസ്റ്റിസിസം), കരുണയിലെ രസം, മലയാളഭാഷയും ജീവചരിത്രങ്ങളും മുതലായവയാണു് വിഷയങ്ങൾ. ഇവയിൽ ‘കരുണയിലെ രസം’ എന്ന ലേഖനം പ്രത്യേകിച്ചും ശ്രദ്ധേയമാണു്’. ‘കരുണ’യിലെ അംഗിയായ രസം ‘പൂവ്വരാഗവിപ്രലംഭ’മാണെന്നു മൂർക്കോത്തു കുമാരനും, ശൃംഗാര രസപ്രധാനങ്ങളായ കാവ്യങ്ങളിൽ ആത്മചിന്തയ്ക്കു സ്ഥാനമനുവദിച്ചതിനാൽ ആശാൻ്റെ ശൃംഗാരം വിരക്തിജനകമായിത്തീർന്നുവെന്നും, ഇങ്ങനെ രസപ്രതിപാദനവിഷയത്തിൽ കേവലം ബാലന്മാർക്കു കൂടി സംഭവിക്കാത്ത തെററുകൾ ആശാനു പറ്റിപ്പോയിട്ടുണ്ടെന്നും, കരുണയെ അധികരിച്ചു് വടക്കുംകൂർ രാജരാജവർമ്മയും പുറപ്പെടുവിച്ച അഭിപ്രായങ്ങളെ യുക്തിയുക്തമായി ഖണ്ഡിച്ചു് ആ കൃതിയിലെ അംഗിയായ രസം ശൃംഗാരമല്ല, ശാന്തമാണെന്നു സ്ഥാപിക്കയാണ് ഇതിൽ ചെയ്തിട്ടുള്ളതു്. ശത്രുക്കളുടെ സൈനികര ഹസ്യങ്ങളും മററും അറിയുന്നതിനു ചാരന്മാരെ ഏർപ്പെടുത്തുന്ന സമ്പ്രദായം പണ്ടുതന്നെ ഭാരതത്തിൽ നടപ്പിലുണ്ടായിരുന്നു എന്ന്’, മുദ്രാരാക്ഷസം, വാല്മീകിരാമായണം മുതലായവയെ ഉദാഹരിച്ചു വിവരിച്ചിരിക്കയാണു്’ ‘ചാരവൃത്തി’ എന്ന ലേഖനത്തിൽ. അന്യഭാഷകളിൽനിന്നു് മലയാളത്തിലേക്കു തർജ്ജമ ചെയ്യാൻ പുറപ്പെടുന്ന കാഥികന്മാർക്കും ശാസ്ത്രകാരന്മാർക്കും പറ്റുന്ന ചില അമളികളെ ഫലിതംകലർന്ന ഭാഷയിൽ പ്രതിപാദിക്കുന്നതാണു് ‘വിവർത്തനം’ എന്ന ഉപന്യാസം. ശ്രീ ശർമ്മയുടെ പ്രസന്നമായ ഭാഷാശൈലി ‘മിശ്രകാന്തി’യിലെ എല്ലാ ലേഖനങ്ങളിലും തെളിഞ്ഞുകാണാം. ‘സുവർണ്ണരശ്മി’ മറ്റൊരു സമാഹാരമാണു്. ഹരിശർമ്മയുടെ അവികലമായ രചനാചാതുരി ഇതിലെ ഉപന്യാസങ്ങളിലും പ്രകടമായി പ്രകാശിക്കുന്നുണ്ട്.