പ്രബന്ധപ്രസ്ഥാനം
പ്രബന്ധരത്നാകരം: പ്രസിദ്ധ സാഹിത്യകാരനായ പി. അനന്തൻ പിള്ള എം. എ. യാണു് ഇതിൻ്റെ കർത്താവു്. നിത്യസമാധാനം, കേരളത്തിലെ ‘കണ്ണകി’, ഇന്നത്തെ ആദർശഭിന്നതകൾ എന്നുതുടങ്ങി വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന 14 പ്രബന്ധങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഉള്ളടക്കത്തെപ്പറ്റി ഗ്രന്ഥകാരൻതന്നെ പ്രസ്താവിച്ചിട്ടുള്ള ഒരു ഭാഗം ഉദ്ധരിക്കത്തക്കതാണു്: “ഇന്നത്തെ ചില അന്താരാഷ്ട്രീയങ്ങളായ വിഷമപ്രശ്നങ്ങളെപ്പറ്റി എഴുതിയിട്ടുള്ളവയാണു് ‘നിത്യസമാധാനം’, ‘ഏകശാസനം അവസാനിക്കുമോ?’, ‘സ്വതന്ത്രഭാരതത്തിന്റെ രക്ഷാവസ്ഥ’ എന്നീ മൂന്നുപന്യാസങ്ങളും. പ്രസിദ്ധ തമിഴു മഹാകാവ്യമായ ‘ചിലപ്പതികാര’ത്തിലെ കണ്ണകീചരിതം പ്രാചീനകേരള ചരിത്രവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും, അന്നത്തെ കേരളത്തിൻ്റെ തലസ്ഥാനമേതെന്നും ചർച്ചചെയ്തെഴുതിയതാണു് ‘കേരളത്തിലെ കണ്ണകി’. കുഞ്ചൻ നമ്പ്യാരുടെ കഥനസാമർത്ഥ്യവും, ഫലിതപ്രസക്തിയും ഒരു കഥയെടുത്തുദാഹരിക്കുകയാണു് ‘തുള്ളൽക്കഥാനിരൂപണം’ എന്ന പ്രബന്ധത്തിൽ ചെയ്തിരിക്കുന്നതു്. മലയാളത്തിലെ ഇതിഹാസ കവിതാ പ്രസ്ഥാനത്തിൻ്റെ ഉൽപ്പത്തിയും വളർച്ചയും വിശദമാക്കി സാഹിത്യത്തിൻ്റെ ഉൽഗതിയിൽ അതിനുള്ള സ്ഥാനം എന്തെന്നു് ‘ഇതിഹാസകവിത’ എന്ന ഉപന്യാസത്തിൽ പ്രതിപാദിച്ചിരിക്കുന്നു. പ്രസിദ്ധീകൃതങ്ങളായ ജീവചരിത്രങ്ങൾക്ക് ഉപരിഗവേഷണംകൊണ്ടു് ഉപ-ജീവചരിത്രങ്ങളുണ്ടാകേണ്ട ആവശ്യകതയെയാണു്’ ‘ഉപ-ജീവചരിത്രങ്ങൾ’ എന്ന ഉപന്യാസത്തിൽ നിർദ്ദേശിച്ചിരിക്കുന്നതു്. ബാക്കി ഉപന്യാസങ്ങൾ മനുഷ്യജീവിതധർമ്മങ്ങളിൽ അവശ്യ വിജ്ഞേയങ്ങളായ ചില വിഷയങ്ങളെപ്പറ്റിയുള്ള ചിന്തകൾ ഉൾക്കൊള്ളുന്നവയാകുന്നു.” ഗ്രന്ഥകാരൻ്റെ പ്രതിപാദനരീതി ഏതു വിഷയത്തേയും വായനക്കാർക്കു സുഗ്രഹമാക്കിത്തീർക്കുവാൻ പര്യാപ്തമാണു്. ‘മാനസവിലാസം’, ‘പ്രബന്ധപാരിജാതം’, ‘സാഹിത്യപ്രസംഗമാല’ ഇവയാണ് അനന്തൻപിള്ളയുടെ മററു് ഉപന്യാസ സമാഹാരങ്ങൾ.
ശങ്കരക്കുറുപ്പിൻ്റെ ഉപന്യാസങ്ങൾ: ഗദ്യോപഹാരം, ലേഖമാല, മുത്തും ചിപ്പിയും ഇവ മൂന്നുമാണു് കുറുപ്പിൻ്റെ ഉപന്യാസ സമാഹാരങ്ങൾ. ആദ്യത്തേതിൽ കവിത, കവികൾ, കാവ്യനിർമ്മാണം, സുകുമാരകലകൾ എന്നിങ്ങനെ കലാസംബന്ധികളായ പതിനേഴുപന്യാസങ്ങളാണു മുന്നിലുള്ളത്. ചാർവ്വാകമതം, ബൗദ്ധദർശനം, ഭഗവദ്‌ഗീത ഇങ്ങനെ സാഹിത്യപരങ്ങളല്ലാത്ത മൂന്നുപന്യാസങ്ങൾകൂടി അവസാനത്തിൽ കൊള്ളിച്ചിട്ടുണ്ടു്. ലേഖമാലയിൽ, ഗാന്ധിജിയും കലയും, പുരോഗതിയും പൂർവ്വസംസ്‌കാരവും, ജീവിതവും സാഹിത്യവും എന്നു തുടങ്ങി പതിനൊന്നു ലേഖനങ്ങൾ (പുഷ്പങ്ങൾ) അടങ്ങിയിരിക്കുന്നു. മൂന്നാമത്തെ സമാഹാരത്തിൽ എൻ്റെ കവിത, സിംബോളിസം എന്നു തുടങ്ങി പതിന്നാലു പ്രബന്ധങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളതു്. കുറുപ്പിൻ്റെ കവിതപോലെതന്നെ അർത്ഥശക്തിയുള്ള പദവാക്യങ്ങളും ചിന്താമധുരങ്ങളായ ആശയങ്ങളും നിറഞ്ഞുള്ളവയാണു് മൂന്നു സമാഹാരത്തിലേയും പ്രബന്ധങ്ങൾ. മുത്തും ചിപ്പിയിലെ, ‘കാശ്മീരിൽ’ എന്ന ലേഖനം ഹൃദ്യമായ ഒരു യാത്രാവിവരണമായിട്ടുണ്ടു്. ഒരേ വിഷയം തന്നെ പല രൂപത്തിൽ വൈചിത്ര്യസമേതം ആവിഷ്ക്കരിക്കാൻ കുറുപ്പിനുള്ള അനിതരസാധാരണമായ പ്രവണത ഈ സമാഹാരങ്ങളിൽ പലേടത്തും വ്യക്തമായി കാണാം. അപൂർവ്വം ചില സ്ഥലങ്ങളിൽ, ‘പ്രതീകാത്മകരീതി’യോടുള്ള അവിഭക്തബന്ധം കൊണ്ടോ എന്തോ, ഉപന്യാസത്തിൽ മുഖ്യമായും വേണ്ട അവക്രത അഥവാ സരളത കുറെയെല്ലാം കുറഞ്ഞുപോയിട്ടുണ്ടു്. എങ്കിലും ഭാവനാസമ്പന്നനായ ഒരു കലാകാരൻ്റെ കരവിരുതു് അവിടെയും മിന്നിത്തിളങ്ങാതിരിക്കുന്നുമില്ല.
