ഗദ്യസാഹിത്യചരിത്രം. പതിനഞ്ചാമദ്ധ്യായം

പ്രബന്ധപ്രസ്ഥാനം

പ്രഭാഷണങ്ങൾ (3 ഭാഗങ്ങൾ): അദ്ധ്യാപക ശ്രേഷ്ഠനും നല്ലൊരു പ്രഭാഷണ ചതുരനുമായിരുന്നു എം. രാമവർമ്മത്തമ്പാൻ ബി. എ. എൽ. ടി. അദ്ദേഹം മലയാളത്തിൽ അവതരിപ്പിച്ച ഒരു പുതിയ സാഹിത്യപ്രസ്ഥാനമാണു് ‘പ്രഭാഷണങ്ങൾ’. നമ്മുടെ പ്രബന്ധപ്രസ്ഥാനത്തിൽ ഏറ്റവും ചൈതന്യവത്തായ ഒരു ശാഖയാണിതെന്നു പറയാം. ദേശാഭിമാനദ്യോതകങ്ങളും വിജ്ഞേയങ്ങളുമായ പല വിഷയങ്ങളെ അധികരിച്ചുള്ള അനേകം ലഘുപ്രസംഗങ്ങളാണു് തമ്പാൻ്റെപ്രഭാഷണ പരമ്പരയിൽ ഓരോന്നിലുമുള്ളതു്. വിദ്യാർത്ഥികൾ ഇതിലെ പ്രഭാഷണങ്ങൾ ഉരുവിട്ടു പഠിച്ച് അക്കാലത്തു സഭാവേദികളിൽ പ്രയോഗിക്കുക സാധാരണമായിരുന്നു. സരളഭാഷ, ലഘുവാക്യങ്ങൾ, ഉന്മേഷവും ഔർജ്ജിത്യവും ജനിപ്പിക്കുന്ന വിഷയങ്ങൾ ഇങ്ങനെ വിവിധങ്ങളായ ഗുണവിശേഷങ്ങൾകൊണ്ട് ഈ പ്രഭാഷണങ്ങൾക്കു മൂന്നുനാലു ദശാബ്ദങ്ങൾക്കുമുമ്പു് കേരളത്തിൽ, വിശേഷിച്ച് മദ്ധ്യകേരളത്തിൽ, വളരെയധികം പ്രചാരം സിദ്ധിച്ചിരുന്നു. ആധുനിക വിഷയങ്ങളെ പ്രഭാഷണ ശൈലിയിൽ പ്രചരിപ്പിക്കാൻ പ്രഗത്ഭരായവർ മുതിരേണ്ടതാണു് * (പറവൂർ വടക്കേക്കര സ്വദേശിയായ തമ്പാൻ, കേരളത്തിലെ ചിന്തകന്മാരായ വിദ്യാഭ്യാസ പ്രവത്തകരിൽ സമുന്നതനായ ഒരു വ്യക്തിയായിരുന്നു. 1115 ഇടവം 13-ാം തീയതി 74-ാമത്തെ വയസ്സിൽ അദ്ദേഹം നിര്യാതനായി. കേന്ദ്ര ഡെപ്യൂട്ടി മിനിസ്റ്റർ ശ്രീമതി ലക്ഷ്മി എൻ. മേനോൻ രാമവർമ്മതമ്പാൻ്റെ പുത്രിയാണു്.)

പ്രബന്ധങ്ങൾ (4 ഭാഗങ്ങൾ): പഴയ തലമുറയിൽപ്പെട്ട ഒരു പ്രശസ്ത സാഹിത്യകാരനാണു് കെ. ആർ. കൃഷ്ണപിള്ള. അദ്ദേഹം ഓരോ കാലത്തായി എഴുതിയിട്ടുള്ള ഉപന്യാസങ്ങൾ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണു് പ്രബന്ധങ്ങൾ നാലു ഭാഗങ്ങൾ. ഒന്നാം ഭാഗത്തിൽ ഭൂമി, മനുഷ്യസ്വഭാവം, യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസം, എഴുത്തച്ഛൻ, സാങ്കേതികശബ്ദകോശം, സി. വി രാമൻപിള്ള, ഭാഷാചമ്പുക്കൾ എന്നു് ഏഴ് ഉപന്യാസങ്ങൾ അടങ്ങിയിരിക്കുന്നു. നാലു ഭാഗങ്ങളിലേയും പ്രബന്ധങ്ങൾ പരിശോധിച്ചാൽ സാഹിത്യസംബന്ധമായ വിഷയങ്ങളാണു അവയിൽ അധികവുമെന്നു കാണാം. എന്നാൽ വൈവിധ്യമുള്ളവയുമാണു്. പ്രതിപാദ്യത്തെ ഭാവനാസമ്പന്നമായവിധത്തിൽ അപ ഗ്രഥിച്ചു പ്രതിപാദിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. നല്ലവണ്ണം പഠിച്ചും ചിന്തിച്ചും എഴുതിയിട്ടുള്ളവയാണു് ഈ സമാഹാരങ്ങളിലെ ഓരോ പ്രബന്ധവും. പ്രസന്നമായ ശൈലി ഈ പ്രബന്ധങ്ങൾക്കു മാറ്റു വർദ്ധിപ്പിക്കയും ചെയ്യുന്നു.