ഗദ്യസാഹിത്യചരിത്രം. പതിനഞ്ചാമദ്ധ്യായം

പ്രബന്ധപ്രസ്ഥാനം

മംഗളമാല ( 5 ഭാഗങ്ങൾ: ) കൊച്ചി രാമവർമ്മ അപ്പൻ തമ്പുരാൻ എഴുതിയിട്ടുള്ള ഉപന്യാസങ്ങളുടെ സമാഹാരമാണു് ‘മംഗളമാല. പ്രസ്തുതകൃതി അഞ്ചു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഓരോന്നിലും സാഹിത്യം, ചരിത്രം, ശാസ്ത്രം, ജീവചരിത്രം എന്നിങ്ങനെ പ്രത്യേക വിഷയങ്ങളെ അധികരിച്ചുള്ള വിവിധോപന്യാസങ്ങളാണുള്ളതു്. സത്യകീർത്തിചരിതം, കൃഷ്ണഗാഥ എന്നു തുടങ്ങി ഒൻപത് ഉപന്യാസങ്ങളാണു് സാഹിത്യത്തിൻ്റെ നാനാമുഖങ്ങളെ ഉദാഹരിച്ചുകൊണ്ടുള്ള ഒന്നാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പ്രതിപാദ്യമായ അംശങ്ങളെ അടുക്കി ഒതുക്കി എഴുതുന്നതിൽ തമ്പുരാൻ അദ്വിതിയനത്രെ. പ്രസാദമെന്ന ഗുണം തമ്പുരാൻ്റെ കൂടപ്പിറപ്പാണ്. പഴയ ഭാഷാപദങ്ങളെ തേടിപ്പിടിച്ചു അണിനിരത്തി കാണിക്കുന്നതിൽ ലേഖകനുള്ള കൗതുകം ചെറുതൊന്നുമല്ല. മംഗളമാലയിലെ ഉപന്യാസങ്ങളിൽ പലതിലും നമുക്കതിൻ്റെ ദൃഷ്ടാന്തങ്ങൾ കാണുവാൻ കഴിയും.

ലേഖനമാല: ഭാഷാദേവിയെ പരിശുദ്ധമായ ഹൃദയത്തോളം പരിപൂർണ്ണമായ ഭക്തിയോടും കൂടി ഉപാസിച്ചിട്ടുള്ള ചുരുക്കം ചില കേരളീയരിൽ അഗ്രപൂജയെ അർഹിക്കുന ഒരു വ്യക്തിയാണു് സാഹിത്യ കുശലൻ ടി. കെ. കൃഷ്ണമേനോൻ. അദ്ദേഹം വിവിധ വിഷയങ്ങളെ അധികരിച്ച് ഓരോ കാലത്തിലായി പ്രസിദ്ധപ്പെടുത്തിയിരുന്ന ഉപന്യാസങ്ങളുടെ സമാഹാരമത്രേ ലേഖനമാല. 1099-ൽ പുറപ്പെടുവിച്ച അതിൻ്റെ ഒന്നാം പതിപ്പിൽ 25 ലേഖനങ്ങൾ ഉൾപ്പെട്ടിരുന്നു. 1123-ൽ പുറപ്പെടുവിച്ച രണ്ടാം പതിപ്പിൽ പിന്നീടെഴുതിയ 26 ലേഖനങ്ങൾകൂടി കൂട്ടിച്ചേർത്തിരിക്കുന്നു. കൃഷ്ണമേനോൻ ലളിതവും പ്രസന്നസുന്ദരവുമായ പ്രതിപാദനഗുണങ്ങൾ ഇതിലെ ഓരോ ലേഖനത്തിലും പ്രകാശിക്കുന്നുണ്ടു്. വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിക്കുന്നുണ്ടെങ്കിലും സാഹിത്യ വിഷയകങ്ങളാണു് പ്രബന്ധങ്ങളിൽ അധികവും

പ്രബന്ധമഞ്ജരി : പോയ തലമുറയിലെ അനേകം എഴുത്തുകാർ സി. അച്യുതമേനോൻ, സി. ഡി. ഡേവിഡ്, കുഞ്ഞുരാമൻ നായനാർ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, അപ്പൻതമ്പുരാൻ, എ. ആർ. എ. കൃഷ്ണപ്പൊതുവാൾ. എം. ശേഷഗിരിപ്രഭു, സി. അന്തപ്പായി, എം. രാജരാജവർമ്മ, ജോസഫ് മുളിയിൽ, ഡോ. എൻ. കുഞ്ഞൻപിള്ള എന്നു തുടങ്ങിയ അനേകം എഴുത്തുകാർ – വിദ്യാവിനോദിനി തുടങ്ങിയ മാസികകളിൽ പ്രസിദ്ധീകരിച്ചിരുന്ന ഒട്ടേറെ ലേഖനങ്ങൾ സമാഹരിച്ചിട്ടുള്ളതാണു് ‘പ്രബന്ധമഞ്ജരി’ (2 ഭാഗങ്ങൾ). ഭാഷ, ചരിത്രം, കൃഷിശാസ്ത്രം, പ്രകൃതിശാസ്ത്രം, ജീവശാസ്ത്രം എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങളെ സ്പർശിക്കുന്നവയാണു് മഞ്ജരിയിലെ പ്രബന്ധങ്ങൾ മിക്കവയും. അക്കാലത്തെ നിലയ്ക്ക് അവയെല്ലാം പുതുമയേറിയ വിഷയങ്ങൾതന്നെയായിരുന്നു. പ്രതിപാദനരീതിയും അതുപോലെതന്നെ ഇന്നും അധികം ഒളിമങ്ങാത്തവയാണ് അതിലെ പ്രബന്ധങ്ങൾ മിക്കവയും. തൃശൂർ ഭാരതവിലാസം അച്ചുക്കൂടത്തിൽനിന്നു പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പ്രബന്ധമഞ്ജരിയിലെ ലേഖനങ്ങളുടെ സമ്പാദകൻ സി. ഡി. ഡേവിഡത്രെ.