പ്രബന്ധപ്രസ്ഥാനം
ഗദ്യകവിത: മലയാളത്തിൽ ഈ പ്രസ്ഥാനത്തിൻ്റെ പ്രാരംഭകൻ ചിത്രമെഴുത്തു വറുഗീസ്സാണെന്നു തോന്നുന്നു. ആത്മപോഷിണി, ഭാഷാപോഷിണി തുടങ്ങി അക്കാലത്തെ ചില മാസികകൾവഴിക്കാണ് ഈ പ്രസ്ഥാനം അന്നു നാമ്പെടുക്കയുണ്ടായതു്. എന്നാൽ പ്രസ്തുത പ്രസ്ഥാനം അധികം വളരാൻ ഇടയായിട്ടില്ല. മനോഹരങ്ങളായ ചില പദങ്ങ ളെ തൊടുത്ത് അനുപ്രാസാനുരൂപമായ ഒരു രീതി ഗദ്യത്തിൽ വരുത്തിയാൽ – യാതൊരുവക അനുഭൂതിയുമില്ലാതെ കടലാവണക്കിൻകറ ഊതി പറപ്പിക്കും പോലെയോ, ബലൂൺ ഊതിവീർപ്പിക്കും പോലെയോ, ഓരോ വാക്യവും പലതായി മടക്കുകയും, അവസാനത്തിൽ രണ്ടും മൂന്നും ആശ്ചര്യചിഹ്നങ്ങൾ ചേർക്കുകയും, ഇടയ്ക്കിടയ്ക്കു നീണ്ടുനീണ്ടുപോകുന്ന പൂക്കൾ നിരത്തിവയ്ക്കുകയും ചെയ്താൽ – ഗദ്യകവിതയാകുമെന്നു വിചാരിക്കുന്നവരാണു ഈ പ്രസ്ഥാനത്തിൽ കൈവെച്ചിട്ടുള്ളവരിൽ അധികംപേരും. ആശയങ്ങളുടേയും വികാരങ്ങളുടേയും ആവേശഭരിതമായ ഒരു താളം ശബ്ദഘടനകൊണ്ടു സാധിക്കുകയാണു് ഇതിൽ ചെയ്യേണ്ടതെന്നുള്ള വസ്തുത അവർ പ്രായേണ വിസ്മരിച്ചുപോകുന്നതായിട്ടാണു കാണുന്നതു്. പക്ഷേ, പദ്യരൂപമായ ശബ്ദഘടനയുടെ താളംകൊണ്ടു സിദ്ധിക്കുന്ന ആനന്ദവും ആകർഷകത്വവും എത്ര ശ്രമിച്ചാലും ഗദ്യകവിതയിൽ വരുത്തുവാൻ ആർക്കും സാധിക്കുന്നതുമല്ല. അതുകൊണ്ടു തന്നെയായിരിക്കണം ഈ പ്രസ്ഥാനത്തിനു വേണ്ടത്ര വിജയം ലഭിക്കാതെപോയിട്ടുള്ളതും. പദ്യസാഹിത്യത്തിലെ ‘പച്ചമലയാള പ്രസ്ഥാനം’ * (ഗ്രന്ഥകർത്താവിൻ്റെ പദ്യസാഹിത്യചരിത്രം നോക്കുക) പോലെ ഇതിനും കാര്യമായ പുഷ്ടിയും പ്രചാരവും ലഭിക്കുവാൻ പ്രയാ സവുമാണു്.
മലയാളത്തിൽ ഉണ്ടായിട്ടുള്ള കൃതികളിൽ ‘ചിത്രമെഴുത്തിൻ്റെ ഗദ്യകവിതക’ളും പൊൻകുന്നം വർക്കിയുടെ തിരുമുൽക്കാഴ്ചയും പ്രാധാന്യമർഹിക്കുന്നു. പി. കുഞ്ഞുരാമൻനായരുടെ ‘ഉദയരാഗം’, മുത്തിരിങ്ങോട്ടിൻ്റെ ‘മറുപുറം’, വി. വി. കെ. വാലത്തിൻ്റെ ‘ഇടിമുഴക്കം’, ‘മിന്നൽ വെളിച്ചം’, എൻ. ആർ. നായരുടെ ‘ദീപനാളങ്ങൾ’, ടി. ആർ. ചെങ്ങ മനാട്ടിൻ്റെ ‘പൂച്ചെണ്ടു്”. ചെറുശ്ശേരി മാധവമേനോൻ്റെ ‘ശാകുന്തളം’ എന്നിവയും പ്രസ്താവാർഹങ്ങളാണു്. ഇവയ്ക്കുപുറമെ, മറ്റു കൃതികളുടെ ഇടയ്ക്കു ചേർത്തിട്ടുള്ള ചില നല്ല ഗദ്യകവിതകളും ഈയവസരത്തിൽ സ്മര ണയിൽ വന്നുചേരുന്നു. മഹാകവി ഉള്ളൂരിൻ്റെ വിജ്ഞാനദീപിക 3-ാം ഭാഗത്തിൽ, അതിൻ്റെ തിലകക്കുറി എന്നപോലെ ശോഭിക്കുന്ന “മാതൃഭൂമിയുടെ തൃപ്പാദങ്ങളിൽ’ എന്ന ലേഖനം, ഭാഷയിലെ ഒന്നാംതരം ഗദ്യകവിതകളിൽ ഒന്നാണു്. ഭാരതഭൂമിയുടെ മഹിമാതിശയത്തെ പുളകോൽഗമകാരിയായി അതിൽ പ്രകീർത്തനം ചെയ്യുന്നു. ജി. ശങ്കരക്കുറുപ്പിൻ്റെ ‘നിമിഷത്തിൽ ചേർത്തിട്ടുള്ള ‘കർമ്മക്ഷേത്രത്തിൽ’ എന്ന കവിതയും പ്രശംസാർഹമാണു്. ഇതുപോലെ കവിതനിറഞ്ഞ ചില ഗദ്യങ്ങൾ ചില കഥകളിലും കാണുവാൻകഴിയും. എം. ആർ. ഭട്ടതിരിയുടെ ‘വാൽക്കണ്ണാടി’യിൽ കാണുന്ന ‘ അവളുടെ കഷ്ടപ്പാടു്’ അത്തരത്തിലുള്ളവയിൽ ഒന്നായി ഗണിക്കാം.
