ഗദ്യസാഹിത്യചരിത്രം. പതിനഞ്ചാമദ്ധ്യായം

പ്രബന്ധപ്രസ്ഥാനം

വിലക്കപ്പെട്ട പഴങ്ങൾ: സുകുമാരൻ പൊറ്റെക്കാട്ട് എഴുതിയിട്ടുള്ള ഇരുപതു ലഘു പന്യാസങ്ങളുടെ സമാഹാരമാണു് വിലക്കപ്പെട്ട പഴങ്ങൾ. പേരു കേട്ടാൽ ഒരു പു. സാ. കൃതിയാണെന്നു തോന്നാം. ഈ സമാഹാരത്തിലെ ഒരു പ്രബന്ധത്തിൻ്റെ നാമധേയമാണു് വിലക്കപ്പെട്ട പഴങ്ങൾ എന്നതു്. പുസ്തക നിരോധനത്തിൻ്റെ ഒരു ചരിത്രം അതിൽ പ്രതിപാദിക്കപ്പെടുന്നു. കലയേയും സംസ്ക്‌കാരത്തേയും മുൻനിറുത്തിയുള്ളതാണു് ഈ സമാഹാരത്തിലെ ഓരോ പ്രബന്ധവും. സരളവും ചൈതന്യപൂർണ്ണവുമായ ശൈലിയിൽ ഓരോന്നും നിബന്ധിക്കപ്പെട്ടിട്ടുമുണ്ട്.

അറിവിൻ്റെ കനികൾ: ഏതു വിഷയവും അപഗ്രഥിച്ചു പഠിച്ചു ചരിത്രപശ്ചാത്തലത്തോടും യുക്തിവിചാരത്തോടും കൂടി വസ്തുതകൾ അണിയണിയായി നിരത്തുവാൻ കഴിവുള്ള ചുരുക്കം ചില എഴുത്തുകാരിൽ ഒരുവനാണ് ഉൽപതിഷ്ണുവായ ചെമ്മനം ചാക്കോ എം. എ.. അദ്ദേഹത്തിൻ്റെ ‘അറിവിൻ്റെ കനികളി’ൽ മലയാളഭാഷയേയും സാഹിത്യത്തേയും സംബന്ധിച്ച 11 ഉപന്യാസങ്ങൾ അടങ്ങിയിരിക്കുന്നു. ലളിതവും പ്രസന്നവുമായ ശൈലിയിൽ എഴുതപ്പെട്ടിട്ടുള്ള പ്രസ്തുത പ്രബന്ധങ്ങൾ ഓരോന്നും സാഹിത്യവിദ്യാർത്ഥികൾക്കും സാമാന്യവായനക്കാർക്കും പ്രയോജനപ്പെടുന്നവയാണു്.

മററു പ്രബന്ധകാരന്മാർ: മലയാളത്തിൽ ഗദ്യകൃതികൾ വളരെ കുറവായിരുന്ന ഒരു കാലഘട്ടത്തിൽ കൈരളിയെ പുഷ്ടിപ്പെടുത്തിയിരുന്നവരായി പലരുമുണ്ടു്. എം. സി. നാരായണപിള്ള, സി. സി. പി. അച്യുത മേനോൻ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, സി. ഡി. ഡേവിഡ്, ജി. രാമൻ മേനോൻ, മൂർക്കോത്തു കുമാരൻ മുതലായവർ അവരിൽ പ്രമുഖന്മാരാകുന്നു. അച്യൂതമേനോൻ്റെയും തമ്പുരാൻ്റെയും ഏതാനും ഉപന്യാസങ്ങൾ ഗദ്യമാലികയിലും മറ്റും ഉൾപ്പെടുത്തിയിട്ടുണ്ടു്. എം. സി.നാരായണപിള്ളയുടെ ‘ഉപന്യാസമാല’, ഡേവിഡിൻ്റെ പ്രബന്ധമഞ്ജരി (മൂന്നു ഭാഗങ്ങൾ), പ്രബന്ധമാലിക, കുഞ്ചൻ നമ്പ്യാരുടെ കാലം, മൂർക്കോത്തു കുമാരൻ്റെ ഗദ്യമഞ്ജരി, കാകൻ എന്നീ കൃതികളും പ്രസിദ്ധീകൃതങ്ങളാണു്. ഡേവിഡ് എഴുതിയിട്ടുള്ള ‘കുഞ്ചൻനമ്പ്യാരുടെ കാല’ത്തെപ്പറ്റി വിശേഷവിധിയായി ഒന്നു പറയുവാനുണ്ടു്. മലയാള ഭാഷയിൽ കുഞ്ചൻ നമ്പ്യാരെപ്പറ്റി ഗവേഷണപരമായ ഒരു പ്രബന്ധം ആദ്യമായവതരിപ്പിച്ചതു് ഡേവിഡായിരുന്നു. പ്രസ്തുത പ്രബന്ധത്തിനുശേഷമാണു സാഹിത്യപഞ്ചാനനൻ മുതലായവർ തൽസംബന്ധമായി ഗവേഷണപരമായ ചില കൃതികൾ എഴുതിയിട്ടുള്ളതു്.

കൊച്ചി കേരളവർമ്മ അമ്മാമൻ തമ്പുരാൻ്റെ ഗദ്യപുഷ്പാഞ്ജലി, സി. പി.ഗോവിന്ദപ്പിള്ളയുടെ ഉപന്യാസമഞ്ജരി, കെ. അയ്യപ്പൻ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കുസുമത്തിൻ്റെ ലേഖനങ്ങൾ, ബി. ഭാഗീരഥി അമ്മയുടെ വിജ്ഞാനപ്രകാശം എന്നിങ്ങനെയുള്ള മറു പ്രബന്ധങ്ങളും ഈയവസരത്തിൽ സ്മരണാർഹങ്ങളത്രെ. ആധുനിക കാലത്തു നാനാ വിഷയങ്ങളെപ്പറ്റി എഴുതിക്കൊണ്ടിരിക്കുന്നവരുടെ സംഖ്യ ചെറുതൊന്നുമല്ല. അവരുടെ പേരുകൾ ഉദ്ധരിക്കുവാൻ തുടങ്ങിയാൽ ഈ ഭാഗം വളരെ നീണ്ടുപോകും. ഇവിടെ ഈ പ്രസ്ഥാനത്തിൽ പുറപ്പെട്ടിട്ടുള്ള ഏതാനും കൃതികളെ അനുസ്മരിച്ചു എന്നുമാത്രമേയുള്ളു.