പ്രബന്ധപ്രസ്ഥാനം
കമ്മ്യൂണിസത്തിൽ നിന്നും മുന്നോട്ടു്: സാമൂഹ്യവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെ മുൻനിറുത്തി സാംസ്‌കാരികവും താത്ത്വികവുമായ വിചിന്തനങ്ങളാണു് എം. ഗോവിന്ദൻ്റെ പ്രബന്ധങ്ങളിൽ നിറഞ്ഞുകാണുന്നതു്. സ്വതന്ത്രമായ ഒരു വീക്ഷണകോണം അവയിലുടനീളം തെളിഞ്ഞുകാണാം. കമ്മ്യൂണിസത്തിൽനിന്നും മുന്നോട്ട് എന്ന പ്രബന്ധസമാഹാരം അതിനു മുദ്ധാഭിഷിക്തോദാഹരണമാണു്. ‘മുദ്രാവാക്യങ്ങളുടെ കാലഘട്ടം’, ‘അവിടെ നിന്നും മുന്നോട്ട്’ തുടങ്ങിയ പ്രബന്ധങ്ങൾ പ്രത്യേകിച്ചും പ്രസ്താവ്യങ്ങളത്രെ. അന്വേഷണത്തിൻ്റെ ആരംഭം, സ്വല്പം ചിന്തിച്ചാലെന്തു്? എന്നുതുടങ്ങിയവയാണു് ഗോവിന്ദൻ്റെ മറ്റു സമാഹാരങ്ങൾ.
പ്രബന്ധമഞ്ജരി: ഒരു ജീവചരിത്രകാരൻ എന്ന നിലക്കൊപ്പം ഉപന്യാസകൻ എന്ന നിലയിലും എം. ആർ. ബാലകൃഷ്ണവാര്യർക്കു സാഹിത്യത്തിൽ സമുന്നതമായ ഒരു സ്ഥാനമുണ്ടു്. പ്രബന്ധമഞ്ജരി (അഞ്ചു ഭാഗങ്ങൾ) അതിനു് ഒന്നാന്തരം തെളിവു നൽകുന്നു. വൈവിദ്ധ്യംപൂണ്ടവയാണു് ഇവയിലെ വിഷയങ്ങൾ എല്ലാം തന്നെ. പ്രസന്നമായ ശൈലി ഓരോ വിഷയത്തേയും കൂടുതൽ ആകർഷകവുമാക്കിത്തീർക്കുന്നു.
മണിദീപം: അന്യാദൃശമായ രചനാശക്തി ഗദ്യനിബന്ധത്തിൽ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പണ്ഡിതശ്രേഷ്ഠനാണു് കെ. പി. നാരായണപിഷാരടി. സംഗീതവും സാഹിത്യവും, കാളിദാസൻ കാവ്യശില്പം എന്നു തുടങ്ങിയ ഒൻപതു പ്രബന്ധങ്ങളുടെ സമാഹാരമാണു് അദ്ദേഹത്തിൻ്റെ ‘മണിദീപം’. ഓരോന്നും പഠനാർഹമാണു്. ഉണ്ണുനീലി സന്ദേശം എന്ന ഒടുവിലത്തെ പ്രബന്ധത്തിൽ നിരൂപണത്തിൻ്റെ അംശങ്ങൾ കൂടുതൽ കലർന്നിരിക്കുന്നു. കവിയും നായകനും ഒന്നാണോ എന്ന ചർച്ചയാണ്’ അതിൽ ചെയ്തിട്ടുള്ളതു്.
