പ്രബന്ധപ്രസ്ഥാനം
കെ. പി. കേശവമേനോൻ്റെ ലഘുപ്രബന്ധങ്ങൾ: ജീവിതഭാരം ലഘൂകരിക്കുവാനും, ജീവിതം ഫലപ്രദമായി നയിക്കുവാനും അന്തപ്രചോദനമരുളുന്ന 22 ലഘുപ്രബന്ധങ്ങൾ അടങ്ങിയ ഒരു കൃതിയാണു’ കേശവമേനോൻ്റെ ‘ജീവിത ചിന്തകൾ.’ ഓരോ പ്രമേയവും വെറും പ്രസംഗമോ ഉപദേശമോ അല്ല; നമ്മെ കോരിത്തരിപ്പിക്കുന്ന അനുഭവങ്ങളിൽക്കൂടി ഉയിർക്കൊണ്ടിട്ടുള്ള ആശയങ്ങളാണു്. ജീവിതത്തെപ്പറ്റി അഥവാ ജീവിതാനുഭവങ്ങളെപ്പറ്റി അവഗാഢം ചിന്തിക്കുകയും അവയെ നേരിടേണ്ട മാർഗ്ഗങ്ങളെ സന്ദർഭാനുസൃതമായ ഉദാഹരണങ്ങളെക്കൊണ്ടു വെളിപ്പെടുത്തുകയുമാണു് ഗ്രന്ഥകാരൻ മുഖ്യമായും ചെയ്തിട്ടുള്ളത്. ജീവിതത്തെപ്പറ്റിയുള്ള ചിന്ത ഗൗരവമുള്ള വിഷയമാണെങ്കിലും ഇതിലെ പ്രതിപാദന രീതിയുടെ ലാഘവത്താൽ നാമതറിയാതെ തന്നെ മുന്നേറുന്നു.
അടുത്തകാലത്തായി കേശവമേനോൻ ‘മാതൃഭൂമി’ ദിനപ്പതിപ്പിൽ പതിവായി എഴുതിക്കൊണ്ടിരിക്കുന്ന ‘നാം മുന്നോട്ട്” എന്ന ലഘുപ്രബന്ധങ്ങളും നമ്മുടെ പ്രബന്ധശാഖയ്ക്കു വിലപിടിച്ച നേട്ടങ്ങളാണു്. ജീവിതത്തെപ്പറ്റി ചിലതൊക്കെ മനസ്സിലാക്കുന്നതിനും. ജീവിതോദ്ദേശ്യത്തിനൊത്തവണ്ണം ജീവിക്കുന്നതിനും ഒട്ടൊക്കെ പ്രേരണ നല്കുന്ന പ്രസ്തുത ഉപന്യാസങ്ങൾ നമ്മുടെ യുവജനങ്ങൾ ഇക്കാലത്തു പ്രത്യേകിച്ചും മനസ്സിരുത്തി പഠിക്കേണ്ടവതന്നെയാണു്.
ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ ഉപന്യാസങ്ങൾ: പുഷ്പാഞ്ജലി, മാതൃപൂജ, സാഹിത്യഭൂഷണം, തിരുമുൽക്കാഴ്ച എന്നിവ ഓരോ പ്രബന്ധസമാഹാരമാണു്. ഉത്തമനിബന്ധങ്ങളുടെ മാതൃകകളാണ് ഓരോന്നിലുമുള്ളതു്. കുഞ്ഞൻപിള്ള 1921-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണു് ‘പുഷ്പാഞ്ജലി’. ഗ്രന്ഥകാരൻ്റെ ഹൃദയവല്ലരിയിൽ അപ്പഴപ്പോൾ വിരിഞ്ഞ വിചാരപുഷ്പങ്ങളെ ഇറുത്തു ഭാഷാഭഗവതിയുടെ പാദപങ്ങളിൽ അഞ്ജലിബന്ധത്തോടെ അർപ്പിച്ചിട്ടുള്ളതാണു് പുഷ്പാഞ്ജലിയുടെ പ്രബന്ധങ്ങൾ ഓരോന്നും. പൂക്കൾ, പ്രഭാതം എന്നു തുടങ്ങി 14 പ്രബന്ധങ്ങളാണ് അതിലുള്ളതു്. പൂക്കൾ നല്കുന്ന സന്ദേശം ചിന്താമധുരമെന്നേ പറയേണ്ടു. അതുപോലെതന്നെ ‘മാതൃപൂജ’യിലെ ഭാരതത്തിൻ്റെ സന്ദേശവും. നല്ല നല്ല ചിത്രീകരണങ്ങൾ അതിൽ നിറഞ്ഞു വിലസുന്നു. പദങ്ങളെ കലാസൗഭാഗ്യത്തോടുകൂടി പ്രയോഗിക്കുവാൻ ഗ്രന്ഥകാരനുള്ള നിപുണത, പുഷ്പാഞ്ജലി തുടങ്ങിയ സമാഹാരങ്ങളിലെ ഓരോ പ്രബന്ധത്തിലും തെളിഞ്ഞു വിലസുന്നു. നമ്മുടെ ഉപന്യാസശാഖയ്ക്ക് അഭിമാനിക്കത്തക്കവയാണു ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ പ്രബന്ധങ്ങൾ എന്നു നിസ്സംശയം പറയാം.
