ഗദ്യസാഹിത്യചരിത്രം. പതിനഞ്ചാമദ്ധ്യായം

പ്രബന്ധപ്രസ്ഥാനം

സാഹിത്യവിചാരം: പരന്ന വായനയും തെളിഞ്ഞ ചിന്തയും ഉള്ളവരെന്നു ചിലരെപ്പറ്റി പറയാറുണ്ടു്. ആ വിശേഷണത്തിനു നൂറു ശതമാനവും അർഹനായിട്ടുള്ള ഒരു ധന്യാത്മാവാണു് പരേതനായ എം. പി. പോൾ. ‘സാഹിത്യവിചാരം’ അദ്ദേഹത്തിൻ്റെ ഒരു വിശിഷ്ട കൃതിയാണു്. അതിൽ, കലയും കാലവും, ഭാഷാഗദ്യശൈലി, ആധുനിക ഗദ്യസാഹിത്യം എന്നിങ്ങനെയുള്ള പതിമൂന്നുപന്യാസങ്ങൾ അടങ്ങിയിരിക്കുന്നു. ഒരുത്തമ ഗദ്യശൈലിക്കുണ്ടായിരിക്കേണ്ട മൂന്നു ഗുണങ്ങളെപ്പറ്റി ‘ഭാഷാഗദ്യശൈലി’ എന്ന പ്രബന്ധത്തിൽ അദ്ദേഹം പ്രസ്താവിക്കുന്നുണ്ടു്. വ്യക്തിത്വം, ആത്മാർത്ഥത, ജീവൽ ഭാഷാസമ്പർക്കം ഈ മൂന്നു ഗുണങ്ങളും സമ്മേളിച്ചിട്ടുള്ളതാണു് സാഹിത്യവിചാരത്തിലെ ഓരോ പ്രബന്ധവും. ഈ തൂലികാ വിദഗ്ദ്ധൻ്റെ മറെറാരു പ്രബന്ധസമാഹാരമാണ്’ ‘ഗദ്യഗതി’. പിറന്നാൾക്കുറിപ്പ് ആദിയായ പ്രബന്ധങ്ങൾ പോളിൻ്റെ വ്യക്തി വിലാസം തെളിച്ചുകാണിക്കുന്നവയാണ്.* (എം. പി. പോൾ എം.എ. – മാനാച്ചേരി പൗലോസിൻ്റെ അഞ്ചാമത്തെ സന്താനമാണു് സ്മര്യപുരുഷൻ, 1904 മെയ് 1-ാം തീയതി വരാപ്പുഴ പുത്തൻപള്ളിയിലുള്ള സ്വഗൃഹത്തിൽ ജനിച്ചു. 1952 ജൂലൈ 12-ാം തീയതി തിരുവനന്തപുരത്തു വെച്ചു ദിവംഗതനായി.)

ചിന്താദീപം : ‘പ്രസന്നപ്പൗഢസരസൻ’ എന്നു പറയാവുന്ന ഒരു വ്യക്തിയാണു് എൻ ഗോപാലപിള്ള എം. എം. അദ്ദേഹത്തിൻ്റെ ഭാവനാസമ്പന്നമായ ഏതാനും നല്ല പ്രബന്ധങ്ങളുടെ സമാഹാരമാണു ‘ചിന്താദിപം’. കോമള കലകളുടെ ഉൽപത്തി, കേരള സംസ്ക്കാരം, ആശാൻ്റെ കാവ്യശൈലി തുടങ്ങിയ പന്ത്രണ്ടു വിഷയങ്ങളാണു് അതിലെ ഉള്ളടക്കം, ഓരോന്നും വിശകലനംചെയ്തു പ്രതിപാദിക്കുന്നതിൽ ലേഖകൻ പ്രദർശിപ്പിച്ചിരിക്കുന്ന ശില്പചാതുരി അഭിനന്ദനീയമായിരിക്കുന്നു. പ്രൗഢവിഷയങ്ങളെ സ്വതഃസിദ്ധമായ നർമ്മബോധത്തോടുകൂടി കാവ്യാത്മകശൈലിയിൽ അദ്ദേഹം പ്രകാശിപ്പിക്കുമ്പോൾ അനുവാചകർ സ്വയം അതിൽ ആകൃഷ്ടരായിത്തീരുന്നു. ആശയമഹിമകൊണ്ടും യുക്തി ഭദ്രതകൊണ്ടും ഈ ഗദ്യനിബന്ധങ്ങൾ അത്യന്തം ശ്രദ്ധേയങ്ങളുമാണു്. ഗോപാലപിള്ളയുടെ ‘കല്പനാശില്പം’ എന്ന സമാഹാരത്തെ സംബന്ധിച്ചും ഇതുതന്നെയാണു പറയുവാനുള്ളത്.