ഗദ്യസാഹിത്യചരിത്രം. പതിനഞ്ചാമദ്ധ്യായം

പ്രബന്ധപ്രസ്ഥാനം

കലാചിന്തകൾ: ഡോക്ടർ എസ്. കെ. നായരുടെ കലാചിന്തകളിൽ പത്തു പ്രബന്ധങ്ങൾ അടങ്ങിയിരിക്കുന്നു. കലയും പുരോഗതിയും, കലാപ്രയോജനം എന്നിങ്ങനെ സാഹിത്യകലയെ സംബന്ധിച്ചുള്ളതാണു് ഇതിലെ എല്ലാ വിഷയങ്ങളും. കലയിലെ ‘ഇസ’ങ്ങളെപ്പറ്റിയാണു് ഒടുവിലത്തെ ഉപന്യാസങ്ങളിൽ പ്രതിപാദിക്കുന്നതു്. സർറിയലിസം, മിസ്റ്റിസിസം, സിംബോളിസം എന്നിവയെപ്പറ്റി സരസമായി ആ ഭാഗത്തു ചർച്ചചെയ്തിരിക്കുന്നു. ‘സംസ്ക്കാരകേദാരം’, ഗവേഷണപരങ്ങളായ ഏതാനും ഉപന്യാസങ്ങളുടെ സമാഹാരമാണു്. മരുമക്കത്തായത്തെപ്പററിയുള്ള പ്രബന്ധം കൂടുതൽ ശ്രദ്ധേയമാകുന്നു. എസ്. കെ. യുടെ മറെറാരു സമാഹാരമാണു് ‘നർമ്മസല്ലാപം.’ സുന്ദരമായ ഒരു ശൈലിയാണ് പൊതുവെ എല്ലാ പ്രബന്ധങ്ങളിലുമുള്ളത്.

പ്രബന്ധസമാഹാരം : ഡോക്ടർ കെ. ഗോദവർമ്മ പലപ്പോഴായി എഴുതിയിട്ടുള്ള പത്തു പ്രബന്ധങ്ങളുടെ സമാഹാരമാണിതു്. ഹാസ്യം, തോടയം, കോശഗ്രന്ഥങ്ങൾ, എ. ആർ. രാജരാജവർമ്മയും കൈരളിയുടെ നവോത്ഥാനവും, എന്നിങ്ങനെയുള്ളവയാണു് പ്രമേയങ്ങൾ. ഹാസ്യം എന്ന ആദ്യത്തെ പ്രബന്ധത്തിൽ, ഹാസ്യത്തിൻ്റെ വകഭേദങ്ങൾ ഓരോന്നായി വിവരിച്ചു് മലയാള സാഹിത്യത്തിൽനിന്നു് ഉത്തമമായ ഉദാഹരണങ്ങൾ കാണിച്ചിരിക്കുന്നു. പ്രതിപാദനം സരസമാണു്. ഗോദവർമ്മയുടെ മറ്റു പ്രബന്ധസമാഹാരങ്ങൾ, വിചാരവീചി, പ്രബന്ധ ലതിക, കൈരളീദർപ്പണം, പ്രബന്ധകൗമുദി തുടങ്ങിയവയാണു്.

ജീവിതതാല്പര്യങ്ങൾ: ജീവിത ചൈതന്യം തുടങ്ങി വിവിധങ്ങളായ ഇരുപതു പ്രബന്ധങ്ങളാണു് ഇതിലുള്ളത്. വായനക്കാരുടെ വിജ്ഞാനതൃഷ്ണയെ വളർത്തുവാൻ ഓരോ പ്രബന്ധത്തിനും ശക്തിയുണ്ട്. പി. ശ്രീധരൻപിള്ളയുടെ പ്രതിപാദനരീതി സ്വതന്ത്രവും മനോഹരവുമാണു്.

പൂവും കായും: പേരു കേട്ടാൽ പു. സാ. കൃതിയെന്നേ തോന്നൂ. എന്നാൽ നാനാവിഷയങ്ങളെക്കുറിച്ചെഴുതിയിട്ടുള്ള നലംതികഞ്ഞ ഏതാനും ഉപന്യാസങ്ങളാണു് ‘പൂവും കായും’, 3 ഭാഗങ്ങളിൽ ഉള്ളതു്. വൈചിത്ര്യം കലർന്ന മധുരമധുരമായ വാക്യങ്ങൾ നിർമ്മിക്കുവാൻ ഫാദർ സി. കെ. മററത്തിനുള്ള പ്രാഗത്ഭ്യം ഈ സമാഹാരങ്ങളിൽ ആപാദ ചൂഡം തെളിഞ്ഞുകാണാവുന്നതാണു്. സാഹിത്യസുധ, ഉപന്യാസപ്രകാശിക, ചിത്രവേദി തുടങ്ങിയ സമാഹാരങ്ങളും ഫാദർ മററത്തിൻ്റെ വകയായുണ്ട്.