പ്രബന്ധപ്രസ്ഥാനം
സാഹിത്യ ദർശനം: ജീവത്സാഹിത്യം, കലയിലെ യാഥാർത്ഥ്യം, നമ്പൂരിമാരും മലയാള സാഹിത്യവും, കൃഷ്ണഗാഥയിൽ, സഞ്ജയൻ, അപ്പൻ തമ്പുരാൻ ഗദ്യശൈലി, സാഹിത്യവും സമുദായപരിഷ്ക്കാരവും, വെണ്മണിയുടെ കവിത, കഥകളി, കവിതയുടെ ദേശസേവനം എന്നിങ്ങനെയുള്ള പത്തു് ഉൽകൃഷ്ട ലേഖനങ്ങളുടെ സമാഹാരമാണ് പ്രൊഫസർ ഇ. കെ. നാരായണൻപോറ്റി എം. എ. യുടെ സാഹിത്യ ദർശനം. ഓരോ പ്രമേയവും ഏറ്റവും ഹൃദയംഗമമായി പ്രകാശിപ്പിക്കുവാൻ പോറ്റിക്കു സാധിച്ചിട്ടുണ്ടു്.
പ്രബന്ധചന്ദ്രിക: ഏതു വിഷയത്തെപ്പറ്റിയും നാനാമുഖമായി ചിന്തിച്ചു സമുചിതമായി പ്രതിപാദിക്കുവാൻ കഴിവുള്ള ഒരു തൂലികാ വിദഗ്ദ്ധനാണ് ഡോക്ടർ കെ. എം. ജോർജ്ജ്. അവക്രവും ലളിതവുമായ ഒരു ശൈലി സ്വായത്തമായിട്ടുണ്ടു്. പ്രബന്ധചന്ദ്രിക അദ്ദേഹത്തിൻ്റെ ആദ്യത്തെ സമാഹാരമാണെന്നു തോന്നുന്നു. ഭാഷാപ്രശ്നം, ജീവത്സാഹിത്യം തുടങ്ങിയ വിഷയങ്ങളാണു് അതിലുള്ളതു്. ഒരു കേരളീയൻ എന്ന നിലയിൽ മാതൃഭാഷയായ മലയാളവും, ഭാരതീയൻ എന്ന നിലയിൽ രാഷ്ട്രഭാഷയായ ഹിന്ദിയും, വിശ്വപൗരൻ എന്ന നിലയിൽ അഖിലലോക വ്യാപ്തമായ ഇംഗ്ലീഷും അഭ്യസിക്കേണ്ടതിൻ്റെ ആവശ്യകതയെ ഭാഷാ പ്രശ്നത്തിൽ വ്യക്തമാക്കിയിരിക്കുന്നു. ‘സംസ്‌കാരസരണി’യിൽ, ഭാരതീയസാഹിത്യം, ദേശീയ അക്കാഡമികൾ തുടങ്ങിയ ഏഴുപന്യാസങ്ങളാണുള്ളത്. ഓരോന്നിനെക്കുറിച്ചുള്ള ചിന്തകളും പ്രായോഗിക നിർദ്ദേശങ്ങളും ഭാരതീയ പ്രാധാന്യമർഹിക്കുന്നവയാണു്. അഖിലഭാരതീയമായ ഒരു വികസിത വീക്ഷണത്തിലേക്കു കടന്നിട്ടുള്ള കേരളീയകലാകാരന്മാരിൽ ജോർജ്ജു് മുൻപന്തിയിൽത്തന്നെ നിലകൊള്ളുന്നു എന്നു പറയുന്നതിൽ തെറ്റില്ല. ഭാരതത്തിൻ്റെ സാംസ്‌കാരിക സംയോജനം, സാഹിത്യ സമ്മേളനങ്ങൾ, ഭാരതീയ സാഹിത്യം എങ്ങോട്ട്? എന്നിങ്ങനെയുള്ള പ്രബന്ധങ്ങൾ ജോർജ്ജിൻ്റെ വിശാലവീക്ഷണതയെ വ്യക്തമാക്കുന്നവയാണു്.
