പ്രകൃതി നിരീക്ഷണം
ബാഹ്യപ്രകൃതിയെ അവലോകനം ചെയ്യുന്നതിലും ചിത്രീകരിക്കുന്നതിലും കവിക്കുള്ള അപ്രതിഭടമായ വൈദഗ്ധ്യത്തിനു് ഉത്തമോദാഹരണമാണു ഗന്ധമാദനപർവ്വതത്തിൻ്റെ താഴ്വരയിലുള്ള ‘കദളീമഹാവനം.’
‘പച്ചക്കദളിക്കുലകൾക്കിടയ്ക്കിടെ
മെച്ചത്തിൽ നന്നായ് പഴുത്തപഴങ്ങളും
ഉച്ചത്തിലങ്ങനെ കണ്ടാൽ പവിഴവും
പച്ചരത്നക്കല്ലുമൊന്നിച്ചു കോർത്തുള്ള
മാലകൾകൊണ്ടു വിതാനിച്ച ദിക്കെന്നു
മാലോകരൊക്കെയും ശങ്കിക്കുമാറുള്ള
ലീലാവിലാസേന നിൽക്കുന്ന വാഴകൾ
നാലുഭാഗങ്ങളിൽ തിങ്ങിവിങ്ങിത്തദാ
ബാലാനിലൻ വന്നുതട്ടുന്നനേരത്തു
കോലാഹലം നൃത്തമാടും ദലങ്ങളും’
ഈ ഭാഗം വായിച്ചുകഴിയുന്ന നിമിഷത്തിൽ വൃകോദരനെപ്പോലെതന്നെ അനുവാചകന്മാരും ആ കദളീവനംകണ്ട് അത്ഭുതപ്പെട്ടുപോകാതിരിക്കയില്ല. അത്രമേൽ താദാത്മ്യപ്രതീതി ജനിപ്പിക്കുവാൻപോരുന്ന ഒന്നാണിത്. കേരളത്തിലെവാഴത്തോപ്പുകൾ ധാരാളമായി കണ്ടുപരിചയമുള്ള നിരീക്ഷണചതുരനും ഭാവനാകുശലനുമായ ഒരു കവിക്കല്ലാതെ ഇത്തരം കാഴ്ചകളെ ആകർഷകമായി പ്രകാശിപ്പിക്കുവാൻ കഴികയില്ലെന്നുള്ളതു തീർച്ചതന്നെ.
