അദ്ധ്യായം 8. മഹാകവി കുഞ്ചൻ നമ്പ്യാർ

പ്രകൃതി നിരീക്ഷണം

നളനിൽനിന്നു വിമുക്തനാകുന്ന അരയന്നം സ്വാഭാവികമായ സ്വാസ്ഥ്യത്തെ പ്രാപിക്കുന്നതു നോക്കുക:-

“ഒന്നുകുടഞ്ഞു ശരീരമശേഷം
തന്നുടെ ചിറകും വിശിയിരുന്നു
ചിറകിനകത്തു കടിച്ചുകിടക്കും
ചെറുപേൻ കൊതുകുകൾ ഈച്ചകൾ പുഴവും
തിറവിയ കൊക്കുകൾ കൊണ്ട് കടിച്ചതു
കൊറുകൊറെയങ്ങു കടിച്ചുതുടങ്ങി
ഒരുകാൽ കൊണ്ടു ശിരസ്സിൽ പരിചൊടു
ചൊറികിത്തത്തി നടന്നുതുടങ്ങി.“

കോഴി, താറാവു മുതലായ വീട്ടുപക്ഷികളുടെ സ്വഭാവം മനസ്സിലാക്കിയിട്ടുള്ളവർക്ക് കവിയുടെ ഈ പ്രകൃതിനിരീക്ഷ
ണത്തിൻ്റെ വൈഭവവും ചേതോഹരത്വവും ബോദ്ധ്യമാകുന്നതാണു്.

സഭാപ്രവേശത്തിൽ  ദുര്യോധനാദികൾ,

“നിരുള്ള ദിക്കെന്നുറച്ചു പതുക്കെ
നീന്തുവാനുള്ളോരു വട്ടങ്ങൾകൂട്ടി”

വസ്ത്രങ്ങൾ ചരിച്ചുകയററി പതുക്കെപ്പദംകൊണ്ടു തപ്പി കുന്തിച്ചുകുന്തിച്ചുള്ള യാത്രയെ വർണ്ണിച്ചിട്ടുള്ളതു നോക്കുക. കുട്ടനാടൻ പ്രദേശങ്ങളിലെ തോടുകളും മററും ഇറങ്ങിക്കടക്കുന്ന സാധാരണ കൃഷിക്കാരുടെ ചിത്രമാണ് നമ്പ്യാർ ഇവിടെ വർണ്ണിച്ചിരിക്കുന്നതെന്നു കാണുവാൻ പ്രയാസമില്ല.