അദ്ധ്യായം 8. മഹാകവി കുഞ്ചൻ നമ്പ്യാർ

പ്രകൃതി നിരീക്ഷണം

“മഹാകാവ്യങ്ങളുടെ അപചയത്തിനു കാരണമായ ഒരു സംഗതി മലയാള കവികളുടെ മുൻപിൽ വിലങ്ങനെ കിടക്കുന്ന കവിസങ്കേതങ്ങളാകുന്നു. നായികാനായകന്മാരേയും അവരുടെ ചേഷ്ടിതങ്ങളേയും വർണ്ണിക്കേണ്ട രീതി ഇങ്ങനെ ക്ലിപ്തപ്പെടുത്തുക കാരണം മലയാള മഹാകാവ്യങ്ങളിലെ നായകന്മാരും നായികമാരും ഒരുവിധത്തിലുള്ള ആകൃതിപ്രകൃതികളോടുകൂടിയവരായിരിക്കുന്നു. മഹാകാവ്യങ്ങളിലെ നായകന്മാർ ഒന്നുപോലെ വ്യൂഡോരസ്ക്കരും വൃഷസ്ക്കന്ധരും സർവ്വശാസ്ത്രങ്ങളിലും സർവ്വകലകളിലും പ്രവീണന്മാരുമാണു്. നായികമാരോ, സർവ്വാംഗസുന്ദരികളും സർവ്വസദ്ഗുണസമ്പന്നകളും സൽക്കുലജാതകളുമാണ്. ഒരേ വിധത്തിലുള്ള സൗന്ദര്യവും സ്വഭാവവിശേഷങ്ങളുമാണു് അവർക്കുള്ളത്. തൻമൂലം നമ്മുടെ മഹാകാവ്യങ്ങളിലെ നായകന്മാരെയൊ നായികമാരെയൊ പരസ്പരം സ്ഥലം മാററിയാലും പറയത്തക്ക വ്യത്യാസമൊന്നുമുണ്ടാകുമെന്നു തോന്നന്നില്ല. “ദമയന്തിയുടെ സ്ഥാനത്തു സാവി ത്രിയേയും, സാവിത്രിയുടെ സ്ഥാനത്തു സീതയേയും പ്രതിഷ്ഠിക്കുന്നപക്ഷം കഥ മുന്നേപ്പോലെ തന്നെയിരിക്കും. അവ രുടെ ആകൃതിയും പ്രകൃതിയും എല്ലാം ഒന്നുപോലെതന്നെ. അവരുടെ ചേഷ്ടിതങ്ങളും ഒന്നുപോലെതന്നെ. അത്യാഹി തമായ ഒരു സംഗതി കേട്ടാൽ അവർ ഇടിവെട്ടേറ്റതു പോലെ മൂർച്ഛിച്ചുവീഴുന്നു; മൂർച്‌ഛകഴിഞ്ഞാലുടനെ വിലാപമായി; പ്രേമാങ്കുരമുണ്ടായാൽ, കാമുകനെപ്പററി നർമ്മസല്ലാപം ചെയ്യുവാൻ ഓരോരുത്തർക്കും തോഴിമാർ വേണം; വ്രീളാപരവശതയാണു് അഭിനയിക്കേണ്ടതെങ്കിൽ നമ്രമുഖിയായിനിന്നു നിലത്തു പാദംകൊണ്ടു വരയ്ക്കുന്നു. വിപ്രലംഭത്തിൽ പനിനീരും തിങ്കളും ചന്ദനവും രാമച്ചവുമെല്ലാം അത്യുഷ്ണമായിത്തോന്നുന്നു. അനഭിലഷണീയമായ ഈ ഗതാനുഗതികത്വത്തിനു വിധേയമല്ലാത്ത മഹാകാവ്യങ്ങളില്ലതന്നെ”.