പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

വയലാർ രാമവർമ്മ: കേരളത്തിലെ സോഷ്യലിസ്റ്റ് റിയലിസ പ്രണേതാക്കളായ കലാകാരന്മാരിൽ പ്രമുഖനായ ഒരു വ്യക്തിയാണ് വയലാർ രാമവർമ്മ. നിലവിലുള്ള സാമൂഹ്യഘടനയും അതിൻ്റേതായ നീതിസംഹിതയും തകർക്കുകയും അവയുടെ സ്ഥാനത്തു പുതിയ ഒരു സാമൂഹ്യവ്യവസ്ഥിതി ഉയിർക്കൊള്ളിക്കുകയും അതിനെ നിലനിർത്തുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവിധത്തിലുള്ള ഒന്നാണല്ലോ സോഷ്യലിസ്റ്റ് റിയലിസം. അതിനാൽ ഇത്തരം കലാകാരന്മാർ സമരപ്രീയരായിരിക്കുക സാധാരണമാണു്. സുചിന്തിതമായ ആശയപ്രകടനങ്ങൾക്കല്ല, ആവേശംപൂണ്ട ഉദ്ബോധനങ്ങൾക്കായിരിക്കും ഇത്തരം കവികൾ പ്രായേണ മുതിരുക. വയലാറിൻ്റെ കവിത മിക്കവാറും പ്രസ്തുത രൂപം അവലംബിച്ചു കാണുന്നതും അതുകൊണ്ടുതന്നെ. ഈ യുവകവിയെ തൂലികയെടുക്കാൻ പ്രേരിപ്പിച്ച അന്തരീക്ഷം അതിനു പറ്റിയതുമായിരുന്നു. 1947-ൽ തൻ്റെ ഗ്രാമത്തിൽ നടന്ന സമരം, രാമവർമ്മയെ ഒരു വിപ്ലവകാരിയാക്കി – സമരഗായകനാക്കി – മാറ്റുകയാണുണ്ടായത്. അദ്ദേഹത്തിൻ്റെ തൂലിക സമകാലിക പ്രശ്നങ്ങളെ മുൻനിർത്തി സാമൂഹ്യനീതിക്കുവേണ്ടി വാചാലതയോടെ സംസാരിക്കുവാൻ തുടങ്ങിയപ്പോൾ, അതും തൊഴിലാളി വർഗ്ഗത്തിനുവേണ്ടി സഹാനുഭൂതിയോടെ സംസാരിക്കുവാൻ തുടങ്ങിയപ്പോൾ, സാമാന്യജനങ്ങൾക്ക് അദ്ദേഹത്തെ തങ്ങളിൽനിന്നു് അന്യനായി കാണുവാൻ കഴിയാതെയുമായി.

Leave a Reply

Your email address will not be published. Required fields are marked *