പുതിയ തലമുറ
“ദണ്ഡിച്ചു നമ്മൾ വിതച്ചതു നമ്മൾ കൊ-
യ്തുണ്ണുന്ന കാലമായ്, പൈങ്കിളിയേ!”
………………………………………………………
കൂട്ടുകൃഷിക്കു കനിഞ്ഞു നല്കീടുന്നു
നാട്ടിലെക്കോയ്മ നമുക്കുതന്നെ
പട്ടയമിന്നു വിറയ്ക്കുന്ന കൈകളാൽ
പറ്റെക്കുഴങ്ങി നാം വാങ്ങിടുമ്പോൾ
പണ്ടുപ്പുനീറ്റിൽനിന്നിപ്പാടശേഖരം
നൊന്തു പടുത്തൊരാപ്പൂർവ്വികന്മാർ
തൂമിഴിനീരായ്ത്തുളുമ്പുന്നു കൺകളിൽ,
കോൾമയിരായിക്കിളിർപ്പു മെയ്യിൽ.
ഗദ്ഗദമായിത്തടയുന്നു തൊണ്ടയിൽ,
ഉൽക്കടം നെഞ്ചിടിപ്പായ്ത്തുടിപ്പൂ!
എന്തു പറയേണ്ടു, നാട്ടിന്നുടയോരെ
നന്ദി, ഞങ്ങൾക്കിതു ശാപമോക്ഷം.
ഞങ്ങൾതൻപാടത്തു ഞങ്ങളൊന്നിച്ചിനി
ഞങ്ങൾക്കുവേണ്ടിയേ വേലചെയ് വൂ.
കാലം വരുത്തിയ മാറ്റത്തെ കവി എത്ര പുളകോൽഗമമായി ചിത്രണം ചെയ്യുന്നുവെന്നു നോക്കുക.
വൈലോപ്പിള്ളിയുടെ ‘കുടിയൊഴിക്കൽ’ എന്ന കൃതിക്ക്, സോവിയറ്റ് ലാൻഡിൻ്റെ 1969 ലെ നെഹ്റു അവാർഡ് ലഭിക്കയുണ്ടായി. ‘വിട’ എന്ന സമാഹാരത്തിനു് 1971-ലെ കേന്ദ്ര സാഹിത്യഅക്കാദമി അവാർഡും. ‘മകരക്കൊയ്ത്തി’നു് 1980-ലെ വയലാർ അവാർഡും ലഭിക്കുകയുണ്ടായി എന്ന വസ്തുതകൂടി ഈയവസരത്തിൽ പ്രസ്താവിച്ചുകൊള്ളട്ടെ.
