പദ്യസാഹിത്യചരിത്രം. ഇരുപത്തിയേഴദ്ധ്യായം

പുതിയ തലമുറ

ദേവൻ: മലയാള പദ്യസാഹിത്യരംഗത്തു ചില നല്ല കൃതികൾ നല്കിയിട്ടുള്ള ഒരു കവിയാണു് ദേവൻ അഥവാ ഇ. കെ. വാസുദേവൻനായർ. രാക്കുയിൽ, കുഞ്ഞിക്കാവ് എന്നീ ഖണ്ഡകാവ്യങ്ങൾ, ഗീതാമൃതം, ഭാഷാഭഗവൽഗീത എന്നിവ ഇതിനകം പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിട്ടുള്ള പ്രധാന കൃതികളത്രെ. ഖണ്ഡകാവ്യങ്ങൾ രണ്ടും പ്രണയ വിഷയങ്ങളാണെന്നു പറയാം. എന്നാൽ ഇന്നത്തെ നാറിപ്പൊളിഞ്ഞ പ്രേമമല്ല, സംസ്കാരത്തിൻ്റെ പരിധിയിൽ ഒതുങ്ങിനില്ക്കുന്ന പരിശുദ്ധമായ പ്രേമവും സഭ്യമായ ശൃംഗാരവുമാണ് പ്രസ്തുത കൃതികളിൽ വർണ്ണിക്കുന്നത്.

ശുദ്ധാനുരാഗവും ഭക്തിയുമൊന്നുപോൽ
സാത്വികചിത്തവികാരമത്രെ. (രാക്കുയിൽ)

എന്നു പ്രസ്താവിച്ചിട്ടുള്ളതു വളരെ ശരിയാണ്.

ആത്മാവിലാത്മാവുരുകിപ്പിടിച്ചെന്നാ-
ലാർക്കു സാധിക്കുമടർത്തിമാറ്റാൻ?

അവതാരികയിൽ പുത്തേഴത്തു രാമമേനോൻ പ്രസ്താവിച്ചിട്ടുള്ള ഒരു ഭാഗം വളരെ ശ്രദ്ധേയമായിത്തോന്നി. ‘വാസനാവിലാസവും ആശയശുദ്ധിയും സമഞ്ജസമായി സമ്മേളിപ്പിച്ചിട്ടുള്ള ഒരു ഗാനതല്ലജം അതിൽക്കൂടി ആലാപിക്കപ്പെടുന്ന അനുരാഗകഥ മൃഗീയമല്ല, മാനുഷികംപോലുമല്ല, കേവലം ദിവ്യവും സാത്വികവും സാങ്കല്പികവുമാകുന്നു. വിശ്വമഹാകവിയായ ടാഗോർമഹാശയൻ്റെ കവിതകളിലെ ഇത്തരം അഭൌമവും ആശ്ചര്യകരവുമായ ദിവ്യാനുരാഗത്തിൻ്റെ ചിത്രങ്ങൾ ഞാൻ കണ്ടിട്ടുള്ളൂ.’ രാക്കുയിലിൽ ദേവൻ ഈ അഭിനന്ദനം തികച്ചും അർഹിക്കുന്നുണ്ടു്.

കുഞ്ഞിക്കാവു് എന്ന ഖണ്ഡകാവ്യവും നിർമലപ്രേമത്തിൻ്റെ – സ്തിരാനുരാഗത്തിൻ്റെ മഹത്വം വെളിപ്പെടുത്തുന്ന ഒരു ഖണ്ഡകാവ്യമാണു്. കണ്ണൻ എന്ന നായകനിൽ സ്ഥിരാനുരക്തയായിരുന്ന കുഞ്ഞിക്കാവു് എന്ന നായർതരുണിയെ വഞ്ചിരൂപനായ മാർത്താണ്ഡവർമ്മ കണ്ടു് ആഗ്രഹിക്കുന്നതും, അവളുടെ സ്ഥിരപ്രണയം മറ്റൊരാളിൽ നിക്ഷേപിച്ചിരിക്കുകയാണെന്നു മനസ്സിലാക്കി രാജാവു് അതിൽനിന്നു പിന്തിരിയുന്നതും നായികയെ അനുമോദിച്ചയയ്ക്കുന്നതും മറ്റുമായ കഥാംശങ്ങളാണു് പ്രസ്തുത കാവ്യത്തിൽ അടങ്ങിയിട്ടുള്ളതു്. ദേവൻ്റെ വർണ്ണനകൾ അതീവഹൃദ്യങ്ങളത്രെ. സന്ദർഭത്തിന്നനുരൂപമായി മനോധർമ്മത്തോടുകൂടി തൂലികയെ ചലിപ്പിക്കുവാനുള്ള കരവിരുതു് ദേവനു വേണ്ടുവോളമുണ്ടു്. ഗീതാമൃതം, ഭഗവൽഗീത വായിച്ചപ്പോൾ കവിക്കുണ്ടായ ചില സവിശേഷാനുഭൂതികളുടെ കുറിപ്പുകളാണു്.

തോട്ടം കൃഷ്ണനിളയതു്: ബ്രഹ്മാഷ്ടപ്രാസം ശാർദ്ദൂലവിക്രീഡിത വൃത്തത്തിലുള്ള നൂറ്റിപതിനാറു ശ്ലോകങ്ങളടങ്ങിയ നല്ല ഒരു സ്തോത്രകൃതിയാകുന്നു. കൂപ്പുകൈ, പുരഞ്ജരോപാഖ്യാനം തുടങ്ങിയവയാണു് കവിയുടെ മറ്റു കൃതികൾ.

കെ. പി. ഉറുമീസ്: സുപ്രസിദ്ധമായ ക്രിസ്തുവിൻ്റെ ഗിരിപ്രഭാഷണം ഭാഷയേറിവരുന്ന നല്ല മണിപ്രവാളത്തിൽ വിവർത്തനം ചെയ്തിട്ടുണ്ട്. പണ്ഡിതനായ കവി പ്രസ്തുത കൃതി പിന്നീട് ( 1974–ൽ ) ഗിരിഗീത എന്ന ശീർഷകത്തിൽ സംസ്കൃതത്തിൽ വിവർത്തനം ചെയ്തിട്ടുള്ള വസ്തുതയും പ്രസ്താവയോഗ്യമാണു്. മാനസോത്സവം എന്ന പേരിൽ അദ്ദേഹം അടുത്തകാലത്തു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കാവ്യസമാഹാരവും പ്രസ്താവയോഗ്യമായിട്ടുള്ള ഒന്നുതന്നെ. അനേകം കവിതകൾ വേറെയുമുണ്ടു്.

Leave a Reply

Your email address will not be published. Required fields are marked *