പുതിയ തലമുറ
ചൊവ്വാറ്റുകുന്നേൽ: ധാരാളം ഗ്രന്ഥപരിചയവും ലോകപരിചയവും സമ്പാദിച്ച ഒരു ചിന്തകനാണ് ജെ. ടി. ചൊവ്വാറ്റുകുന്നേൽ. ‘സദുക്തിഹാരം’ എന്ന ഗ്രന്ഥം അതിനു പ്രത്യക്ഷനിദർശനമാണ്. വിവിധ വൃത്തങ്ങളിൽ എഴുതിയിട്ടുള്ള 455 പദ്യങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. ഓരോന്നും ഗ്രന്ഥകാരൻ്റെ പ്രതിഭയിൽനിന്നു് ഉയർന്നുവന്ന ഓരോ നറുമുത്തുതന്നെയാണെന്നു പറയാം.
സുഭാഷിതരത്നാകരം തുടങ്ങിയവ: മലയാളഭാഷയിൽ ഇത്തരം ഒരു ശാഖ ആദ്യമായി ഉദ്ഘാടനം ചെയ്തത് കെ. സി. കേശവപിള്ളയുടെ സുഭാഷിതരത്നാകരത്തോടുകൂടിയാണെന്നു തോന്നുന്നു. 1900-ാമാണ്ടു പ്രസിദ്ധീകൃതമായ പ്രസ്തുത കൃതിക്കുശേഷം, വടക്കുഞ്ചേരി അകത്തൂട്ടു ദാമോദരൻകർത്താവു പരിഭാഷപ്പെടുത്തിയ ഭർത്തൃഹരി നീതിശതകം, തിരുവനന്തപുരം സുബോധിനി പ്രസ്സിൽനിന്നു് 1905-ൽ പ്രസിദ്ധപ്പെടുത്തിക്കാണുകയുണ്ടായി. തദനന്തരം ഈ വിഭാഗത്തിൽ ഏതാനും കൃതികൾ പല ഘട്ടങ്ങളിലായി ഉടലെടുത്തിട്ടുണ്ട്. അവയിൽ മൂലൂരിൻ്റെ ‘അവസരോക്തിമാല,’ ജോസഫ് മുകളയിലിൻ്റെ ‘സൂക്തിരത്നമാല’ തുടങ്ങിയ ചിലതു് ഇവിടെ പ്രസ്താവയോഗ്യങ്ങളാണു്. 1967-ൽ പ്രസിദ്ധീകൃതമായ സദുക്തിഹാരവും നമ്മുടെ പദ്യസാഹിത്യത്തിൽ മാന്യമായ ഒരു സ്ഥാനം അർഹിക്കുന്നു. വടക്കുംകൂർ പ്രസ്താവിച്ചിട്ടുള്ളതുപോലെ, ‘വിജ്ഞേയങ്ങളും വിവിധങ്ങളുമായ ധർമ്മങ്ങളുടെ ഉപദേശം കൊണ്ടു വിശിഷ്ടതയേറിയവയാണു പ്രസ്തുത കൃതിയിലെ പദ്യങ്ങൾ. അവ വായനക്കാർക്കു ധർമ്മാധർമ്മബോധം ഉണ്ടാക്കിക്കൊടുക്കുന്നവയും വിശേഷേണ അവരെ രസിപ്പിക്കുന്നവയുമാണു്. ആശയങ്ങളുടേയും രചനയുടേയും സ്വഭാവം കാണിക്കുവാൻ സ്ഥാലീപുലാകന്യായേന ഒരു പദ്യം ഇവിടെ ഉദ്ധരിക്കാം.
പ്രാർത്ഥിക്കുമ്പോൾ പാതകിയായ് ഭവിക്കാ,
സൂക്ഷിക്കുവോനില്ല ഭയം ജഗത്തിൽ
മിണ്ടായ്കിലുണ്ടോ കലഹം ജനിപ്പു?
ബീജത്തിൽനിന്നേ മുളയുത്ഭവിക്കൂ.
