പുതിയ തലമുറ
കുഞ്ഞുണ്ണി: പ്രഹേളികാരൂപത്തിലുള്ള ഒരുതരം ഹാസ്യകവിതകളാണു് കുഞ്ഞുണ്ണിയുടെ കൃതികളിൽ അധികവുമെന്നു പറയാം. ചില യാഥാർത്ഥ്യങ്ങളെ ഹാസ്യാത്മകമായി ധ്വനിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുവാനും പ്രേരണ നല്കുന്നു.
കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണുന്നതാണെൻ പരാജയം
എന്ന വരികൾ ചങ്ങമ്പുഴയുടെ,
കപടലോകത്തിലാത്മാർത്ഥമായൊരു
ഹൃദയമുണ്ടായതാണെൻ പരാജയം.
എന്ന വരികളുടെ ഒരു ഹാസ്യാനുകരണമാണെന്നു പറയേണ്ടതില്ലല്ലോ. ചെറിയ ചെറിയ ചിന്താശകലങ്ങൾ പലതിലും തെളിഞ്ഞുകാണാം.
എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം
‘നേരുകൾക്കൊക്കെ വളവു’ള്ള കാലം!
എന്നിങ്ങനെയുള്ളവ അതിനുദാഹരണങ്ങളാണു്.
