പുതിയ തലമുറ
എണ്ണീടാത്തൊരു പുരുഷായുസ്സുകൾ – വെണ്ണീറാകാം പുകയാകാം,
പൊലിമയൊടെന്നും പൊങ്ങുക പുത്തൻ – തലമുറയേന്തും പന്തങ്ങൾ!
കത്തിന വിരലാൽചൂണ്ടുന്നുണ്ടവ – മർത്ത്യപുരോഗതി മാർഗ്ഗങ്ങൾ
ഗൂഢതടത്തിൽ മൃഗീയത മരുവും – കാടുകളുണ്ടവ കരിയട്ടെ
വാരുറ്റോരു നവീനയുഗത്തിൻ – വാകത്തോപ്പുകൾ വിരിയട്ടെ
അങ്ങനെ പുരോഗതിക്കായി, മനുഷ്യവീര്യവിജയത്തിനായി ചോരതുടിക്കും ചെറുകൈയുകളേ, പേറുക വന്നീപ്പന്തങ്ങൾ | എന്നു കവി പുതിയ തലമുറയിലെ ജനതയെ ആഹ്വാനം ചെയ്യുകയാണു്. ‘മലതുരക്കൽ’ എന്ന കവിതയിലും മനുഷ്യവീര്യത്തിൻ്റെ അപ്രതിരോധ്യവിജയമാണു് കവി പ്രഖ്യാപനം ചെയ്യുന്നതു്. ‘സഹ്യൻ്റെ മകൻ’ രൂപഭാവങ്ങൾ സമഞ്ജസമായി സമ്മേളിപ്പിക്കാനുള്ള കവിയുടെ കരവിരുതിനെ വിളംബരം ചെയ്യുന്നു-
പ്രകൃതിയോടുള്ള ചങ്ങാത്തം അഥവാ ഐക്യം പ്രാപിക്കൽ കവികളുടെ സുപ്രധാനമായ ഒരു മനോഭാവമാണു്. പഴയതും അന്ധവുമായ ആ മനോഭാവം ഇന്നത്തെ യുഗത്തിൽ ആവശ്യമില്ലെന്നു വൈലോപ്പിള്ളി കരുതുന്നു. പ്രകൃതിയുമായി ഇന്നേവരെ നടത്തിയ നിരന്തരസംഘട്ടനത്തിൻ്റെ ഫലമായിട്ടാണു് മനുഷ്യൻ്റെ ആത്മവീര്യം വർദ്ധിച്ചിട്ടുള്ളതെന്നും, ഇന്നേവരെ ലോകപുരോഗതി ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം സ്വകവിതകൾ വഴി പ്രഖ്യാപനം ചെയ്തുകൊണ്ടേയിരിക്കുന്നു. ഇങ്ങനെ നിയതമായ ചില ദർശനങ്ങൾ അദ്ദേഹത്തിൻ്റെ ഏതു കവിതയിലും നമുക്കു കാണാം. ഇന്നത്തെ ശാസ്ത്രയുഗത്തിൽ ഇത്തരം ചിന്താഗതികൾക്കു സാഫല്യം വർദ്ധിച്ചേക്കാമെന്നുള്ളതിൽ ഒരു സംശയവുമില്ല. പക്ഷേ, വൈലോപ്പിള്ളിക്കവിതകളിൽ നാം കാണുന്ന ഒരു വൈകല്യമിതാണു്. പദങ്ങളുടെ മിതത്വവും ആശയങ്ങളുടെ സംഗ്രഹണസ്വഭാവവും ചിന്താശക്തി കുറഞ്ഞവരെ അത്തരം കവിതകളിലേക്കു വേഗത്തിൽ ആകർഷിക്കുവാൻ കഴിയാതെ പോകുന്നു.
