പുതിയ തലമുറ
പ്രേമ്‌ജി (എം. പി. ഭട്ടതിരിപ്പാട്): സ്വസമുദായപരിഷ്കരണത്തിനും പരിവർത്തനത്തിനുംവേണ്ടി അനേകം കൃതികൾ നിർമ്മിച്ചിട്ടുള്ള ഒരു കലാകാരനാണു് പ്രേമ്ജി എന്ന പേരിൽ വിളങ്ങുന്ന എം പി. ഭട്ടതിരിപ്പാട്. പുരുഷൻ്റെ പ്രേമചാപല്യത്തെ വിളംബരം ചെയ്യുന്ന ഒരു കവിതയാണ് വിശ്വപ്രേമം. എട്ടു കൊല്ലത്തോളം ദാമ്പത്യസുഖത്തിന് അവലംബമായിരുന്ന സ്വജാതീയഭാര്യയെയും, അവരിൽ ജനിച്ച രണ്ടു കുട്ടികളെയും മറന്നുകൊണ്ട് നമ്പൂരിപ്പാട് ഉൽക്കടാവേശത്താലും ഉദ്ദാമപ്രേമത്താലും മറ്റൊരു സൗന്ദര്യധാമത്തിൽ മുങ്ങിപ്പോകുന്നു. ഈ ദുസ്സഹാവസ്ഥയിൽ നായിക ഭർത്താവിൻ്റെ നവവധുവിനു നല്കുന്ന ആശംസയാണ് അതിലെ ഉള്ളടക്കം.
നിസ്സഹായയാം ഞാനിങ്ങൊഴിഞ്ഞുമാറിക്കൊള്ളാം
നിസ്സപത്നമാകട്ടെ നിൻ്റെ ജീവിതമാർഗ്ഗം!
എങ്കിലുമൊന്നോർക്കണം: എത്രനാൾക്കുണ്ടീ മിഥ്യാ–
സങ്കല്പാനുരാഗത്തിൻ മാദകലഹരികൾ?
പൂച്ചിതൊക്കെയും മായും നിനക്കപ്പോഴിസ്സാധു–
ച്ചേച്ചിതന്നനുഭവമുണ്ടാകാതിരിക്കട്ടെ!
ഹേ, വിശ്വാസമേ നിന്നെ-ച്ചതിപ്പോൻ പുംവേഷമാ-
മീ വിശ്വപ്രേമത്തിൻ്റെ കുപ്പായത്തിലുണ്ടെന്നും!
വള്ളത്തോളിൻ്റെ ‘ഒടുക്കത്തെക്കുറിപ്പ്’ അല്പമൊന്നനുസ്മരിപ്പിക്കുവാൻ അവസരം നല്കുന്നതാണു് ഈ കവിത. സപത്നി, രക്തസന്ദേശം മുതലായവയാണു് പ്രേമ്ജിയുടെ കൃതികൾ.
