പുതിയ തലമുറ
സർപ്പക്കാവിൽ കവി വെല്ലുവിളിക്കുന്നതു് അത്തരത്തിലുള്ള അന്ധവിശ്വാസങ്ങളെയാണു്. ”കൈത്തിരി കോൽത്തിരി മഞ്ഞൾച്ചാറു കരിക്കും മലരും കദളി പഴവും” മറ്റും വെച്ചു പുരാതനകാലം മുതൽ നിവേദിച്ചിരുന്ന സ്വന്തം ഗൃഹത്തിലെ സർപ്പക്കാവ് കവി വെട്ടിത്തെളിച്ചു തെങ്ങിൻ തൈകളും കമുകിൻ തൈകളും വെച്ചുപിടിപ്പിക്കുന്നു.
”പാർവ്വണചന്ദ്രഫണങ്ങളിണങ്ങിയ പൊന്മുടിചൂടിയ മണിനാഗങ്ങൾ” കുടിയിരിക്കുന്നതെന്നു കരുതപ്പെടുന്ന ആ സർപ്പക്കാവിൽ കവി ഒറ്റ സർപ്പത്തെപ്പോലും ആ അവസരങ്ങളിൽ കാണുന്നില്ല. സർപ്പക്കാവിനെപ്പറ്റി ആളുകൾക്കുള്ള അന്ധവിശ്വാസങ്ങളെ ധ്വംസിക്കുവാനാണു് കവി ഇവിടെ ശ്രമിച്ചിട്ടുള്ളതെന്നു പറയേണ്ടതില്ലല്ലോ. മൂഢവിശ്വാസം കൊണ്ടു കാടുകയറിയ ഭാവനകളെ വെട്ടിത്തിരുത്തുവാനുള്ള ആഹ്വാനവും പ്രസ്തുത കവിതയിൽ കവി ചെയ്യുന്നുണ്ടെന്നു വിചാരിക്കണം. മാനവചരിത്രവും ശാസ്ത്രീയചിന്താഗതിയും കൂട്ടിയിണക്കി ചുറ്റുമുള്ള ജീവിതത്തെ നിരീക്ഷിക്കുകയും നാളത്തെ ജീവിതത്തിനു വേണ്ടുന്ന ചൈതന്യം ഇന്നത്തെ മാനുഷസിരകളിൽ കുത്തിവെയ്ക്കുകയുമാണു സ്വകവിതകളിൽക്കൂടി വൈലോപ്പിള്ളി ചെയ്തുകൊണ്ടിരിക്കുന്നത്. ‘പന്തങ്ങ’ളിൽ (ശ്രീരേഖ) മർത്ത്യവീര്യത്തിൻ്റെ ഉജ്ജ്വലതയെ കവി വിളംബരംചെയ്യുന്നു:
