പുതിയ തലമുറ
ഒ. എം. അനുജൻ: ഒളപ്പമണ്ണ ഇല്ലത്തെ മറ്റൊരു കവിയാണു് അനുജൻ നമ്പൂതിരിപ്പാട്. മുകുളം, മലയാളിച്ചി, ചില്ലുവാതിൽ, രമയും മധുവും രാജാവും, ചിറകടി, അഗാധനീലിമകൾ, വൈശാഖം, അക്തേയൻ, നഗരശില്പികൾ, സൃഷ്ടി തുടങ്ങിയ പല കൃതികളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അനുഭൂതിപരം എന്നതിനേക്കാൾ ആശയപ്രധാനം എന്നതാണ് അനുജൻ്റെ കൃതികളുടെ പൊതുസ്വഭാവം. ആധുനിക പ്രശ്നങ്ങളെ ജീവിതവുമായി ബന്ധിപ്പിച്ചു പ്രതിപാദിക്കുവാൻ അനുജൻ അതിസമർത്ഥനാണ്. വൈശാഖത്തിലെ ‘രണ്ടു നിരാഹാരസമരങ്ങൾ’ എന്ന കവിത നോക്കുക: ചിന്തോദ്ദീപകങ്ങളും രസോജ്ജ്വലങ്ങളുമായ രണ്ടു രംഗങ്ങൾ കവി അതിൽ പ്രദർശിപ്പിക്കുന്നു. വളരെ ചെറുതെങ്കിലും ‘ചില്ലുവാതിൽ’ വിചാരരമണീയമായ ഒരു കവിതയാണു്. അസ്ഥിപഞ്ജരനായ ഒരുവൻ, അപ്പങ്ങൾ, മധുരങ്ങൾ, പലഹാരങ്ങൾ, നാനാകുപ്പികൾ തുടങ്ങിയവ നിരത്തിവെച്ചിട്ടുള്ള ഒരു ഭക്ഷണശാലയുടെ മുമ്പിൽ ചെന്നു നില്ക്കുകയാണു്. ചില്ലുവാതിലുകൊണ്ട് അടച്ചുവെച്ചിട്ടുള്ള അവയെ കുണ്ടിലാണ്ടുപോയ കൺകളാൽ ഉറ്റു നോക്കി നാവാൽ നുണഞ്ഞുകൊണ്ട് അങ്ങനെ കുറേനിമിഷം നിന്നു. പക്ഷേ, കിട്ടുന്നില്ല; എടുക്കാൻ ചില്ലു തടസ്സമായും നില്ക്കുന്നു.
നേരേ മുമ്പിലാണെല്ലാം സ്ഫാടികകവാടത്തിൻ
നേരിയ വിഭജനം-മാത്രം എന്തൊരന്തരം!
വിശപ്പാലതിൻമീതെ തൊട്ടുനോക്കി, ക്ഷുത്തിൻ നാവുകളടങ്ങുമോ?
മുഷ്ടികൾ ചുരുട്ടിക്കൊണ്ടുക്കോടച്ചില്ലോടേറ്റു-
മുട്ടി-ഹാ, ചിന്നീ നൂറായ് കുപ്പിതൻ കഷണങ്ങൾ
അവന്നു വിലങ്ങേകാൻ കയ്യാമമണഞ്ഞപ്പോ-
ളവിടെ ജനക്കൂട്ടമായിരക്കണക്കായി!
