പുതിയ തലമുറ
നന്മ വളരെ ക്ലേശാനുഭവങ്ങൾക്കുശേഷമായാലും തിന്മയെ ജയിക്കുന്നവിധത്തിലുള്ള ഒരാദർശമാണ് നാം അടുത്തകാലംവരെ ദർശിച്ചുപോന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ കണ്ടുതുടങ്ങിയിട്ടുള്ള ആന്തരവൈരുദ്ധ്യം സ്പഷ്ടമാക്കാൻ ഇങ്ങനെ ഒരു തിരിച്ചടി ആവശ്യമായി കവി കാണുന്നു. ബുദ്ധിയുള്ളവരെ ഇരുത്തിച്ചിന്തിപ്പിക്കുവാൻ ഇത്തരം നിഷേധാത്മകസമീപനം പ്രയോജനപ്പെടുമെന്നു കരുതേണ്ടിയിരിക്കുന്നു. മലയാളത്തിൽ ഇത്തരം പ്രതീകങ്ങളിലൂടെ ഒരു കവിതാരീതി കൃഷ്ണവധത്തിനുമുമ്പ് മറ്റാരും അവതരിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. കൃഷ്ണവധം എഴുതിയ എൻ. വി., ഒരു പന്തീരാണ്ടിനു ശേഷം (1955-ലാണു് കൊച്ചുതൊമ്മൻ എന്ന സമാഹാരം പുറപ്പെട്ടത്), ഈയിടെ അതിനേക്കാൾ ശക്തവും യാഥാർത്ഥ്യങ്ങൾകൊണ്ടു വിലക്ഷണവുമായ രീതിയിൽ എഴുതിയിട്ടുള്ള ഒരു കവിതയാണു് ‘ഗാന്ധിയും ഗോഡ്സേയും’.
‘അരിവാങ്ങുവാൻ ക്യൂവിൽ തിക്കിനില്ക്കുന്നു ഗാന്ധി,
അരികേ കൂറ്റൻ കാറി-ലേറി നീങ്ങുന്നൂ ഗോഡ്സേ’
എന്നാരംഭിക്കുന്ന ആ ഗീതപരമ്പര, ഇന്നു ഭൂമുഖത്തു വന്നുചേർന്നിട്ടുള്ള സത്യധർമ്മാദികളുടേയും വ്യവസ്ഥിതികളുടേയും ഒരു ചിത്രം വിചാരശീലന്മാരുടെ മുമ്പിൽ നിരത്തിവെയ്ക്കുകയാണു ചെയ്യുന്നതു്. കല്ലു കരടു കാഞ്ഞിരക്കുറ്റിതൊട്ടു സകലതും കുടികൊള്ളുന്ന റേഷനരി വാങ്ങുവാൻ രാഷ്ട്രപിതാവായ ഗാന്ധിജി മുട്ടിനുമേൽ നിലകൊള്ളുന്ന മുണ്ടുമുടുത്തു വടിയുമൂന്നി ഏറെനേരമായി ക്യൂവിൽ കാത്തുനില്ക്കുന്നു. എന്നാൽ അതേ അവസരത്തിൽ അരികിലൂടെ കൂറ്റൻകാറിൽ ബഹുമാന്യനായി പാഞ്ഞുപോകുന്നതോ, ലോകകണ്ടകനായ ഗോഡ്സേയും. ആധുനികലോകത്തിൽ മാന്യതയുടേയും ദയനീയതയുടേയും നിലവാരം എങ്ങനെ മാറിമറിഞ്ഞിരിക്കുന്നുവെന്നു് മേലുദ്ധരിച്ച വരികൾതന്നെ വിശദമാക്കുന്നുണ്ടല്ലോ.
നല്ലൊരു ചിന്തകനും പ്രൗഢനിരൂപകനുമായ കൃഷ്ണവാര്യർ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് കവിതാപഥത്തിൽ കടന്നുവന്നു ചില പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കയാണു്. ചിലതു പരാജയപ്പെടുമ്പോൾ മറ്റുചിലത് ആശയാരോഗ്യം തികഞ്ഞവയായി പ്രശോഭിക്കുന്നുമുണ്ട്. ഏതുവിധത്തിലായാലും എൻ. വി.യുടെ ഉപഹാസനിശിതമായ തൂലിക മഷിയുണങ്ങാതെ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നതു കാണുവാൻ മാദൃശന്മാർ ആഗ്രഹിക്കുകയാണു്. * (കൊച്ചുതൊമ്മൻ മുതലായ കവിതാസമാഹാരങ്ങളുടെ പേരിൽ എൻ. വി. ക്ക് 1971-ലെ നെഹ്റു അവാർഡ് ലഭിക്കയുണ്ടായി എന്ന വസ്തുത കൂടി ഈയവസരത്തിൽ വെളിപ്പെടുത്തിക്കൊള്ളട്ടെ.)
