പുതിയ തലമുറ
വാളും പരിചയും കൈക്കൊണ്ടു ഗാംഭീര്യ-
മാളുമാരംഗത്തിൽച്ചാടി കംസൻ
ഈ മട്ടിലാണു് അവതരണംതന്നെ.
ചീർത്തുവെളുത്ത കൊഴുത്തുയർന്നാരോഗ്യ-
മൂർത്തിമത്ഭാവമാം കംസദേഹം
കട്ടിയായ് കാരിരുമ്പാലേ ചമച്ചുള്ള
ചട്ടയിൽപ്പാടേ മറഞ്ഞിരുന്നു.
ആ വിധത്തിലെല്ലാം അതിഭീകരനായി ദർപ്പാന്ധനായി നിലകൊള്ളുന്ന കംസൻ്റെ മുമ്പിലേക്കാണ് വാടിക്കറുത്ത ഉടലിലെ വാരിയെല്ലാം ഉയർന്നുകാണുന്ന ഉണ്ണിക്കഷ്ണൻ്റെ പുറപ്പാട്. കൃഷ്ണവധത്തിനു് കംസനു് അചിരപ്രവർത്തനമേ വണ്ടിവന്നുള്ളു:
പെട്ടെന്നു കംസൻ്റെ പൊങ്ങും മുഴങ്കൈയ–
ക്കുട്ടിയെത്തട്ടിയുരുട്ടുകയായ്
യാന്ത്രികച്ചുറ്റികപോലൊരു ബൂട്ടൂസ്സ–
പ്പിഞ്ചുതലയ്ക്കുമേൽ താഴുകയായ്
മുട്ടയുടയുന്ന മാതിരി കൃഷ്ണൻ്റെ
മസ്തകം പൊട്ടിത്തകരുകയായ്
ഇത്തിരി ചോരയു,മിത്തിരി ചോറുമാ
മൃത്തിൽക്കുഴഞ്ഞു കുതിരുകയായ്.
ഈ ഘട്ടത്തിലും പതിവുപോലെ വാനത്തുനിന്നു പൂമഴയുണ്ടായി. അന്നന്നു വിജയിക്കുന്നതിനെ ആദരിക്കയും അഭിനന്ദിക്കയും ചെയ്യേണ്ടതു വാനവന്മാരുടേയും കടമയാണല്ലോ.
