പുതിയ തലമുറ
ഇടശ്ശേരി ഗോവിന്ദൻനായർ : തികഞ്ഞ കലാബോധത്തോടുകൂടിയാണു് ഗോവിന്ദൻനായർ കവിതയെഴുതുക. പ്രണയം തുടങ്ങിയ വിഷയങ്ങളാണു് ആദ്യകാലത്തു കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. വള്ളത്തോൾപ്രഭൃതികളെ അന്നു കൂടുതൽ അനുകരിച്ചിരുന്നെന്നു തോന്നുന്നു. ഇടശ്ശേരിയുടെ ആദ്യത്തെ സമാഹാരമായ ‘അളകാവലി’യിലെ മിക്ക കവിതകളും ഈ ഊഹത്തെ ബലപ്പെടുത്തുന്നവയാണു്. കാലോചിതമായ പരിവർത്തനം ഇടശ്ശേരിയുടെ പില്ക്കാലകൃതികളിൽ നമുക്കു കാണാം. അനുഭവസമ്പന്നമായ ജീവിതചിത്രങ്ങൾ വരച്ചു കാണിക്കുവാൻ കവി അതുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള വിരുതു ചെറുതൊന്നുമല്ല. ‘പുത്തൻകലവും അരിവാളും’ എന്ന സമാഹാരത്തിലെ ‘കല്യാണപ്പുടവ’ ഇവിടെ നിദർശനമായെടുക്കാം:
പാറുവെക്കാണുവാൻ കേളികേട്ട ഒരു കുടുംബത്തിലെ ചെക്കനായ കേളു കൂട്ടുകാരനോടുകൂടി വധൂഗൃഹത്തിൽ വന്നുചേർന്നു. അതിഥികളെ സ്വീകരിച്ച് ഇഷ്ടാന്നം നല്കി പാറുവിൻ്റെ മാതാവു സല്ക്കരിച്ചു. പക്ഷേ, വധുവിനെ കാണാൻ വന്നവർ അക്ഷമരായിത്തുടങ്ങി. ‘ഓമനപ്പുത്രിക്കുടുപ്പുടവയ്ക്കെങ്ങോ – തേടുവാൻ പോയിട്ടു് പിതാവ് ഇനിയും തിരിച്ചെത്തിയിട്ടില്ല. യാത്രപറയേണ്ട ഘട്ടമായി. കാത്തിടാൻ വയ്യ, വധുവെവിടെ? എന്നു ചോദ്യമായി. കീറിപ്പറിഞ്ഞ കഞ്ചുകവും, അരയിൽ ഈറനായ തറ്റുടുപ്പും മാത്രം ധരിച്ചിരുന്ന ആ ദരിദ്രകന്യക, കല്യാണപ്പുടവയില്ലാതെ എങ്ങനെ രംഗത്തു വരും?
കെട്ടിപ്പിടിച്ചു കരഞ്ഞുപോയ് തള്ളയും–കുട്ടിയും മിണ്ടാതടുക്കളയിൽ
ആയിരം ശാപം ശപിക്കയും ചെയ്തമ്മ–പോയാൽ വരാത്ത ഗൃഹാധിപനെ താനുടുത്തുള്ളൊരമ്മുട്ടുമറയാത്ത–ചാലിയത്തൊത്തിലും പുത്രിയിലും
മാറി മാറിക്കൊണ്ടു നോക്കിടും തോറുമേ–മൂകയായ് മൂഢയായ് നിന്നിതമ്മ.
തോഴരുടെ ചോദ്യം ആവർത്തിച്ചു. കാത്തിടാൻ വയ്യ. വധുവെവിടെ? അഭിമാന സംരക്ഷണമാണല്ലോ ജീവിതത്തേക്കാൾ വലുത്.
